ചെന്നൈ- രാജ്യത്ത് കോവിഡ് ബാധിതരില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത് അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇന്ന് മാത്രം 2,516 കോവിഡ് കേസുകളാണ് തമിഴ്‌നാട്ടില്‍ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 64,603 ആയി ഉയര്‍ന്നുവെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.ഇന്ന് മാത്രം 39 പേര്‍ക്കാണ് വൈറസ് ബാധ കാരണം ജീവന്‍നഷ്ടമായത്. പുതിയ റിപ്പോര്‍ട്ടോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 833 ആയി ഉയര്‍ന്നു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ പത്ത് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. നിലവില്‍ 28,428 കോവിഡ് രോഗികളാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. അതേസമയം 35,339 രോഗികള്‍ വൈറസില്‍ നിന്ന് മുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്.ഇന്ന് മാത്രം വൈറസ് പരിശോധനാഫലം നെഗറ്റീവായത് 1,227 പേര്‍ക്കാണ്.
സംസ്ഥാനത്ത് ചെന്നൈയാണ് ഏറ്റവും കൂടുതല്‍ വൈറസ് രോഗികളുള്ള നഗരം. 24 മണിക്കൂറിനിടെ 1,380 പേര്‍ക്ക് ചെന്നൈയില്‍ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ മാത്രം 44,205 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു.ഇവരില്‍ 39,897 പേര്‍ പുരുഷന്മാരും 24,686 പേര്‍ സ്ത്രീകളുമാണ്.