ലണ്ടൻ- റോഹിങ്ക്യൻ മുസ്ലിം അഭയാർത്ഥികളോടുള്ള മ്യാന്മർ നേതാവ് ഓങ് സാൻ സൂചിയുടെ സമീപനത്തിൽ ലോകത്തൊട്ടാകെ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിൽ ഓക്‌സഫെഡ് സർവകലാശാലയിൽ സ്ഥാപിച്ചിരുന്ന അവരുടെ ചിത്രം നീക്കം ചെയ്തു. സൂചി ബിരുദ പഠനം നടത്തിയ സർവകലാശാലയിലെ സെന്റ് ഹഫ്‌സ് കോളെജിലെ മുഖ്യകവാടത്തിൽ അവരോടുള്ള ആദരസൂചനകമായി സ്ഥാപിച്ചിരുന്ന ചിത്രമാണ് നീക്കിയത്. 1967ലാണ് ഇവിടെ സൂ ചി പഠിച്ചത്. 1999ലാണ് ഇവരുടെ കൂറ്റൻ ഛായാചിത്രം മുഖ്യകവാടത്തിൽ തന്നെ സ്ഥാപിച്ചത്.
ചിത്രകാരൻ ചെൻ യാനിങ് 1997ൽ വരച്ച ഈ ചിത്രം സൂചിയുടെ ഭർത്താവും ഓക്‌സ്‌ഫെഡ് പ്രൊഫസറുമായിരുന്ന മൈക്കൽ ആറിസിന്റേതായിരുന്നു. ആറിസിന്റെ മരണ ശേഷം ചിത്രം കോളെജിന് നൽകി. 'കൊളജിനു സമ്മാനമായി ലഭിച്ച പുതിയൊരു ഛായാചിത്രം ഇവിടെ പ്രദർശിപ്പിക്കും. ഓങ് സാൻ സൂചിയുടെ ചിത്രം ശേഖരത്തിലേക്കു മാറ്റി' എന്നു മാത്രമാണ് കോളെജ് അറിയിപ്പിൽ പറയുന്നത്.
ചിത്രം നീക്കിയതിനു പിന്നിലെ യഥാർത്ഥ കാരണം ഇപ്പേഴും അവ്യക്തമാണ്. പുതിയ അക്കാദമിക് വർഷം തുടങ്ങാനിരിക്കുന്നതിനിടെയാണിത്. റോങിങ്ക്യ മുസ്ലിംകൾക്കെതിരായ മ്യാൻമർ ഭരണകൂടത്തിന്റെ വംശീയ ഉന്മൂലന അതിക്രമങ്ങളാണ് ഈ നീക്കത്തിനു പിന്നിലെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. അതേസമയം കോളെജിന്റെ നീക്കം ഭീരുത്വമാണെന്ന് വിശേഷിപ്പിച്ച് മ്യൻമർ അനുകൂല സംഘടനയായ ബർമ ക്യാമ്പയിൻ യുകെ എന്ന സംഘടന രംഗത്തുവന്നു. മ്യാൻമർ ഭരണകൂടത്തിന്റെ വംശീയ ഉന്മൂലന ശ്രമങ്ങളെ സൂ ചി പ്രതിരോധിക്കുന്നതാണ് ഈ ചിത്രം മാറ്റാൻ കാരണമെങ്കിൽ അതു തുറന്നു പറയുകയും മനുഷ്യാവകാശം മാനിക്കാൻ സു ചീയോട് ആവശ്യപ്പെടുകയുമാണ് ചെയ്യേണ്ടിയിരുന്നതെന്നും സംഘടനയുടെ ഡയറക്ടർ മാർക്് ഫാംനർ പറഞ്ഞു.