ജിദ്ദ- കേരള സർക്കാരിന്റെ ഗൾഫ് പ്രവാസികളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും, കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ അത്യാവശ്യമായി നാട്ടിലെത്തേണ്ട പ്രവാസികളെ തടഞ്ഞുനിർത്തുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും പ്രവാസി യു ഡി എഫ് ജിദ്ദാ കമ്മിറ്റി സംഘടിപ്പിച്ച ഓൺ ലൈൻ പ്രതിഷേധയോഗം അഭിപ്രായപ്പെട്ടു. വിദേശത്ത് നിന്നുവന്ന 72000ത്തോളം പ്രവാസികളിൽ ആയിരത്തോളം പേർക്ക് കോവിഡ് പോസിറ്റീവ് വന്നു എന്ന പേരിൽ ഗൾഫ് പ്രവാസികളെ മാത്രം ക്രൂശിക്കുന്ന നടപടി പ്രതിഷേധാർഹമാണ്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ഉപവാസ സമരത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രവാസി യു ഡി എഫ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. സൗദിയിലെ പ്രത്യേക സാഹചര്യങ്ങൾ മനസിലാക്കാതെ മൊത്തം ഗൾഫിലേക്കുള്ള നിയമങ്ങൾ കൊണ്ടുവരുമ്പോൾ ഇവിടത്തെ സംഘടനാ നേതാക്കളോടെങ്കിലും കൂടിയാലോചന നടത്തണമായിരുന്നുവെന്നും യോഗം ആവശ്യപ്പെട്ടു. വന്ദേഭാരത് മിഷനിൽ വിമാന സർവീസ് അനുവദിക്കാതെയും ചാർട്ടർ വിമാനങ്ങൾക്ക് പലവിധ നിർബന്ധനകൾ കൊണ്ടുവന്നു പ്രയാസപ്പെടുത്തുകയും ചെയ്യുന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവാസി ദ്രോഹ നിലപാടുകളുടെ സമാനതയാണ് കാണിക്കുന്നത് എന്നും പ്രതിഷേധ യോഗം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.
ഒ ഐ സി സി റീജണൽ പ്രസിഡണ്ട് കെ ടി എ മുനീർ അധ്യക്ഷത വഹിച്ചു. കെ എം സി സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് വി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അഹമ്മദ് പാളയാട് മുഖ്യപ്രഭാഷണം നടത്തി. ചെമ്പൻ അബ്ബാസ്, റഷീദ് കൊളത്തറ, മാമദു പൊന്നാനി, നൗഷാദ് അടൂർ, ശ്രീജിത്ത് കണ്ണൂർ, അലി തെക്കുതോട് പ്രസംഗിച്ചു. സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും നാസിമുദ്ദീൻ മണനാക് നന്ദിയും പറഞ്ഞു.






