Sorry, you need to enable JavaScript to visit this website.

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം- നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. കോവിഡ് ടെസ്റ്റ്, പാലിക്കേണ്ട സുരക്ഷ എന്നിവ സംബന്ധിച്ച പുതിയ നിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. ടെസ്റ്റിന് സൗകര്യമുള്ള രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ നിര്‍ബന്ധമായും ടെസ്റ്റ് നടത്തിയിരിക്കണം. അതേസമയം സൗദി, കുവൈത്ത് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് പിപിഇ കിറ്റ് മതിയാകുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രതാ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ സംസ്ഥാന ആരോഗ്യ വിഭാഗത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പരിശോധനയ്ക്കു വിധേയരാകണം. രോഗലക്ഷണങ്ങളുള്ളവരെ മാറ്റിനിര്‍ത്തി കൂടുതല്‍ പരിശോധനക്കായി ആശുപത്രിയിലേക്കു മാറ്റും
വിദേശത്ത് ടെസ്റ്റിന് വിധേയരാകാത്ത യാത്രക്കാര്‍ രോഗലക്ഷണമില്ലെങ്കില്‍കൂടി ഇവിടെയെത്തുമ്പോള്‍ വിമാനത്താവളത്തില്‍ റാപ്പിഡ് ആന്റി ബോഡി ടെസ്റ്റ് നടത്തണം. പോസിറ്റീവാകുന്നവര്‍ ആര്‍ടി പിസിആര്‍, ജീന്‍ എക്‌സ്പ്രസ്, ട്രൂനാറ്റ് ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റ് റിസള്‍ട്ട് എന്തായാലും എല്ലാ യാത്രക്കാരും 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കണം.
എല്ലാ രാജ്യങ്ങളില്‍നിന്നുള്ളവരും എന്‍ 95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്. കൈയ്യുറ എന്നിവ ധരിക്കണം. കൈകള്‍ അണുവിമുക്തമാക്കാന്‍ സാനിറ്റൈസര്‍ ഉപയോഗിക്കണം.

സൗദി അറേബ്യയില്‍നിന്ന് വരുന്നവര്‍ എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, കയ്യുറ എന്നിവയ്ക്കുപുറമെ പി.പി.ഇകിറ്റ് ധരിച്ചിരിക്കണം.

കുവൈത്തില്‍നിന്ന് ടെസ്റ്റ് നടത്താതെ വരുന്നവര്‍ പി.പി.ഇ കിറ്റ് ധരിക്കണം. വിമാനത്താവളത്തില്‍ എത്തിയാല്‍ ടെസ്റ്റിന് വിധേയരാകണം.
ഖത്തറില്‍നിന്ന് ഇഹ്‌തെറാസ് എന്ന മൊബൈല്‍ ആപില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്കാണ് യാത്രാനുമതി. ഇവിടെയെത്തുമ്പോള്‍ കോവിഡ് ടെസ്റ്റിന് വിധേയരാകണം.
യുഎഇയില്‍നിന്ന് വരുന്നവര്‍ക്ക്  കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് വേണം. രാജ്യത്തിന് പുറത്തേക്ക് വിമാനമാര്‍ഗം പോകുന്ന എല്ലാവരെയും യുഎഇ ആന്റിബോഡി ടെസ്റ്റ് നടത്തുന്നുണ്ട്.  
ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ എന്‍ 95, ഫെയ്‌സ് ഷീല്‍ഡ്, കയ്യുറ എന്നിവ നിര്‍ബന്ധമായും ധരിക്കണം. സാനിറ്റൈസര്‍ കരുതണം.

 

Latest News