തിരുവനന്തപുരം- ഓഫീസ് യാത്രകൾക്ക് സ്ഥിരമായി ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നവരെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി.
സർക്കാർ ഉദ്യോഗസ്ഥരെയും സ്വകാര്യ മേഖലയിലും മറ്റും സ്ഥിരമായി ജോലിക്ക് പോകുന്നവരെയും ഉദ്ദേശിച്ച് ബോണ്ട് ( ബസ് ഓൺ ഡിമാൻഡ്) പദ്ധതിയാണ് കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസ് ഉടന്‍ ആരംഭിക്കും.
നെയ്യാറ്റിൻകര, നെടുമങ്ങാട് എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരം നഗരത്തിനുള്ളിലെ സെക്രട്ടേറിയേറ്റ്, പബ്ലിക് ഓഫീസ്, ജലഭവൻ, ഏജീസ് ആഫീസ്, പി.എസ്.സി ആഫീസ്, വികാസ് ഭവൻ, നിയമസഭാ മന്ദിരം, മെഡിക്കൽ കോളേജ്, ശ്രീചിത്ര, എസ്.എ.ടി ആശുപത്രി, ആർ.സി.സി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉദ്ദേശിച്ച് ആണ് നോൺ സ്റ്റോപ്പ് സർവ്വീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നത്.
ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇരുചക്രവാഹനങ്ങൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതാണ് പദ്ധതിയുടെ സവിശേഷത.
യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പായിരിക്കും. അവരവരുടെ ഓഫീസിന് മുന്നിൽ ബസ്സുകൾ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതാണ്. ഈ സർവീസുകളിൽ 5,10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂറായി അടച്ച് യാത്രക്കുള്ള സീസൺ ടിക്കറ്റുകൾ ഡിസ്കൗണ്ടോടു കൂടി കൈപ്പറ്റാവുന്നതാണ്.
നെയ്യാറ്റിൻകരയിൽ നിന്നും നെടുമങ്ങാട് നിന്നും ആരംഭിക്കുന്ന സർവ്വീസുകൾക്ക് നിശ്ചയിച്ചിരിക്കുന്ന നിരക്കുകൾ ഒരു ദിവസം - 100 രൂപ, 5 ദിവസം - 500 രൂപ, 10 ദിവസം - 950 രൂപ, 15 ദിവസം - 1400 രൂപ, 20 ദിവസം - 1800 രൂപ, 25 ദിവസം - 2200 രൂപ എന്നിങ്ങനെയാണ്.
സ്ഥിരമായി നഗരത്തിരക്കിലൂടെ സ്വന്തം വാഹനം ഓടിച്ച് ഓഫീസിലെത്തുന്നതിന്റെ പ്രശ്നങ്ങളും അതുവഴി ഉണ്ടായേക്കാവുന്ന സ്പോണ്ടലൈറ്റിസ്, നടുവേദന തുടങ്ങിയ രോഗങ്ങളും ഇതുവഴി ഉദ്യോഗസ്ഥർക്ക് ഒഴിവാക്കാനാകുമെന്നാണ് കെ.എസ്.ആർ.ടി.സി അവകാശപ്പെടുന്നത്.






