തിരുവനന്തപുരം-വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സ്‌ക്രീനിങ് വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ പ്രവാസികളെ പ്രകോപിപ്പിക്കാനും സര്‍ക്കാരിനെതിരെ രോഷം സൃഷ്ടിക്കാനും ചിലര്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി. മടങ്ങിവരാന്‍ താല്‍പ്പര്യമുള്ള പ്രവാസികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുമെന്നും സൗകര്യം ഒരുക്കുമെന്നും കേരള സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ തന്നെ പറഞ്ഞിരുന്നു. ഈ നിമിഷം വരെ കേരള സര്‍ക്കാര്‍ ഒരു വിമാനത്തിന്റെ യാത്രയും മുടക്കിയിട്ടില്ല. ഒരാളുടെ വരവിനെയും തടഞ്ഞിട്ടുമില്ല.
72 വിമാനങ്ങള്‍ ഇന്നത്തെ ദിവസം മാത്രം കേരളത്തില്‍ വരാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 14058 ആളുകള്‍ തിരിച്ചുവന്നു. ഒന്നൊഴികെ ബാക്കിയുള്ള എല്ലാ വിമാനങ്ങളും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. നമ്മുടെ പ്രവാസികള്‍ നാട്ടിലെത്തണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇത്രയും വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയത്. ഇതുവരെ 540 വിമാനങ്ങളും മൂന്ന് കപ്പലുകളുമാണ് സംസ്ഥാനത്ത് എത്തിയത്.
ഇതില്‍ 335 ചാര്‍ട്ടേഡ് വിമാനങ്ങളാണ് വന്നത്. 1114 വിമാനങ്ങള്‍ക്ക് ആകെ അനുമതി നല്‍കിയിട്ടുണ്ട്. ജൂണ്‍ 30 വരെ 462 ചാര്‍ട്ടേഡ് വിമാനങ്ങളാണ് സംസ്ഥാനത്തെത്തുക. വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നുണ്ട്. ഗുരുതരമായ അസുഖങ്ങള്‍ ഉള്ളവര്‍ ഉള്‍പ്പെടെ എല്ലാവരെയും ചികിത്സിച്ച് ഭേദമാക്കുന്നുണ്ട്. പ്രവാസികള്‍ എപ്പോള്‍ തിരിച്ചെത്തിയാലും ചികിത്സ നല്‍കും. വിദേശത്ത് മരിച്ച പ്രവാസികള്‍ യാത്ര മുടങ്ങിയത് കൊണ്ടല്ല മരിച്ചത്. അതത് രാജ്യങ്ങളില്‍ ലഭ്യമായ ചികിത്സ ഇവര്‍ക്കൊക്കെ ലഭിച്ചിട്ടുണ്ട്.
എന്നാല്‍ നാട്ടിലെത്തിക്കാന്‍ ഇനിയും എത്ര പേര്‍ മരിക്കണമെന്ന വിധത്തിലാണ് ചി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. കേരളത്തില്‍ അതത് രാജ്യങ്ങളില്‍ അരക്ഷിതരാണെന്ന് പ്രചരിപ്പിക്കുമ്പോള്‍ അവിടെ ജീവിക്കുന്നവരെ അത് ഏത് വിധത്തില്‍ ബാധിക്കുമെന്ന് അവര്‍ ചിന്തിച്ചിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.കുത്തിത്തിരുപ്പിന് അതിര് വേണം. എന്ത് തരം മനോനിലയാണ് ഇങ്ങിനെ പ്രചരിപ്പിക്കുന്നവരുടേതെന്ന് ചിന്തിക്കണം. ആരുടെയും അശ്രദ്ധ കൊണ്ടല്ല മരണങ്ങള്‍ സംഭവിച്ചത്. വിമാനങ്ങളും യാത്രാ മര്‍ഗങ്ങളും ഇല്ലായിരുന്നുവെന്നും ലോക്ക്ഡൗണായിരുന്നുവെന്നും ഓര്‍മ വേണം. മരണം വേദനാജനകമാണ്. അതിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നത് കോവിഡിനേക്കാള്‍ മാരകമായ രോഗബാധയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.