ലോകത്തിലെ ഏറ്റവും പഴക്കമുളള ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന അമേരിക്കയുടെ ഭൂമികയിൽ നിന്നാണ് ഞാനീ കത്തെഴുത്തുന്നത്. കൊറോണ വൈറസ് പടർന്നുപിടിച്ചതിന്റെ ആദ്യനാളുകൾ മുതൽ ഞാനിവിടെ എത്തിയിരുന്നു. ഒരു വികസിത രാജ്യത്തിന്റെ സകലമാന സംവിധാനങ്ങൾ ഉണ്ടായിട്ടും കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിലും ചികിൽസാ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിലും ഈ രാജ്യം പരാജയപ്പെട്ടു. അത് വെളിപ്പെടുത്തുന്നതാണ് ഒന്നേകാൽ ലക്ഷം പേർ മരിച്ചതും, ഇരുപത്തിമൂന്ന് ലക്ഷം പൗരൻമാർക്കു കൊറോണ പോസിറ്റീവ് ആയി മാറിയതും. വിടുവായത്തം വിളിച്ചു കൂവുന്ന റൊണാൾഡ് ട്രംപ് എന്ന ഭരണാധികാരിയുടെ പരാജയമായി മാത്രമേ ലോകം ഈ വിപത്തിനെ വിലയിരുത്തുകയുള്ളൂ, അല്ലാതെ രോഗപ്രതിരോധ സംവിധാനങ്ങളുടെ കുറവുകൊണ്ടോ, ടെക്‌നോളജിയുടെ അഭാവം കൊണ്ടോ, പണത്തിന്റെ ലഭ്യത ഇല്ലാത്തതുകൊണ്ടോ അല്ല.
അതേസമയം ചൈനയിലെ വുഹാനിൽ ഈ രോഗം പൊട്ടിപ്പുറപ്പെട്ട നാൾമുതൽ സകല മുൻകരുതലുകളും കൈകൊണ്ടു പ്രതിരോധ നടപടികൾ സ്വീകരിച്ച അങ്ങും, ശൈലജ ടീച്ചറും, കേരള സർക്കാരും നമ്മുടെ ഇത്തിരി സൗകര്യങ്ങളിൽ നിന്നുകൊണ്ടു ആവുന്ന വിധത്തിലൊക്കെ കേരളത്തിന്റെ വാതായനങ്ങൾക്കു താഴിട്ട് പൂട്ടിയതിനാൽ ഈ മഹാരോഗത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനും, മേത്തരം ചികിൽസാ സംവിധാനം ഒരുക്കി ബഹുഭൂരിപക്ഷം ആളുകളെയും രോഗമുക്തരാക്കാനും കഴിഞ്ഞു. രോഗം കുറഞ്ഞ, മരണങ്ങൾ നാമമാത്രമായ ഒരു സംസ്ഥാനമായി ലോകത്തിന്റെ മുമ്പിൽ നമ്മൾ അഭിമാനത്തോടെ 'കേരള മോഡേൽ' പറഞ്ഞു തുടങ്ങി. നിങ്ങളോടൊപ്പം മുൻനിരയിൽ നിന്നു പോരാടിയ ആരോഗ്യ പ്രവർത്തകരോടും, പോലീസ് സേനയോടും കേരളജനത എന്നും കടപ്പെട്ടിരിക്കുന്നു. അതോടൊപ്പം കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികളെ ഹൃദയത്തോട് ചേർത്തു പിടിച്ചു അവരിൽ രോഗലക്ഷണമുള്ളവരെ സർക്കാർ ഒരുക്കിയ പട്ടുമെത്തയുടെ ക്വാറന്റൈൻ സൗകര്യമൊരുക്കി മാറ്റിപ്പാർപ്പിച്ചു കൊണ്ടു അവർക്കു മറ്റെവിടുന്നും കിട്ടാത്ത സ്‌നേഹവും, പരിരക്ഷയും നൽകി ഒരച്ഛനെ പോലെ, ജ്യേഷ്ഠസഹോദരനെപ്പോലെ നിങ്ങൾ പ്രവാസികൾക്കു പ്രിയപ്പെട്ട മുഖ്യമന്ത്രിയായി വാഴ്ത്തപ്പെട്ടു.
കറുത്തവനെയും വെളുത്തവനെയും വേർതിരിച്ചു ചികിൽസിക്കുന്ന, ഭരണകൂടം അനുശാസിക്കുന്ന തുല്യനീതി നടപ്പിലാക്കാൻ ഒരുവേള മടിച്ച് നിൽക്കുന്ന ഈ നാട്ടിൽ വർണ വിവേചനത്തിന്റെ പേരിൽ കൊറോണയാൽ മരിച്ചവരിൽ ഭൂരിഭാഗവും കറുപ്പൻമാരായിരുന്നു എന്ന സത്യം എല്ലാവർക്കും അറിയാം. ജോർജ്ജ് ഫ്‌ളോയ്ഡ് എന്ന കറുത്ത ആഫ്രിക്കൻ അമേരിക്കനെ ശ്വാസം മുട്ടിച്ചു കൊന്നതു തൊലിയുടെ നിറം കറുപ്പായത് കൊണ്ടായിരുന്നു. ഇതിവിടെ പറയാൻ കാരണം ഈ വികസിത രാജ്യത്ത് വിവേചനവും അനീതിയും നിത്യ സംഭവമാണെന്ന് വ്യക്തമാക്കാനാണ്.
പക്ഷേ, നമ്മുടെ നാട് അങ്ങനെയല്ല. പ്രത്യേകിച്ച് അങ്ങയുടെ ഭരണത്തിൽ നാട്ടുകാരും പ്രവാസികളും ഒരു പോലെ സന്തുഷ്ടരായിരുന്നു. എന്നാൽ ഈയിടെ അങ്ങ് കൈക്കൊണ്ട ചില തീരുമാനങ്ങളിൽ അനീതിയുടെയും നീതി നിഷേധത്തിന്റെയും സ്‌നേഹക്കുറവിന്റെയും ലാഞ്ഛനകൾ വന്നുചേർന്നോ എന്നു ഞാൻ സംശയിക്കുന്നു. അങ്ങയെ പോലെ, കാതങ്ങൾക്കപ്പുറത്തെ ഗൾഫിലെ പ്രവാസികൾ അനുഭവിക്കുന്ന യാതനകളും വേദനകളും അവരുടെ കണ്ണുനീരും നേരിട്ട് കാണാൻ എനിക്കും സാധിക്കുന്നില്ല. എന്നാൽ നാലു പതിറ്റാണ്ട് കാലം അവിടെ ജീവിച്ച പ്രവാസി എന്ന ഒറ്റക്കാരണത്താൽ അവരുടെ വേദനയും രോദനവും, നൊമ്പരവും എന്റേതുകൂടിയാണെന്ന് ഞാൻ അറിയുന്നു. ഒരു വ്യത്യാസം ഞാൻ മനസ്സിലാക്കുന്നു. അങ്ങക്ക് എന്നെപ്പോലെ നേരിൽ കാണാനും മനസ്സിലാക്കാനും സാധിക്കുന്നില്ലെങ്കിലും ഒരു ഭരണത്തിന്റെ സകല സംവിധാനവും ഉപയോഗിച്ച് അവരുടെ ഹൃദയസ്പന്ദനങ്ങൾ അനുനിമിഷം അറിയാൻ സാധിക്കുന്നുണ്ട്. അവരുടെ വാവിട്ട നിലവിളിയും, കണ്ണുനീരിന്റെ ചൂടും അറിയാൻ കഴിയും. അവരുടെ വിശപ്പിന്റെ കാഠിന്യവും വിരഹവേദനയും മനസ്സിലാക്കാൻ കഴിയും. 'എനിക്കു ശ്വാസംമുട്ടുന്നു' എന്ന മരണ വെപ്രാളത്തിന്റെ അവസാന വാക്കുകൾ അങ്ങക്ക് കേൾക്കാനാവും.
പ്രിയപ്പെട്ട മുഖ്യമന്ത്രി, അങ്ങ് അവരെ സഹായിക്കണം, അവർക്ക് ആരുമില്ല. അങ്ങയിലാണവർ അഭയം തേടുന്നത്. അങ്ങയുടെ കാരുണ്യത്തിനാണവർ അഭ്യർഥിക്കുന്നത്. ആ ഊഷര ഭൂമിയിൽ മരിച്ചു വീഴും മുമ്പേ അവരെ അവരുടെ സ്വന്തക്കാരെ ഏൽപ്പിക്കണം. ഒരു കുടുംബ നാഥന്റെ സ്ഥാനത്തുനിന്ന് അവരെ സ്വീകരിക്കണം. ലോകത്തിലൊരിടത്തും നടപ്പിലില്ലാത്ത യാത്രയ്ക്ക് മുമ്പുള്ള കോവിഡ്19 ടെസ്റ്റ് ഒഴിവാക്കണം. ഗൾഫ് വിമാനങ്ങൾ അടക്കം കൂടുതൽ സർവീസുകൾ ആരംഭിക്കണം. കോവിഡ് പോസറ്റീവ് ആയവർക്ക് പ്രത്യേക വിമാനം എന്ന സർക്കാരിന്റെ തീരുമാനം കൂടുതൽ അപകടത്തിലേക്കായിരിക്കും എത്തിച്ചേരുക. അത്തരം ഒരു 'കോവിഡ് പോസിറ്റീവ്' വിമാനം പറത്താൻ ലോകത്തിൽ ഏതെങ്കിലും വിമാനകമ്പനികൾ മുന്നോട്ട് വരുമോ? ഏതെങ്കിലും വൈമാനികനോ, മറ്റു വിമാന ജീവനക്കാരോ തയ്യാറാവുമോ. അവർ കയറിവരുന്നതും വന്നിറങ്ങുന്നതുമായ എയർപോർട്ടിലെ ജീവനക്കാർ അവരെ സഹായിക്കുമോ?
ഏകദേശം 300ഓളം വിദേശ മലയാളികളാണ് കണ്ണുചിമ്മി തുറക്കുന്ന നേരംകൊണ്ടു മരിച്ചു വീണത്. അതിൽ 277ഉം ഗൾഫിൽ നിന്നാണ്. അവരൊക്കെ ഓരോ കുടുംബത്തിന്റെയും അത്താണിയും ആശ്രയവുമായിരുന്നു. അതുകൊണ്ട്, അങ്ങ് കണ്ണു തുറക്കൂ, പ്രവാസികളെ സഹായിക്കാൻ അ ങ്ങല്ലാതെ മറ്റാരാണുളളത്? അങ്ങയുടെ ഒരു ഒപ്പിലാണ് ഇനി പ്രവാസികളുടെ ജീവൻ തുടിക്കുന്നത്.
ഇങ്ങനെ ഒരു കത്തെഴുതാൻ ഞാനാരുമല്ലെന്ന് എനിക്കു തന്നെ അറിയാം, അതിനുള്ള യോഗ്യതയോ, അർഹതയോ എനിക്കില്ലന്നും അറിയാം. പക്ഷേ ഗൾഫിലെ പരശ്ശതം മലയാളികളുടെ രോദനങ്ങൾ കേട്ടതുകൊണ്ടു മാത്രം എഴുതിപ്പോയതാണ്. അങ്ങ് എന്നോടു ക്ഷമിക്കണം, പൊറുക്കണം. മറ്റുവിധത്തിൽ ഈ കുറിപ്പിനെ വ്യാഖ്യാനിക്കരുത്. എനിക്കിവിടെ ഒരു മേൽവിലാസവുമില്ല. ഞാൻ ഇവിടുത്തുകാരനുമല്ല. ഒരു സന്ദർശകനായി എത്തിയതാണ്. കൊറോണ എന്നെയും ഇവിടെ പൂട്ടിയിട്ടു. എനിക്കും നാടണയണം. പക്ഷേ പറക്കാൻ എനിക്കു ചിറകുകളില്ലെന്ന സത്യം ഞാനും തിരിച്ചറിയുന്നു.
സസ്‌നേഹം, ആദരവോടെ,
ഹസ്സൻ തിക്കോടി.






