പെണ്‍കുട്ടിയെ ശല്യം ചെയ്തു; ഗുണ്ടാനേതാവിനെ കുത്തിക്കൊന്ന പ്രതികള്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി- നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവിനെ നടുറോഡില്‍ വെച്ച് പരസ്യമായി കുത്തിക്കൊന്ന കേസിലെ പ്രതികള്‍ കുടുങ്ങി. കുണ്ടറ സ്വദേശികളായ പ്രജീഷ്,ബിന്റോ സാബു എന്നിവരെയാണ് കൊച്ചിയിലെ എളമക്കരയില്‍ വാഹന പരിശോധനക്കിടെ പോലിസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ സക്കീര്‍ബാബുവിനെ നടുറോഡിലിട്ട് കുത്തിക്കൊന്നത്.

ഇവര്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസ് പറയുന്നത്. പ്രജീഷിന്റെ ബന്ധുവായ പെണ്‍കുട്ടിയെ സക്കീര്‍ബാബു ശല്യം ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രജീഷിനെ സക്കീര്‍ബാബുവും സംഘവും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചിരുന്നു. ഈ കേസില്‍ റിമാന്റിലായ സക്കീര്‍ ബാബു മൂന്ന് മാസത്തിന് ശേഷം  ജാമ്യത്തിലിറങ്ങി

. തുടര്‍ന്ന് ഇയാള്‍ വീണ്ടും പ്രജീഷിനെ ജിംനേഷ്യത്തില്‍ കയറി മര്‍ദ്ദിച്ചു.ഈ കേസിലും ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി സക്കീര്‍ പുറത്തിറങ്ങിയ ശേഷം പ്രജീഷിനെ വീണ്ടും ആക്രമിക്കുകയായിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് വിവരം.പ്രതികളെ കുണ്ടറി പോലിസിന് കൈമാറി.

Latest News