തിരുവനന്തപുരം- പ്രവാസികളെ കർശനമായി നിയന്ത്രിക്കുന്നത് വിമാനയാത്രകൾ കോവിഡ് വ്യാപിപ്പിക്കുമെന്ന പഠനങ്ങൾ കണക്കിലെടുത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഹൈ റിസ്‌ക് പ്രൈമറി കോണ്ടാക്ട് തടയണമെന്നും ഇതിലൂടെയുള്ള മരണനിരക്ക് കൂടുതലാണെന്നും വിമാനയാത്രകൾ അതിന് കാരണമാകുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നതും കണക്കിലെടുത്താണ് വിദേശത്ത് നിന്ന് യാത്ര പുറപ്പെടും മുൻപ് തന്നെ സ്‌ക്രീനിംഗ് വേണമെന്ന് തീരുമാനിച്ചത്. സംസ്ഥാനം ഇതുവരെ കർക്കശമായ നിലപാടെടുത്തു. ഇനിയും തുടരും. യാഥാർഥ്യങ്ങൾ ആരെങ്കിലും മൂടിവെച്ചാൽ ഇല്ലാതാകില്ല. 90 ശത മാനം കോവിഡ് കേസുകളും വിദേശത്ത് നിന്നോ അന്യസംസ്ഥാനത്ത് നിന്നോ വന്നവ യാണ്. 69 ശതമാനവും വിദേശത്ത് നിന്ന് വന്നവരിലാണ്. വിദേശത്തെ ആരോഗ്യ സംവിധാനത്തിൽ നമുക്കിടപെടാൻ സാധിക്കില്ല. നമ്മുടെ ഇടപെടലിന്റെ ആദ്യപടി യാത്ര തിരിക്കും മുൻപുള്ള സ്‌ക്രീനിംഗാണ്. ഇത് നടത്തിയില്ലെങ്കിൽ യാത്രാ വേളയിൽ കൂടുതൽ പേർക്ക് രോഗം ബാധിക്കും. പ്രവാസി കേരളീയരുടെ ജീവൻ അപകടത്തിലാവും. ആദ്യ ഘട്ടത്തിൽ കേരളത്തിലേക്ക് എത്തിച്ചവരിൽ 45 ശതമാനം പേർ ഗർഭിണികളും വയോജനങ്ങളും കുട്ടികളും മറ്റ് രോഗാവസ്ഥ ഉള്ളവരുമായിരുന്നു. ഇവരുടെ ജീവൻ രോഗികൾക്കൊപ്പം യാത്ര ചെയ്താൽ അപകടത്തിലാവും. സാധാരണ ഗതിയിൽ ഇത് അനുവദിക്കാനാവില്ല.
യാത്ര തടയാതെയും നീട്ടിവെപ്പിക്കാതെയും നാട്ടിലെത്തിക്കാനാണ് സർക്കാർ തുടക്കം മുതൽ ശ്രമിച്ചത്. കേന്ദ്ര സർക്കാരുമായും എംബസികളുമായും ബന്ധപ്പെട്ടു. ഈ മാസം 20 മുതൽ യാത്രക്കാർക്ക് ടെസ്റ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചു. അത് പ്രായോഗികമായില്ല. അഞ്ച് ദിവസം സമയം ദീർഘിപ്പിച്ചു. വിദേശ മന്ത്രാലയം ഇട പെട്ട് തീരുമാനത്തിലെത്താനാവുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. വിമാന യാത്രക്കാരെ ടെസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ എംബസികളോട് ബന്ധപ്പെട്ടു.
തിരികെ വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും നാട്ടിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഓരോ ഘട്ടത്തിലും നടപടിയെടുത്തു. ഇന്ന് മുതൽ സ്വകാര്യ വിമാനങ്ങളും ചാർട്ടേർഡ് വിമാനങ്ങളും വന്ദേ ഭാരത് വിമാനങ്ങളും വരുമ്പോൾ നടപടിയെടുക്കും. ടെസ്റ്റ് സൗകര്യമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ ടെസ്റ്റ് നടത്താൻ പരമാവധി ശ്രമിക്കണം. 72 മണിക്കൂറായിരിക്കും ഇതിന്റെ സാധുത. എല്ലാ യാത്രക്കാരും കോവിഡ്-19 ജാഗ്രതാ സൈറ്റിൽ വിവരം രേഖപ്പെടുത്തണം. എത്തുന്ന വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കോൾ അനുസരിച്ച് സ്‌ക്രീനിംഗിന് വിധേയരാകണം.
രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. വിദേശത്ത് ടെസ്റ്റിന് വിധേയമാകാത്ത എല്ലാ യാത്രക്കാരും, അവർക്ക് രോഗലക്ഷണം ഇല്ലെങ്കിലും വിമാനത്താവളത്തിൽ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് വിധേയരാകണം. പോസിറ്റീവാകുന്നവർ കൂടുതൽ ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റ് ഫലം എന്തായാലും യാത്രക്കാർ സർക്കാർ നിർദേശ പ്രകാരം 14 ദിവസം ക്വാറന്റൈനിൽ പോകണം. എല്ലാ രാജ്യത്ത് നിന്ന് വരുന്നവരും എൻ-95 മാസ്‌ക്, ഫെയ്‌സ് ഷീൽഡ്, കയ്യുറ എന്നിവ ധരിക്കണം. സാനിറ്റൈസർ ഇടക്കിടക്ക് ഉപയോഗിക്കണം.






