കോവിഡ്: പോലീസ് നടപടി ശക്തമാക്കും;  കൂട്ടം കൂടാൻ അനുവദിക്കില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം- കോവിഡിനെ പിടിച്ചുകെട്ടാൻ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും ജനങ്ങൾ കൂട്ടം കൂടാതിരിക്കാൻ പോലീസിനെ കൂടുതൽ രംഗത്തിറക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിന് സർക്കാർ പുതിയ ക്രമീകരകണങ്ങൾ ഏർപ്പെടുത്തി. കോവിഡ് രോഗികളുടെ എണ്ണമനുസരിച്ച് സജ്ജീകരണങ്ങൾ ഒരുക്കുന്നതിനായി പ്ലാൻ എ, ബി, സി എന്നിവ തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്ലാൻ എ പ്രകാരം കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 14 ജില്ലകളിലുമായി 29 കോവിഡ് ആശുപത്രികളും അവയോടു ചേർന്ന് 29 കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങളും ഉപയോഗിക്കും. ഇത്തരത്തിൽ സജ്ജമാക്കിയിട്ടുള്ള 29 കോവിഡ് ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് മാത്രമായി 8537 കിടക്കകളും 872 ഐ.സി.യു കിടക്കകളും 482 വെന്റിലേറ്ററുകളും നിലവിൽ തയാറാക്കിയിട്ടുണ്ട്. രോഗികൾ കൂടുന്ന മുറയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലെ കൂടുതൽ കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കും. കൂടാതെ രണ്ടാംനിര കോവിഡ് ആശുപത്രികളും തെരഞ്ഞെടുക്കും.
നിലവിൽ സജ്ജീകരിച്ചിട്ടുള്ള 29 കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുള്ള 3180 കിടക്കകളിൽ 479 രോഗികൾ ചികിത്സയിലുണ്ട്. ഇത്തരത്തിൽ പ്ലാൻ എ, ബി, സി എന്ന മുറയ്ക്ക് 171 കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി 15,975 കിടക്കകൾ കുടി സജ്ജമാക്കിയിട്ടുണ്ട്.


സാധ്യമായ എല്ലാ സൗകര്യങ്ങളും നൽകുക എന്നതാണ് സർക്കാർ സമീപനം. സർക്കാർ ചെലവിൽ ടെസ്റ്റിങ്, ക്വാറന്റൈൻ, ചികിത്സ എന്നിവയ്ക്കായി ആംബുലൻസുകളിൽ ആശുപത്രികളിൽ എത്തിച്ച ആളുകളുടെ എണ്ണം -ഏപ്രിൽ 7561, മെയ് 24,695, ജൂൺ 30,599 എന്നിങ്ങനെയാണ്. സംസ്ഥാനത്ത് പത്തു ലക്ഷം പേരിൽ 109 പേർക്കാണ് രോഗം. രാജ്യത്താകെ അത് 362 ആണ്. സംസ്ഥാനത്ത് മരണനിരക്ക് 0.6 ശതമാനമാണെങ്കിൽ രാജ്യത്തിന്റേത് 3.1 ശതമാനമാണ്. ടെസ്റ്റുമായി ബന്ധപ്പെട്ട് സാമ്പിൾ പോസിറ്റിവിറ്റി റേറ്റ് കേരളത്തിൽ 1.8 ശതമാനമാണ്. രാജ്യത്തിന്റേത് 6.2 ശതമാനം. ഇത് രണ്ടു ശതമാനത്തിൽ താഴെയാവുക എന്നതാണ് ആഗോള തലത്തിൽ തന്നെ രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. ഇവിടെയുണ്ടായ 22 മരണങ്ങളിൽ 20 ഉം മറ്റു ഗുരുതര രോഗങ്ങൾ ബാധിച്ചവരാണ്.  
ശാരീരിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന് പോലീസ് നടപടി ഊർജിതപ്പെടുത്തിയിട്ടുണ്ട്. കടകൾ, ചന്തകൾ മുതലായ സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങൾക്ക് അകത്തും ജനം കൂട്ടം കൂടുന്നത് അനുവദിക്കില്ല. സ്ഥാപനങ്ങൾ അണുവിമുക്തമാക്കണം. ഏറ്റവും കുറച്ച് ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ. നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ ഫോട്ടോയും മറ്റ് വിവരങ്ങളും പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിന് അയച്ചു നൽകാൻ പൊതുജനങ്ങൾ മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകളുടെ കാര്യത്തിൽ പരിഹാരം കണ്ടെത്താൻ ജനങ്ങളുടെ സഹകരണം ആവശ്യമാണ്. നിലവിൽ വളരെ ചുരുക്കം കേസുകളിലേ ഉറവിടം കണ്ടെത്താൻ സാധിക്കാതെ പോയിട്ടുള്ളൂ. നടത്തുന്ന യാത്രയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തി വെക്കാൻ എല്ലാവരും സന്നദ്ധരാവണം. 


ബ്രേക്ക് ദ ചെയിൻ ഡയറി സൂക്ഷിക്കണം. കയറിയ വാഹനത്തിന്റെ നമ്പർ, സമയം, സന്ദർശിച്ച ഹോട്ടലിന്റെ വിശദാംശങ്ങൾ, സമയം തുടങ്ങിയവ ഒരു പുസ്തകത്തിലോ ഫോണിലോ മറ്റോ രേഖപ്പെടുത്തി വെക്കണം. ഇതു രോഗബാധിതൻ സന്ദർശിച്ച സ്ഥലങ്ങൾ കണ്ടെത്താനും ആരൊക്കെ ആ സമയങ്ങളിൽ പ്രസ്തുത സ്ഥലങ്ങളിൽ ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാനും സഹായിക്കും. 
നിലവിലെ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ തുടർന്നാൽ പോലും, ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി നൽകുന്ന കണക്കുകൾ പ്രകാരം ഓഗസ്റ്റ് അവസാനത്തോടെ കേരളത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ആക്റ്റീവ് കേസുകളുടെ എണ്ണം വലുതാണ്. ഇത് നിലവിലുള്ള അവസ്ഥ വെച്ചുള്ള സൂചനയാണ്. അതിൽ കുറയാം, അല്ലെങ്കിൽ വർധിക്കാം. ശ്രദ്ധ പാളിയാൽ ഈ സംഖ്യ കൂടുതൽ വലുതാകും. അതുകൊണ്ട് നിയന്ത്രണങ്ങളെല്ലാം പാലിക്കാനും തീരുമാനങ്ങൾക്ക് ആത്മാർഥമായ പിന്തുണ നൽകാനും ജനങ്ങൾ ഓരോരുത്തരും സന്നദ്ധരാകണം. 

 

Latest News