Sorry, you need to enable JavaScript to visit this website.

കേരളവും വ്യത്യസ്തമല്ല

'ഓടയിൽനിന്ന് ഞാനന്ന് വാരിയെടുത്തത് ഒരു ജീവിതമായിരുന്നു. ലക്ഷ്മിക്കും അവളുടെ അമ്മക്കും അങ്ങനെ 
ഒരു ജീവിതം കിട്ടി. പക്ഷേ പപ്പുവിന് ആ ജീവിതം കിട്ടിയില്ല'. 

മലയാളം ഏറ്റവുമധികം വായിച്ച നോവലായ  കേശവദേവിന്റെ ഓടയിൽനിന്ന് എന്ന നോവലിലെ മുഖ്യ കഥാപാത്രമായ പപ്പു  മഴയിലുപേക്ഷിക്കപ്പെട്ട് അനാഥമായി കിടക്കുന്ന പഴയ റിക്ഷയുടെ ചാരെ നിന്ന് കമ്പിളി പുതപ്പ് പുതച്ച് ചുമച്ചുകൊണ്ട് പറയുന്നതാണിത്. ആ പപ്പുവിന്റെ അവസ്ഥയാണിപ്പോൾ പ്രവാസികൾക്ക്. ഇപ്പോൾ കാണുന്ന പപ്പു ആയിരുന്നില്ല പണ്ട് അയാൾ. തല ഉയർത്തിയും നെഞ്ചുവിരിച്ചും റിക്ഷ വലിച്ചിരുന്നു. കേരളത്തിന്റെ നഗരങ്ങളിലൂടെയും മുക്കുമൂലകളലൂടെയും റിക്ഷയുമായി അയാൾ തേരോട്ടം നടത്തിയിരുന്നു. ആരുമില്ലാത്ത പപ്പു, ഒന്നുമില്ലാത്ത പപ്പു. അയാൾ എല്ലാം നൽകി വളർത്തിയൊരു കുഞ്ഞുണ്ട്, ലക്ഷ്മി. അവൾക്കൊരു അമ്മയുണ്ട്. ആ അമ്മയോ മകളോ പപ്പുവിന് ഇന്ന് ആരുമല്ല. പക്ഷേ അയാൾക്കെല്ലാമാണ്. എന്നതുപോലെ പ്രവാസികളെ ഇന്ന് കേരളത്തിൽ ആർക്കും വേണ്ട. പക്ഷേ, അയാൾക്ക് എല്ലാമാണ് കേരളം. എന്നിട്ടും അവനു നേരേ കല്ലെറിയുന്നു. ആട്ടിപ്പായിക്കുന്നു. രോഗം പടർത്തുന്ന നികൃഷ്ട ജീവിയെന്ന് ആക്ഷേപിക്കുന്നു. വാഹനത്തിൽനിന്ന് ഇറങ്ങാൻ പോലും സമ്മതിക്കാതെ സ്വന്തം വീട്ടിലിൽ തല ചായ്ക്കാൻ അനുവദിക്കാതെ ആട്ടിയകറ്റാൻ മാത്രം ഇവരെന്ത് അപരാധമാണ് ചെയ്തത്? അപരിഷ്‌കൃതരെന്നും വിദ്യാഭ്യാസം ഇല്ലാത്തവരെന്നും ആക്ഷേപിച്ചിരുന്ന ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളിൽനിന്നുമായിരുന്നില്ല ഈ പ്രതികരണം. എന്തിനും കേരള മോഡൽ എന്ന് വീമ്പിളക്കി വമ്പത്തം പറഞ്ഞിരുന്ന മലയാളക്കരയിൽനിന്നുമാണ് ദുരിതകാലത്ത് നാടണയാൻ ചെന്ന പ്രവാസികൾക്കു നേരേയുണ്ടായ ഈ പേക്കൂത്ത്. ഒന്നല്ല, രണ്ടല്ല, കേരളത്തിന്റെ പല ഭാഗത്തും ഇതുണ്ടായി. ചിലയിടങ്ങളിൽനിന്ന് പ്രവാസികളെത്തിയതോടെ അയവാസികൾ ഒഴിഞ്ഞു പോയി. ഒരു കാലത്ത് പ്രവാസികൾ എത്തിയാൽ ഓടി അടുത്തിരുന്നവർ ഇന്ന് അകന്നു പോകാൻ കാരണമെന്താണ്?  മറ്റൊന്നുമല്ല, അവന്റെ കരങ്ങൾ ഇന്നു ശുഷ്‌കമാണ്. ശരീരം ദുർബലമാണ്. പരിമളം പരത്തുന്ന സെന്റുകൾക്കു പകരം അവന്റെ പെട്ടിയിലിന്ന് മുഷിഞ്ഞു നാറിയ വസ്ത്രങ്ങൾ മാത്രമാണുള്ളത്. അതുകൊണ്ട്  പപ്പുവിനെ പോലെ അവനെ ഇന്നു ആർക്കും വേണ്ട. 


ഇത്തരമൊരു അവസ്ഥ കേരളത്തിൽ ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു. ഇതിനു പ്രധാന കാരണം മനുഷ്യന്റെ സ്വാർഥതയാണ്. കഴിഞ്ഞതെല്ലാം മറുന്നുള്ള സ്വാർഥത. സ്വന്തത്തേക്കാൾ ഉപരി മറ്റൊന്നും ഇല്ലെന്ന ചിന്ത. അങ്ങനെ വരുമ്പോൾ അവിടെ ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും പ്രസക്തിയില്ലാതാവും. സ്‌നേഹമെന്ന വികാരം വിട്ടകന്നു പോകും. 
അതുകൊണ്ടാണല്ലോ ബന്ധുക്കളെ പോലും സ്വീകരിക്കാൻ വൈമനസ്യം കാണിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും വർണത്തിന്റെയും രോഗങ്ങളുടെയുമെല്ലാം പേരിൽ മനുഷ്യരെ വേർതിരിച്ചു കാണുകയും ആട്ടിപ്പായിക്കുകയും തച്ചുകൊല്ലുകയും ചെയ്യുന്ന ദുഃസ്ഥിതി മറ്റു സംസ്ഥാനങ്ങളിലും അപരിഷ്‌കൃത സൂഹത്തിനുമിടയിൽ കണ്ടപ്പോൾ നാം മൂക്കത്തു വിരൽ വെച്ചുപോയിട്ടുണ്ട്. ഇതൊക്കെ നടക്കുമോ എന്നായിരുന്നു അന്നു നമ്മുടെ ചോദ്യം. എന്നാൽ സ്വന്തം നാട്ടിൽ കൺമുൻപിൽ കണ്ടപ്പോൾ ആദ്യം അതു പലർക്കും വിശ്വസിക്കാനായില്ല. അനുഭവിച്ചറിഞ്ഞപ്പോഴാണ് അതിന്റെ കയ്പ് പലർക്കും മനസ്സിലായത്. പ്രവാസ ലോകത്തുനിന്ന് ചെല്ലുന്നവരെല്ലാം രോഗികളാണെന്ന കാഴ്ചപ്പാട് കേരളത്തിലെ എല്ലാവർക്കുല്ലെങ്കിലും കുറെ പേർക്കെങ്കിലും എവിടെ നിന്നു വന്നു? പുറത്തുനിന്നു വരുന്നവരുടെ മേൽ അനാവശ്യ ഭീതി സൃഷ്ടിച്ചതാരാണ്? 


ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന് കൈ കഴുകാനാവില്ല. മഹാരാഷ്ട്ര,  ഗുജറാത്ത്, ദൽഹി പോലുള്ള സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപകമാവാൻ തുടങ്ങിയപ്പോൾ കേരളം അതിൽനിന്നു വ്യത്യസ്തമായി രോഗ വ്യാപനത്തിൽ വളരെ പിന്നിൽ നിൽക്കുകയും ഒരു വേള ഒരു രോഗി പോലുമില്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. അഭിമാനകരമായ മുഹൂർത്തമായിരുന്നു അത.് ഇത്തരമൊരു വേളയിലാണ് പ്രവാസികളെ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്നും എത്ര പേർ വന്നാലും അവർക്കു വേണ്ട എല്ലാ സജ്ജീകരണങ്ങളും ചെയ്യുമെന്നും മുഖ്യമന്ത്രി വീമ്പു പറഞ്ഞത്. ലോക്ഡൗണിൽ മറ്റിടങ്ങളിൽനിന്ന് ആർക്കും കേരളത്തിലേക്ക് വരാൻ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു സർക്കാറിന്റെ ആ പ്രഖ്യാപനം. നോർക്കയിൽ നാലു ലക്ഷത്തോളം പേർ കേരളത്തിലേക്കു വരാനായി താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത് വിസ്മരിച്ചുകൊണ്ടായിരുന്നു അത്തരമൊരു വീരവാദം. 


കേരളത്തിനു പുറത്തുള്ളവർ കേരളത്തിലേക്കു വരുമെന്നും അപ്പോൾ രോഗികളുടെ എണ്ണം വർധിക്കുമെന്നുമുള്ള ഒരു ദൂരക്കാഴ്ചയും അതിനനുസൃതമായ പ്രഖ്യാപനവുമാണ് കേരളത്തിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നതെങ്കിൽ പ്രവാസികളോട് ഇന്നു രൂപപ്പെട്ട വിധത്തിലുള്ള വെറുപ്പും വിദ്വേഷവും ഉണ്ടാവില്ലായിരുന്നു.  പ്രവാസികൾ നാട്ടിലേക്കു വരാൻ തുടങ്ങിയതോടെ രോഗികളുടെ എണ്ണം കൂടാൻ തുടങ്ങിയത് സർക്കാറിനെ അസ്വസ്ഥമാക്കി. അപ്പോൾ നേരത്തേ പറഞ്ഞ പലതും വിസ്മരിച്ച് അവർ നാട്ടിലേക്കു വരേണ്ടതില്ലെന്നു പറയുന്നതിനു പകരം അവരുടെ യാത്രക്കു തടസ്സം സൃഷ്ടിക്കുന്ന പലവിധത്തിലുള്ള നീക്കങ്ങളും നടത്തി. പ്രത്യക്ഷത്തിൽ പ്രവാസികൾക്കൊപ്പമെന്ന് വരുത്തി ത്തീർക്കുകയായായിരുന്നുവെങ്കിലും പരോക്ഷമായി പ്രവാസികളുടെ വരവിന് തടസ്സം സൃഷ്ടിക്കുകയായിരുന്നു. പ്രവാസികളുടെ വരവിൽ സർക്കാറിനുണ്ടായ ആശങ്ക ജനങ്ങളിലും പ്രതിഫലിച്ചുവെന്നു വേണം പറയാൻ. അതുകൊണ്ടാണ് സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രവാസികൾക്കു നേരെ കല്ലേറുണ്ടായത്. കേരളത്തിലേക്ക് വന്ദേഭാരത് വിമാന സർവീസുകൾ വേണ്ടത്രയില്ലാതെ വന്നപ്പോൾ പ്രവാസികൾ മുറുമരുന്നെന്ന നിലയിലാണ് അധിക നിരക്ക് നൽകിയാണെങ്കിലും ചാർട്ടേഡ് സർവീസിനെ ആശ്രയിക്കാൻ തുടങ്ങിയത്. പ്രതീക്ഷകൾക്കുമപ്പുറം ചാർട്ടേർഡ് വിമാനങ്ങൾ എത്താൻ തുടങ്ങിയപ്പോൾ വീണ്ടും ആശയക്കുഴപ്പവും അതിനു തടയിടുകയെന്ന ലക്ഷ്യവുമായി നെഗറ്റീവ് സർട്ടിഫിക്കറ്റെന്ന നിബന്ധനയും സർക്കാർ കൊണ്ടുവന്നു. അതിനു തൊട്ടു മുൻപാണ് ക്വാറന്റൈൻ ഫീസിന്റെ കാര്യത്തിൽ സർക്കാറിന്റെ കൈ പൊള്ളിയത്. ഇപ്പോഴിതാ നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ കാര്യത്തിലും അതേ അവസ്ഥയുണ്ടായി. മുന്നോട്ടു വെച്ച കാൽ പിന്നോട്ടു വെച്ചിരിക്കുകയാണ്. ഇങ്ങനെ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടുവിചാരമില്ലാത്ത തീരുമാനങ്ങളിലൂടെ സർക്കാറിന് തരിച്ചടിയുണ്ടായി എന്നു പറയാതെ നിർവാഹമില്ല. ഇതു വഴി കോവിഡിനെ പ്രതിരോധിക്കുന്നതിലും ജനങ്ങൾക്ക് ആരോഗ്യ സുരക്ഷ ഒരുക്കുന്നതിലും മാതൃകാ പ്രവർത്തനം കാഴ്ചവെച്ച സർക്കാറിന്റെ പകിട്ടിനാണ് കോട്ടം സംഭവിച്ചത്. 


സർക്കാർ ലക്ഷ്യമിടുന്നത് എല്ലാവരുടെയും സുരക്ഷയാണ്. അതിൽ ആർക്കും തർക്കവുമില്ല, എതിർപ്പുമില്ല. പക്ഷേ അതിനായുള്ള നടപടിക്രമങ്ങളിൽ കുറേക്കൂടി കൂടിയാലോചനകളും ജനങ്ങളുടെ ഒന്നാകെയുള്ള സഹകരണവും തേടണമായിരുന്നു. എങ്കിൽ ഇത്തരം അബദ്ധങ്ങളും അനാവശ്യ വിവാദങ്ങളും ജനങ്ങൾക്കിടയിലെ ആശങ്കകളും ഒഴിവാക്കാൻ കഴിയുമായിരുന്നു. അനുഭവ പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോവുകയാണ് ഇനി ചെയ്യേണ്ടത്. കേരളത്തിന്റെ നട്ടെല്ല് പ്രവാസികളാണെന്നും അവർക്കു ഒരു പ്രയാസം ഉണ്ടാവുമ്പോൾ അവരോടൊപ്പം നിന്നുകൊണ്ട് അവർക്ക് ആശ്വാസം പകരലാണ് കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനുഗുണമെന്നുമുള്ള ചിന്ത എല്ലാവർക്കുമുണ്ടാവേണ്ടതുണ്ട്. 

 

Latest News