പഴഞ്ചന്‍ ലിങ്കുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ഇനി മുന്നറിയിപ്പ് ലഭിക്കും

പഴയ വാര്‍ത്തകളും വിഡിയോകളും ഷെയര്‍ ചെയ്യുന്നതും അവ കാണുന്നതും വായിക്കുന്നതും പുതുമയല്ല. നമുക്കെല്ലാവര്‍ക്കും സംഭവിക്കുന്നതാണ്.  സുഹൃത്തോ  ബന്ധുവോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വാര്‍ത്തയുടെ ലിങ്ക് തുറന്നാലായിരിക്കും  അത് മൂന്ന് വര്‍ഷം മുമ്പ് എഴുതിയതാണെന്നും കാലഹരണപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നുതാണെന്നും അറിയുക. നെടവീര്‍പ്പിടുക മാത്രമേ നിര്‍വാഹമുള്ളൂ.
ഇതിനൊരു പരിഹാരവുമായി രംഗത്തെത്തിയിരിക്കയാണ് ഫേസ്ബുക്ക്.
ഇനി മുതല്‍ 90 ദിവസത്തില്‍ കൂടുതല്‍ പഴക്കമുള്ള ലേഖനം പങ്കിടുന്നതിന് മുമ്പ് അതു വേണോ എന്നു നമ്മളോട് ചോദിക്കും. ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സവിശേഷതയാണ് ഫേസ്ബുക്ക് പുറത്തിറക്കുന്നത്.
ഒരു പഴയ ലേഖനത്തിന്റെ ഷെയര്‍ ബട്ടനില്‍  ക്ലിക്കുചെയ്യുകയാണെങ്കില്‍ മുന്നറിയിപ്പ് പ്രത്യക്ഷപ്പെടും.  ചിലപ്പോള്‍ പഴയ വാര്‍ത്തകള്‍ ഇപ്പോഴും പ്രസക്തമായിരിക്കും.  അതുകൊണ്ട് മുന്നറിയിപ്പിലൂടെ ക്ലിക്കുചെയ്തതിനുശേഷം താല്‍പര്യമുണ്ടെങ്കില്‍ ഷയര്‍ ചെയ്യാന്‍ സാധിക്കും.
ഒരു ലേഖനത്തിന്റെ സമയ പരിധിയും എന്താണ് വായിക്കേണ്ടതെന്നും വിശ്വസിക്കേണ്ടതെന്നും ഷെയര്‍ ചെയ്യേണ്ടതെന്നും  തീരുമാനിക്കാന്‍ ആളുകളെ സഹായിക്കുന്ന സംവിധനാമാണിതെന്നും  നിലവിലെ സംഭവങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന പഴയ വാര്‍ത്തകളെക്കുറിച്ച് ആശങ്ക ഉയര്‍ന്നു വരാറുണ്ടെന്നും  ഫേസ്ബുക്ക് പറയുന്നു.
പലപ്പോഴും ലിങ്കുകള്‍ തുറന്നു വായിക്കുന്നവര്‍ അതിന്റെ തീയതി നോക്കാറില്ല. പുതിയ വിവരങ്ങളാണെന്നു കരുതി ആളുകള്‍ വിശ്വസിക്കുകയും ചെയ്യും.

 

Latest News