നാട്ടിലെത്തിയ പ്രവാസി തുടങ്ങിയത് ചാരായവാറ്റ്; പിടിയിലായി

തൃശൂര്‍- ചാലക്കുടി പാസ്‌കല്‍ റോഡില്‍ വാടക വീട് കേന്ദരീകരിച്ച് നടത്തിയിരുന്ന ചാരായവാറ്റ് പോലീസ് പിടികൂടി. കോടാലി സ്വദേശി പാറക്കുന്നേല്‍ ശ്രീകുമാറിനെ (38) അറസ്റ്റു ചെയ്തു.
50 ലിറ്റര്‍ ചാരായവും 700 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. 80 ലിറ്റര്‍ കൊള്ളുന്ന ഫര്‍ണസ്, വലിയ ഗ്യാസ് സ്റ്റൗവ്, ഗ്യാസ് സിലിണ്ടറുകള്‍, ചാരായം പകര്‍ത്തി കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു.

പാസ്‌കല്‍ റോഡില്‍ വിജനമായ പറമ്പിലുള്ള കെട്ടിടത്തിലാണ് ചാരായം വാറ്റ് നടത്തിയിരുന്നത്. പ്രതിമാസം 12,000 രൂപയ്ക്കാണ് ഈ കെട്ടിടം വാടകയ്‌ക്കെടുത്തത്.
ചാരായം കുപ്പികളിലാക്കി കാരിയര്‍ ബാഗിലാക്കി ചുമലില്‍ പകല്‍സമയത്ത് ബൈക്കില്‍ ചില്ലറ വില്‍പനക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു. നേരത്തെ കുവൈത്തില്‍ ജോലി ചെയ്തിരുന്ന ശ്രീകുമാര്‍ നാലു വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയതായിരുന്നു. വീടിന്റെ രണ്ടു നിലകളിലും ചാരായവും വാഷും സൂക്ഷിച്ചിരിക്കുകയായിരുന്നു. താഴത്തെ നിലയിലുള്ള അടുക്കളയിലാണ് ചാരായം വാറ്റ് നടത്തിയിരുന്നത്.

 

 

Latest News