- രണ്ടാം ഘട്ടത്തിൽ കേരളത്തിലും
ന്യൂദൽഹി - കോവിഡ് പ്രതിരോധ മരുന്ന് പരീക്ഷണത്തിന്റെ ആദ്യ ഘട്ടം രോഗ വ്യാപനം കുതിച്ചുയരുന്ന ദൽഹി, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ. മരുന്നു പരീക്ഷണ ഘട്ടത്തിലുള്ള റെംഡെസീവിറിന്റെ ആദ്യ ബാച്ചാണ് ഹൈദരാബാദിലെ മരുന്ന് കമ്പനിയായ ഹെറ്റെറോ അയച്ചത്. ആന്റിവൈറൽ മരുന്നായ റെംഡെസീവിർ രാജ്യത്ത് ഉൽപാദിപ്പിക്കാനും വിപണനം ചെയ്യാനും ഹെറ്റെറോക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
കോവിഫോർ എന്ന പേരിലാണ് മരുന്ന് വിപണനത്തിനെത്തുക. ആശപത്രികളിൽ നിന്നോ സർക്കാർ മുഖേനയോ മാത്രമേ കോവിഫോർ ലഭ്യമാകൂ. റീട്ടെയിൽ മെഡിക്കൽ സ്റ്റോറുകൾക്ക് ഈ മരുന്നു വിൽക്കാൻ അനുമതിയില്ലെന്ന് ഹെറ്റെറോ മാനേജിംഗ് ഡയറക്ടർ വാംസി കൃഷ്ണ ബാൻഡി അറിയിച്ചു. മഹാരാഷ്ട്ര, ദൽഹി, ഗുജറാത്ത്, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങൾക്കായി തുടക്കത്തിൽ 20,000 മരുന്നു കുപ്പികളാണ് നൽകിയത്.
മൂന്നാഴ്ചക്കിടെ ഒരു ലക്ഷം കോവിഫോർ മരുന്ന് കുപ്പികൾ നിർമിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. രണ്ടാം ഘട്ടത്തിൽ കേരളത്തിലെ കൊച്ചി, തിരുവനന്തപുരം നഗരങ്ങൾക്കു പുറമെ കൊൽക്കത്ത, ഇൻഡോർ, ഭോപാൽ, ലഖ്നൗ, പട്‌ന, ഭുവന്വേശ്വർ, റാഞ്ചി, വിജയവാഡ, ഗോവ എന്നീ നഗരങ്ങളിലേക്കും മരുന്ന് അയക്കുമെന്ന് കമ്പനി അറിയിച്ചു. ഹെറ്റെറോക്ക് പുറമെ സിപ്ലയും വൈകാതെ കോവിഡ് പ്രതിരോധ മരുന്ന് വിപണിയിൽ എത്തിക്കും. റെംഡെസീവിറിന്റെ യഥാർത്ഥ നിർമാതാക്കളായ അമേരിക്കൻ കമ്പനി ഗിലാഡുമായി സിപ്ല കരാറിലെത്തി. അടിയന്തര സാഹചര്യത്തിൽ കോവിഡ് രോഗിക്ക് ആറു മരുന്നു കുപ്പികളാണ് വേണ്ടിവരിക. 100 മില്ലിഗ്രാം വരുന്ന ഒരു കുപ്പിക്ക് 5400 രൂപയാണ് വില. സിപ്ല 5000 രൂപക്ക് താഴെ മരുന്ന് വിപണിയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ വിപണനത്തിന് സിപ്ലക്കും ഹെറ്റെറോക്കും ഡ്രഗ്‌സ് കൺട്രോളർ അനുമതി നൽകി.
അതിനിടെ, രാജ്യത്ത് 24 മണിക്കൂറിനിടെ 16,922 പേർക്കു കൂടി കോവിഡ് ബാധിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ കുറവാണിത്. 24 മണിക്കൂറിനിടെ 418 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 4,73,105 ലെത്തി. മരണ സംഖ്യ 14,894 ആയി.






