Sorry, you need to enable JavaScript to visit this website.

ചില വാക്കുകളും 'ആയ'മാരും

'ഉരുവിട്ട വാക്കും പുറപ്പെട്ട അസ്ത്രവും' തിരിച്ചുപിടിക്കാൻ കഴിയില്ല എന്നൊരു ചൊല്ലുണ്ട്. 'ആറ് മലയാളികൾക്ക് നൂറു മലയാളം' എന്നു മറ്റൊരു ചൊല്ലുമുണ്ട്. വടകര സ്വദേശിയുടെ മലയാളമല്ല പിണറായി ദേശക്കാരുടേത്. പിണറായി സഖാവ് വടകര മുല്ലപ്പള്ളിയെന്ന പരമ്പരാഗത വൈരിയെ മലർത്തിയടിക്കാൻ വൈകിട്ട് ആറു മണിക്കുള്ള പത്രസമ്മേളനത്തെ 'ഗോദ'യാക്കി. സഖാവ് വളരെ കഷ്ടപ്പെട്ടു നിയന്ത്രിക്കുന്നതു കാണുമ്പോൾ പ്രേക്ഷകരുടെ 'കൺട്രോള്' വിട്ടു പോകും. കോവിഡിനു മൂന്നാം സ്ഥാനം നൽകി, അദ്ദേഹം കഥകളും ഉപകഥകളുമായി കാടുകയറി പതുങ്ങിയിരിക്കുന്ന മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും വെടിവെച്ചു വിരട്ടുന്നു. പാവം മുല്ലപ്പള്ളി! തോളിൽ 'പാമ്പിൻകൂട'യും കൈയിൽ 'മകുടി'യുമായി നടന്നു പോരുന്ന ഒരു പാവം പാമ്പാട്ടിയാണ് കെ.പി.സി.സി പ്രസിഡന്റ് എന്ന് അറിയാത്തവരില്ല. അദ്ദേഹം ഇന്ദിരാ ഭവനിലെത്തി കഷ്ടിച്ച് ആസനസ്ഥനാകുമ്പോൾ 'പാമ്പു വേലായുധൻ' 'സർപ്പയജ്ഞ'ത്തിന് കസേരയിൽ കയറി ഇരിക്കുന്ന പ്രതീതിയാണ്. അത് പിണറായി സഖാവിനും അറിയാം. ജന്മവൈരിയെ ഒതുക്കാൻ ഇതു തന്നെ സുവർണാവസരം (പി.എസ്. ശ്രീധരൻപിള്ള 'ആപത്തുകാല' ത്തെ വിശേഷിപ്പിച്ചിരുന്ന പദം) എന്നു കണ്ടു കിട്ടിയ ആയുധങ്ങളെല്ലാമെടുത്ത് അഭ്യാസം തുടങ്ങി.


രാജകുമാരി, റാണി എന്നീ പദങ്ങൾ ഉപയോഗിച്ച് ഒരു വനിതാ സഖാവായ മന്ത്രിയെ വിമർശിച്ചത് ഈ ലോകത്ത് ആരും ക്ഷമിക്കില്ല. മുല്ലപ്പള്ളി എം.ജി. ആറിന്റെയും പി.യു. ചിന്നപ്പയുടെയും എം.കെ. ത്യാഗരാജ ഭാഗവതരുടെയും സിനിമകൾ കണ്ടശേഷം, പിന്നീട് തിയേറ്റിൽ കയറി കണ്ടിട്ടില്ലാത്തതിന്റെ ദോഷമാണത്. അക്കാലത്ത് മിന്നിത്തിളങ്ങുന്ന പദങ്ങളായിരുന്നു അവ. ഒരു ഇടതു തൊഴിലാളി വർഗ സഖാവിന്റെ ഭാവിയെ തകർക്കാൻ ഇത്തരം വിശേഷണങ്ങൾ ധാരാളം മതി.


പോളിറ്റ് ബ്യൂറോ അങ്ങുമിങ്ങുമൊക്കെയായി ഇരുന്ന് ഓൺലൈനിൽ അടുത്ത യോഗം ചേർന്നാലോ? ആദ്യം ശൈലജ സഖാവിനോടു ചോദിക്കാൻ ഇടയുള്ളതും മേൽപടി വിഷയം തന്നെ. ഈയിടെയായി പ്രതിച്ഛായ വർധിപ്പിക്കുന്നതിന് ഓരോ നേതാവും ചില്ലറ 'പി.ആർ വർക്കുകൾ ചെയ്യുന്നുണ്ട്. വനിതാ സഖാവും അത്തരം 'പാർലമെന്ററി വ്യാമോഹ'ത്തിൽ  വീണുപോയോ? ഒരേ നാട്ടുകാരായതിനാൽ മുല്ലപ്പള്ളിയുടെ സഹായം തേടിയിരുന്നുവോ? ഭാവിയിൽ പാർട്ടിക്കകത്ത് കണ്ണൂർ ജില്ലയെ പിന്തള്ളി കോഴിക്കോടിന് മുന്നേറുവാനുള്ള ഗൂഢാലോചന നടത്തിയിരുന്നുവോ?- എന്നൊക്കെ പി.ബി. ചർച്ച ചെയ്‌തേക്കാം. ഓൺലൈൻ ചർച്ചയായതിനാൽ ഉച്ചയൂണ് ഇല്ല. ചർച്ച ചൂടുപിടിക്കുമെന്നും നീണ്ടുപോകുമെന്നും ഭയപ്പെടേണ്ടതുമില്ല.


ഇതൊക്കെയാണെങ്കിലും മുല്ലപ്പള്ളി കേരള രാഷ്ട്രീയത്തിനു സംഭാവന ചെയ്ത 'റോക്ക് സ്റ്റാർ' എന്താണെന്ന് ശരിക്കും പിടികിട്ടാത്തവരുടെ എണ്ണം കോവിഡ് വ്യാപനത്തെ വെല്ലുകയാണ്. പ്രസ്താവനയിൽ അദ്ദേഹം ഉറച്ചു തന്നെ നിൽക്കുന്നു. 'മർക്കട മുഷ്ടി' എന്നും ഇതിനു പേരുണ്ട്. മുസ്‌ലിം ലീഗ് സെക്രട്ടറി മജീദ് സാഹിബ് മാത്രം അതിൽ 'ഒരു അപാകത' കണ്ടെത്തി സ്ഥലം വിട്ടു. മറ്റു കക്ഷികൾ' നട്ടുച്ചയ്ക്ക് ഇരുട്ട്' എന്ന സിനിമാപ്പേരിനെ ഓർമിപ്പിക്കുന്നവിധത്തിൽ തപ്പിനടക്കുന്നു. കേരളത്തിലെ വനിതാ നേതാക്കൾ ഒന്നൊന്നായി ഉറക്കമെണീറ്റു വരുന്നതേയുള്ളൂ. പാവം മുല്ലപ്പള്ളി ദില്ലിക്കുള്ള വിമാനടിക്കറ്റ് തരപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ്. 'എനിക്കു ഞാൻ സ്വന്തം' എന്ന സിനിമാപ്പേര് ഇടയ്ക്കിടെ ഉരുവിടുന്നുമുണ്ട് എന്നും കേൾക്കുന്നു. ദില്ലിയിൽ വീടുണ്ടെങ്കിൽ ഭാഗ്യം!

 

****                 ****                                 ****

കാര്യങ്ങൾ ഭംഗിയായി വളരെ വേഗം ചെയ്യുന്ന ആൾ എന്നാണ് 'റോക്ക് സ്റ്റാർ' എന്ന വാക്കിന്റെ അർഥം എന്ന് മറുപടി പറയേണ്ട ആൾ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് മുല്ലപ്പള്ളിക്കേസ് കെട്ടടങ്ങിയെന്നു പറയാം. വെട്ടിലായത് ഇടതുപക്ഷമാണ്. വെട്ടിലാക്കിയോ, മറ്റൊരുമല്ല ആരോഗ്യമന്ത്രി ശൈലജ സഖാവു തന്നെ. പ്രാരംഭത്തിൽ ലേഖകൻ സംശയിച്ച ഗൂഢാലോചനക്കേസിന് ഇപ്പോൾ ഗൗരവമേറുന്നു. മുല്ലപ്പളളിയെ തിരുത്താൻ താൻ തയാറല്ലെന്നുകൂടി വനിതാമന്ത്രി പറയുമ്പോൾ, മറ്റു സ്ത്രീപക്ഷവാദികൾ തലയിൽ മുണ്ടും ഷാളും സാരിയുമൊക്കെ മൂടി അകത്തളങ്ങളിലേക്കു മടങ്ങുന്നതു കാണാൻ രസമുണ്ട്. അവർ രണ്ടുപേരും നാട്ടുകാരല്ലേ?

****                                           ****                     ****


ഒ.എൻ.വിയുടെ 'പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളേ' എന്നു തുടങ്ങുന്ന നാടകഗാനത്തിൽ പോലുമുണ്ട് പാർട്ടി പ്രചാരണം. രാഷ്ട്രീയത്തിമിരം കൊണ്ടു കണ്ണുകാണാത്തവർക്കു അന്ന് ശസ്ത്രക്രിയ നടത്താനുള്ള പുരോഗതിയൊന്നുമുണ്ടായില്ല. പക്ഷേ കാതുകൾക്ക് യാതൊരു തകരാറുമില്ലായിരുന്നുവെന്നാണ് ഗ്രാമഫോണിന്റെയും കാസറ്റുകളുടെയും വിൽപനയുടെ ചരിത്രം. വർഗവിരോധികൾ ബൂർഷ്വാ, പെറ്റിബൂർഷ്വാ- തുടങ്ങിയവർഗങ്ങൾ പോലും രഹസ്യമായി നാടക ഗാനങ്ങൾ കേട്ട് മയങ്ങിയിരുന്നു. അക്കാലം പോയി. പൊന്നാരിവാളുകൊണ്ട് നെൽക്കുലകൾ അറുത്തുകൂട്ടുന്നതു കാണണമെങ്കിൽ 'ആണ്ടിലൊരിക്കലോ ആവണിക്ക് ഒരിക്കലോ' കുട്ടനാട്ടും പാലക്കാട്ടുമൊക്കെ പോയി കണ്ണാടി വെച്ചു നോക്കണമെന്നായി. എന്നിട്ടും അരിവാൾ തേഞ്ഞില്ല. തുരുമ്പെടുത്തതുമില്ല. പക്ഷേ, മലപ്പുറം മൂത്തേടത്ത് മാർക്‌സിസ്റ്റു പാർട്ടിയുടെ അനന്തരവന്മാരും അവകാശികളുമായ 'ഡിഫി'ക്കാർ അതിനെ വിശേഷിപ്പിച്ചതു കേട്ടാൽ ബൂർഷ്വായല്ല, സാക്ഷാൽ പി. കൃഷ്ണപിള്ളയും സുഗതൻ സഖാവും പോലും ഞെട്ടിത്തരിച്ചുപോകും. ഭാഗ്യം അവർ നേരത്തേയങ്ങുപോയി!


മുത്തേടത്ത് ഇളയതലമുറ വിളിച്ചു പറഞ്ഞത്. കണ്ണൂരിൽ ഷുക്കൂറിനെ കൊന്ന പൊന്നരിവാൾ അറബിക്കടലിൽ കളഞ്ഞിട്ടില്ല' എന്നത്രേ! എന്തൊരു സാഹിത്യം! രൂപകം, രൂപം അവസാനമായി രൂപ! ഈ ജാഥയ്ക്ക് പിന്നിലും അതു തന്നെയല്ലേ സഖാവേ! പാർട്ടിയുടെ കൂടെ നിന്നാൽ എന്തു ചെയ്താലും സംരക്ഷിക്കും. എതിർത്താലോ- 'തല അരിയും' എന്നു ഷൊർണ്ണൂരിലെ പൂവൻകോഴി സഖാവു പറഞ്ഞില്ലെങ്കിലും, ധ്വനിപ്പിച്ചു. പൂവൻ സഖാവ് കൊളുത്തിക്കൊടുത്ത 'പന്ത'മാണെന്നു തോന്നുന്നു മൂത്തേടത്തെ ചിന്ന സഖാക്കളുടെ കൈകളിൽ. ഇഷ്ടമല്ലാത്ത ചിലരെയൊക്കെ ചന്ദ്രനിൽ പോയി താമസിച്ചു കൊള്ളുവാൻ ആജ്ഞാപിച്ച ബി.ജെ.പി സെക്രട്ടറി ഗോപാലകൃഷ്ണനെപ്പോലെ ആകാമായിരുന്നു. ഒന്നുമില്ലേലും, നാടുവിടാനുള്ള രാജകൽപനയാണെന്നല്ലേ നാട്ടാര് ധരിക്കൂ.... ലോക തൊഴിലാളി പ്രസ്ഥാനം കൈയിലെന്തുന്ന അരിവാളെടുത്ത് അതിൽ സ്വർണം പതിപ്പിച്ച് പൊന്നരിവാളാക്കിയ ശേഷം തലകൊയ്യാനിറങ്ങുന്നതും നാണക്കേടു തന്നെ. എന്നും മരിക്കാൻ വേണ്ടി ഇരുപക്ഷത്തും ചാവേറുകൾ ഉണ്ടാകുമെന്നു കരുതുന്നത് നമുക്ക് ഭൂഷണമല്ലെന്നു യുവരാജാക്കന്മാരായ സഖാക്കൾ മറന്നുപോയതാണോ? അതോ, ഈ കൈവിളി ചില മാസങ്ങളിൽ ഇളകി പുറത്തു ചാടുന്ന അസുഖമാണോ? വെളുത്ത വാവിനു ചില രോഗങ്ങൾ മൂർഛിക്കുമെന്നു കേട്ടിട്ടുണ്ട്. വാവിന് അഞ്ചു ദിവസം മുമ്പേ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമത്രേ! 'ആസ്ത്മാ വലിവുള്ള' രോഗികളെ കണ്ടാൽ അപ്പോൾ തിരിച്ചറിയാം. മൂത്തേടത്ത് അത്തരം രോഗങ്ങൾ പടർന്നു തുടങ്ങിയോ?


പക്ഷേ കഴിഞ്ഞ 21 ഞായറാഴ്ച കറുത്തവാവു ദിവസമായിരുന്നു. രാഷ്ട്രീയ രോഗത്തിന് കറുത്ത വാവെന്നോ വെളുത്ത വാവെന്നോ ഉള്ള ഭേദമില്ലായിരിക്കാം. ഏതായാലും ചികിത്സ അടിയന്തിരമായി വേണം. മനുഷ്യരുടെ തല കൊയ്യാനുള്ളതല്ല പാർട്ടിയുടെ അരിവാൾ! പ്രീ പ്രൈമറി കുട്ടികൾക്ക് 'ആയ'മാർ നൽകുന്ന സേവനം തോറ്റുപോകും, കോൺഗ്രസ് എമ്മെല്ലേമാർക്ക് കെ.സി. വേണുഗോപാലിനെപ്പോലുള്ള നിരീക്ഷകർ നൽകുന്ന പരിരക്ഷ. രാജസ്ഥാനിലെ എമ്മെല്ലേമാരെ തട്ടിക്കൊണ്ടുപോകാൻ കുതിരവണ്ടികളും പടക്കുതിരകളുമായി മോഡി- ഷാ- നദ്ദമാർ എത്തിയിട്ടുണ്ടെന്നു കേട്ടു. ആ നിമിഷം സോണിയാജി വേണുഗോപാൽജിയെ വിളിച്ചുണർത്തി കാര്യം ഏറ്റെടുക്കാനാവശ്യപ്പെട്ടു. ഫലമോ? ഒന്നിനും രണ്ടിനും മൂന്നിനും പുറത്തുപോകേണ്ട ആവശ്യമില്ലാത്ത വിധം എമ്മെല്ലേമാരെ സുരക്ഷിത കിറ്റുകളിലാക്കി, റിസോർട്ടുകളിൽ എത്തിച്ചു. ഇനി ഈ യുഗത്തിൽ എപ്പോഴെങ്കിലും കേന്ദ്രത്തിലോ കേരളത്തിലോ അധികാരത്തിൽ എത്തിയാൽ കീർത്തിമുദ്രയോ, പത്മശ്രീയോ ഏതാണെന്നു വെച്ചാൽ തരം പോലെ, ആദ്യം സമ്മാനിക്കുന്നത് തന്റെ തോഴനായ വേണുവിനായിരിക്കും എന്ന് ചെന്നിത്തല ഉറപ്പു നൽകിയതായാണ് വിവരം.

വേണുവിന്റെ ഈ ഭാഗ്യത്തിൽ ഉത്തരേന്ത്യൻ ലോബി ആകപ്പാടെ അസൂയാകലുഷിതമായി ഉറക്കം നഷ്ടപ്പെട്ട് അലയുകയാണത്രേ! പ്രായം 93 കഴിഞ്ഞ ജനതാദൾ നേതാവ് ദേവഗൗഡ രാജ്യസഭയിലേക്ക് ജയിച്ച്, രണ്ടുമൂന്നു പേരുടെ സഹായത്തോടെ കയറി. എൺപത്തിയഞ്ചു കഴിഞ്ഞ മല്ലികാർജുനൻ ഖാർഗെ മാത്രമാണ് കോൺഗ്രസിൽനിന്നും നടന്നും ഇരുന്നും ഇഴഞ്ഞും ചെന്നെത്തിയത്. അദ്ദേഹത്തിന് 35 വയസ്സേയുള്ളൂ രേഖകളിൽ എന്നത്രേ വേണുഗോപാൽ പ്രചരിപ്പിച്ചത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബി.ജെ.പി മന്ത്രിമാർ കുതിര-കാള- കഴുതക്കച്ചവടത്തിനു ചെന്നിറങ്ങുമ്പോഴൊക്കെ, 'ആയ'യുടെ വേഷമെടുത്തിട്ടുകൊണ്ട് വേണുഗോപാൽ പ്രത്യക്ഷപ്പെടണമെന്ന് എ.ഐ.സി.സി ഓൺലൈനായി തീരുമാനിച്ചിട്ടുണ്ട്.

Latest News