പ്രവാസികൾക്ക് ഒരു സഹായവും നൽകാതെ  നോർക്ക നോക്കുകുത്തിയായി  -ദമാം യു.ഡി.എഫ് 

ദമാം - നോർക്ക സംവിധാനം നോക്കുകുത്തിയായി മാറിയെന്നും പ്രവാസികൾക്ക് നോർക്കയുടെ ഭാഗത്തുനിന്നും യാതൊരു സഹായവും ലഭിച്ചില്ലെന്നും യു ഡി എഫ് കിഴക്കൻ പ്രവിശ്യാ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. ദമാമിൽ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ രൂപീകരിച്ച പൊതു വേദിക്കു നോർക്ക ഹെൽപ്പ് ഡെസ്‌ക് എന്ന പേരിട്ടു എന്നല്ലാതെ ഒരു റിയാലിന്റെപോലും സാമ്പത്തിക സഹായം നോർക്കയുടെയോ കേരള സർക്കാരിന്റെയോ ഭാഗത്തുനിന്നും ലഭിച്ചില്ലെന്നും നോർക്ക ഹെൽപ്പ് ഡസ്‌ക്ക് ഭാരവാഹികൾ കൂടിയായ യു ഡി എഫ് നേതാക്കൾ പറഞ്ഞു. 
നിതാഖാത് സമയത്ത്  അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെയും പ്രവാസികാര്യ മന്ത്രി കെ സി ജോസഫിന്റെയും നേതൃത്വത്തിൽ ആയിരത്തോളം സൗജന്യ ടിക്കറ്റുകൾ നൽകി പ്രവാസികളെ നാട്ടിലെത്തിച്ച ചരിത്രമുണ്ട്. അന്ന് നോർക്ക പ്രതിനിധികൾ നേരിട്ട് ദമാമിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. 


പ്രവാസികൾ ഇത്രയേറെ ബുദ്ധിമുട്ടിലൂടെ കടന്നുപോകുമ്പോൾ സംഘടനാ പ്രതിനിധികളുടെയോ നോർക്ക ഹെൽപ്പ് ഡസ്‌ക്ക് പ്രതിനിധികളുടെയോ ഒരു യോഗം പോലും വിളിക്കാൻ സർക്കാറോ നോർക്കയോ തയ്യാറായിട്ടില്ല എന്നതും പ്രതിഷേധാർഹമാണ്. ദമാമിൽ നൂറുകണക്കിന് ആളുകൾക്ക്  വിവിധ സ്ഥാപനങ്ങളുടെയും  സുമനസ്സുകളുടെയും സഹകരണത്തോടെ സഹായം എത്തിച്ചത്  വിവിധ സംഘടനകളുടെ കൂട്ടായ്മകളാണ്. ഇത്തരം സഹായങ്ങളെ തങ്ങളുടെ  ലേബലിലാക്കി മാറ്റുക മാത്രമാണ് നോർക്ക ചെയ്തത്. നോർക്കയുടെ പേരിൽ ഒരു ചാർട്ടേഡ് വിമാന സർവീസ്‌പോലും നടത്തുവാൻ കഴിഞ്ഞിട്ടില്ല. പ്രവാസികളുടെയും സർക്കാരിന്റെയും സമ്പത്ത് കൊള്ളയടിച്ചു ജീവിക്കുന്ന  വെള്ളാനകളാണ് നോർക്കയിലുള്ളതെന്നും യു ഡി എഫ് ദമാം കമ്മിറ്റി ആരോപിച്ചു. 


പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ ചാർട്ടേഡ് വിമാനങ്ങളുടെ അനുമതിക്കായി ശ്രമം നടത്തുമ്പോൾ അതിനെ തുരങ്കം വെക്കുന്ന നടപടിയിൽ നിന്നും സർക്കാരും നോർക്കയും പിൻവാങ്ങണം. ഗൾഫ് മേഖലയിൽ കോവിഡ് മൂലം മരണപ്പെടുന്നവരുടെ കുടുംബത്തിന് സാമ്പത്തിക സഹായമുൾപ്പെടെയുള്ള പുനരധിവാസ പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും യു ഡി എഫ് കിഴക്കൻ പ്രവിശ്യാ കമ്മിറ്റി നേതാക്കൾ അഭ്യർത്ഥിച്ചു. യു ഡി എഫ് നേതാക്കളായ അഹമ്മദ് പുളിക്കൽ, ഖാദർ ചെങ്കള, ബിജു കല്ലുമല, മുഹമ്മദ് കുട്ടി കോഡൂർ, ആലിക്കുട്ടി ഒളവട്ടൂർ, ഇ കെ സലിം, സി പി ഷെരീഫ്, ഹനീഫ് റാവുത്തർ, മാമു നിസാർ, റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്ര മോഹൻ, ഷിഹാബ്  കായംകുളം എന്നിവർ പങ്കെടുത്തു.

 

Latest News