ന്യൂദല്‍ഹി- ഹൈദരാബാദ് ആസ്ഥാനമായ മരുന്ന് നിര്‍മാണ കമ്പനികളായ ഹെറ്റെറോയ്ക്ക് കോവിഡിനെതിരായ പരീക്ഷാത്മക മരുന്ന് റെംദേസിവിറിന്റെ ജനറിക് പതിപ്പ് നിര്‍മിക്കാനും വിപണനം നടത്താനും അനുമതി. മഹാരാഷ്ട്ര,ദല്‍ഹി അടക്കം കോവിഡ് വ്യാപനം അതിരൂക്ഷമായ അഞ്ച് സംസ്ഥാനങ്ങളിലേക്ക് 20,000 കുപ്പികളാണ് കമ്പനി അയച്ചിരിക്കുന്നത്. ഇന്ത്യയില്‍ കോവിഫോര്‍ എന്ന ബ്രാന്റിന്റെ പേരില്‍ വിപണനം ചെയ്യുന്ന മരുന്നിന്റെ ആദ്യബാച്ച് ലഭിക്കുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങള്‍ ഗുജറാത്തും തമിഴ്‌നാടുമാണ്. മരുന്നിന്റെ ഉല്‍പ്പാദകരുടെ ആസ്ഥാനമായ ഹൈദരാബാദിലും ഈ മരുന്ന് ലഭിക്കും.
100 മില്ലിഗ്രാം മരുന്നിന് വില 5,400 രൂപയാണ്. മൂന്നോ നാലോ ആഴ്ച കൊണ്ട് ഒരു ലക്ഷം കുപ്പി മരുന്നുകളായിരിക്കും ഉല്‍പ്പാദിപ്പിക്കുകയെന്ന് കമ്പനി അറിയിച്ചു. അടുത്ത ബാച്ച് മരുന്നുകള്‍ കൊല്‍ക്കത്ത,ഇന്‍ഡോര്‍,ഭോപ്പാല്‍,ലഖ്‌നൗ,പട്‌ന,ഭുവനേശ്വര്‍,റാഞ്ചി,വിജയവാഡ,കൊച്ചി,തിരുവനന്തപുരം,ഗോവ എന്നീ നഗരങ്ങളിലേക്കാണ് അയക്കുക.നിലവില്‍ ഹൈദരാബാദിലെ കമ്പനിയുടെ ഫോര്‍മുലേഷന്‍ സൗകര്യത്തിലാണ് മരുന്ന് നിര്‍മിക്കുന്നത്. എന്നാല്‍ ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഘടകങ്ങളുടെ നിര്‍മാണം വിശാഖപട്ടണത്തിലാണ് നിര്‍മിക്കുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാര്‍,ആശുപത്രികള്‍ മുഖേന മാത്രമേ നിലവില്‍ മരുന്നുകള്‍ ലഭിക്കുകയുള്ളൂ. റീട്ടെയില്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ഹെറ്റെറോ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി വംശി കൃഷ്ണ ബന്ദി അറിയിച്ചു.
ശക്തമായ പിന്നോക്ക സംയോജന ശേഷിയുടെ പിന്തുണയോടെ, രാജ്യമെമ്പാടുമുള്ള രോഗികള്‍ക്ക് ഉല്‍പ്പന്നം ഉടനടി ലഭ്യമാക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാക്കാന്‍ കഴിയും,'' ബന്ദി പിടിഐയോട് പറഞ്ഞു.
മറ്റൊരു പ്രമുഖ മരുന്ന് നിര്‍മാതാവായ സിപ്ലയും റെംദിസിവിറിന്റെ യഥാര്‍ത്ഥ നിര്‍മാതാവായ യുഎസ് കമ്പനി ഗിലിയാഡ് സയന്‍സസ് ഇന്‍കോര്‍പ്പറേഷനുമായി മരുന്ന് നിര്‍മാണത്തിനും വില്‍പ്പനയ്ക്കുമുള്ള കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. മരുന്ന് ഉല്‍പ്പാദിപ്പിച്ചാല്‍ 5000 രൂപയില് താഴെ വിലയ്ക്ക് ആളുകള്‍ക്ക് നല്‍കാനാകുമെന്നും സിപ്ല അറിയിച്ചു.സിപ്ലയും ഹെറ്റെറോയും നിര്‍മിക്കുന്ന ജനറിക് പതിപ്പുകള്‍ ഗുരുതരമായ കോവിഡ് കേസുകളില്‍ മാത്രം അടിയന്തര ഉപയോഗത്തിന് റഗുലേറ്ററി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്.