മൂന്നാഴ്ച ശ്വാസകോശ രോഗത്തിന് ചികിത്സ, സാമ്പിള്‍ ടെസ്റ്റ്‌ മരണശേഷം; തിരുവനന്തപുരത്ത് കോവിഡ് രോഗിയുടെ മരണത്തില്‍ ആശുപത്രികള്‍ക്ക് ഗുരുതര വീഴ്ച

തിരുവനന്തപുരം- ജില്ലയില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അടക്കമുള്ള ആശുപത്രികളിലെ അധികൃതര്‍ക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്ന് ജില്ലാ കളക്ടര്‍.വഞ്ചിയൂര്‍ സ്വദേശി രമേശിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കണ്ടെത്തല്‍. ശ്വാസകോശ രോഗം ബാധിച്ച് മെയ് 23 മുതല്‍ 28വരെ രമേശന്‍ തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വീട്ടിലേക്ക് തിരികെ കൊണ്ടുപോകയി. വീണ്ടും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 10ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ജൂണ്‍ 12ന് അദ്ദേഹം മരിക്കുകയായിരുന്നു. രമേശന്റെ മരണശേഷമാണ് അധികൃതര്‍ കോവിഡ് പരിശോധന നടത്തിയത്. കോവിഡ് വൈറസ് ബാധയുടെ പ്രധാനലക്ഷണങ്ങളില്‍ ഒന്നായ ശ്വാസകോശ സംബന്ധിയായ അസുഖം ബാധിച്ചിട്ടും അതുവരെ കോവിഡ് പരിശോധന നടത്താതിരുന്ന ആശുപത്രികളോട് വിശദീകരണം ചോദിച്ചതായും എന്നാല്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും ജില്ലാകളക്ടര്‍ അറിയിച്ചു.

ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. രമേശന് എവിടെ നിന്നാണ് വൈറസ് ബാധിച്ചതെന്നോ അദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയോ ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം തയ്യാറാക്കാന്‍ സാധിക്കാത്തതും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
 

Latest News