Sorry, you need to enable JavaScript to visit this website.

കോവിഡ് കാലത്തെ  മുന്നണി നീക്കങ്ങൾ

കോവിഡിനൊപ്പം ജീവിക്കുകയെന്ന സർക്കാർ നിർദേശം ജനങ്ങൾ ഏറെക്കുറെ ശൈലിയാക്കി മാറ്റിത്തുടങ്ങിയിരിക്കുന്നു. നാലു മാസത്തോളം നീണ്ട ആശങ്കകളുടെ ലോക്ഡൗൺ നാളുകളിൽ നിന്ന് ജനങ്ങൾ പതുക്കെപ്പതുക്കെ സാധാരണ ജീവിതത്തിലേക്ക് കടക്കുകയാണ്. ഏറെക്കാലം ലോക്ഡൗണായി വീട്ടിലിരിക്കൽ പ്രായോഗികമല്ലെന്ന് സർക്കാറിനെ പോലെ ജനങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. തൊഴിലാളികൾക്കും വലിയൊരു വിഭാഗം വ്യാപാരികൾക്കും സേവന ദാതാക്കൾക്കും വരുമാനമില്ല. വീട്ടിൽ അടുപ്പു പുകയണമെങ്കിൽ പുറത്തിറങ്ങി പണിയെടുത്തേ മതിയാകൂ എന്ന സ്ഥിതി വന്നിരിക്കുന്നു. സാമൂഹികമായ അകലം പാലിച്ചും മാസ്‌ക് ധരിച്ചും രോഗത്തിന്റെ പിടിയിൽ അകപ്പെടാതെ, വേറിട്ടൊരു ജീവിത രീതിയാണ് പുനരാരംഭിക്കുന്നത്.


കോവിഡാനന്തര ജീവിതം പൊതുരംഗത്തേക്ക് തുറക്കുമ്പോൾ രാഷ്ട്രീയ മേഖലയിൽ തെരഞ്ഞെടുപ്പ് ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. മഹാമാരി രാഷ്ട്രീയ രംഗത്തും മാറ്റങ്ങളേറെയുണ്ടാക്കിയിട്ടുണ്ട്. ആശയ പ്രചാരണത്തിന് ഓൺലൈൻ മീഡിയയുടെ ഉപയോഗം, നിൽപു സമരം പോലുള്ള മാസ്‌ക് കെട്ടി വിരലിലെണ്ണാവുന്ന പ്രവർത്തകർ നടത്തുന്ന പ്രതിഷേധങ്ങൾ തുടങ്ങി കേരള രാഷ്ട്രീയം മുമ്പു കണ്ടിട്ടില്ലാത്ത രാഷ്ട്രീയ പ്രവർത്തനങ്ങൾക്കാണ് മഹാമാരിയുടെ കാലത്ത് തുടക്കമായത്. സോഷ്യൽ മീഡിയയിലൂടെ അണികളെ ആവേശം കൊള്ളിക്കുന്നതിനൊപ്പം വീട്ടിലിരുന്ന് നയപരമായ ചർച്ചകൾ നേതാക്കൾക്കിടയിൽ ഓൺലൈനിൽ നടത്താനും പുതിയ കാലം അവസരമൊരുക്കിയിരിക്കുന്നു. 
മലബാർ മേഖലയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് യു.ഡി.എഫ് കക്ഷികളാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ എന്താകണമെന്നത് സംബന്ധിച്ച് കോൺഗ്രസും മുസ്‌ലിം ലീഗും ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. കോൺഗ്രസിൽ സ്ഥാനാർഥി ആരാകണമെന്നതാണ് പ്രധാന ചർച്ചയെങ്കിൽ മുസ്‌ലിം ലീഗിൽ നടക്കുന്ന ചർച്ചകൾ അടവു തന്ത്രങ്ങൾ സംബന്ധിച്ചതാണ്. 


മലബാറിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുന്നണിക്ക് പുറത്തുള്ള അടവു നയങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. യു.ഡി.എഫ് മുന്നണിയാണെങ്കിലും കോൺഗ്രസും ലീഗും എതിരാളികളാകുന്ന കാഴ്ചകൾ പല പഞ്ചായത്തുകളിലും കാണാം. ലീഗിനെ തോൽപിക്കാൻ കോൺഗ്രസും അവരെ തോൽപിക്കാൻ ലീഗും സി.പി.എമ്മുമായും സി.പി.ഐയുമായുമൊക്കെ കൂട്ടുകൂടാറുണ്ട്. മുന്നണി ബന്ധമെന്നത് ഇരുമ്പുലക്കയല്ല എന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കാറുള്ളത്.
മുന്നണികളിൽ പെടാതെ നിൽക്കുന്ന പാർട്ടികളെ എങ്ങനെ വശത്താക്കാം എന്നതാണ് ഇത്തവണത്തെ പ്രധാന ചർച്ച. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടിയുടെ പിന്തുണ നേടുന്നതിന് മുസ്‌ലിം ലീഗ് ശ്രമിക്കുന്നതായുള്ള സൂചനകൾ ഇതിനകം കേരള രാഷ്ട്രീയത്തിൽ ചർച്ചയായിക്കഴിഞ്ഞു. വെൽഫെയർ പാർട്ടി സ്ഥിരമായി ഒരു മുന്നണിക്കൊപ്പവും നിൽക്കാറില്ല. പാർലമെന്റ്, നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ വ്യത്യസ്തമായ നിലപാടുകളാണ് അവർക്കുള്ളത്. പാർലമെന്റിൽ ബി.ജെ.പിയെ പ്രതിരോധിക്കാനായി കോൺഗ്രസിനെ പിന്തുണക്കും. നിമയസഭയിൽ ഇടതുമുന്നണിക്ക് ഗുണകരമായ നിലപാടുകൾ സ്വീകരിക്കും. 


പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ നിലപാടാണ് അവരുടേത്. തദ്ദേശ സ്ഥാപനങ്ങളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്തി വിജയിപ്പിക്കുന്നതിനെ കുറിച്ചാണ് അവർ ആലോചിക്കാറുള്ളത്. ഇതിനായി പ്രാദേശിക തലങ്ങളിൽ ജനകീയ മുന്നണിയായി മൽസരിക്കുന്നതാണ് തന്ത്രം. ഈ മുന്നണിയിൽ ചിലയിടത്ത് ഇടതു പാർട്ടികളുണ്ടാകാം, ചിലയിടങ്ങളിൽ വലതു പാർട്ടികൾ ഉണ്ടാകാം. മലബാറിലെ പല പഞ്ചായത്തു വാർഡുകളിലും ശക്തമായ വോട്ട് ബാങ്കുള്ള സംഘടനയാണ് വെൽഫെയർ പാർട്ടി. ഈ ശക്തിയെ കുറിച്ച് ബോധ്യമുള്ളതുകൊണ്ടാണ് പഞ്ചായത്തുകളിൽ പാർട്ടിക്ക് സ്വന്തം മെംബർമാരെ ഉണ്ടാക്കണമെന്ന തന്ത്രം സ്വീകരിക്കുന്നത്. ഇതേ കാരണത്താലാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ അവരുടെ പിന്തുണക്കായി ശ്രമിക്കുന്നത്.
ഇത്തവണ വെൽഫെയർ പാർട്ടിയുമായി ആദ്യം അടുക്കാൻ ശ്രമിക്കുന്നത് മുസ്‌ലിം ലീഗാണ്. ഇടതു പാർട്ടികളാകട്ടെ വെൽഫെയർ പാർട്ടിയുടെ പിന്തുണ തങ്ങൾക്കായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നവരാണ്. എന്നാൽ ഇക്കാര്യത്തിൽ പാർട്ടി മനസ്സു തുറന്നിട്ടില്ല. ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ള മുസ്‌ലിം സംഘടനകൾക്ക് പൗരത്വ പ്രക്ഷോഭം മുസ്‌ലിം സമുദായത്തിലുള്ള മതിപ്പ് വർധിപ്പിക്കുന്നതിനും സംഘടനാ ശക്തി മെച്ചപ്പെടുത്തുന്നതിനും സഹായിച്ചിട്ടുണ്ട്. മലബാർ മേഖലയിൽ ഈ തെരഞ്ഞെടുപ്പിൽ ഇതൊരു പ്രചാരണ വിഷയവവും നിർണായക ഘടകവുമായേക്കുമെന്ന സൂചനകളുമുണ്ട്. വെൽെഫയർ പാർട്ടിയെ കൂടെ നിർത്തുന്നത് ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കാൻ സഹായിക്കുമെന്നാണ് ഇരുമുന്നണികളുടെയും കണക്കുകൂട്ടൽ.


മലബാർ മേഖലയിൽ പല പഞ്ചായത്ത് വാർഡുകളിലും വിജയികളെ നിശ്ചയിക്കാൻ മാത്രം വോട്ട് ബലമുള്ള എസ്.ഡി.പി.ഐയെ ബന്ധപ്പെടുത്തിയുള്ള ചർച്ചകൾ തുടങ്ങിയിട്ടില്ല. ഇരുമുന്നണികളും ഇവരുടെ വോട്ടുകൾ രഹസ്യമായി നേടാറുണ്ടെങ്കിലും പരസ്യമായി അവരെ തള്ളിപ്പറയുന്ന നിലപാടാണ് എടുക്കാറുള്ളത്. 
വരാനിരിക്കുന്ന നാളുകൾ സജീവമായ രാഷ്ട്രീയ ചർച്ചകളുടേതാകും. മുന്നണി ബന്ധങ്ങൾ കാറ്റിൽ പറത്തി അടവു മുന്നണികളും സാമ്പാർ മുന്നണികളും രൂപപ്പെടാം. കോവിഡ് കാലത്ത് സാമൂഹിക അകലം കൂട്ടാനാണ് ശ്രമിച്ചതെങ്കിൽ തെരഞ്ഞെടുപ്പ് കാലത്ത് ചെറുപാർട്ടികളുമായുള്ള രാഷ്ട്രീയ അകലം കുറക്കാനാണ് പ്രധാന കക്ഷികൾ നീക്കങ്ങൾ നടത്തുന്നത്. ദീർഘായുസ്സില്ലാത്ത താൽക്കാലിക ബന്ധങ്ങൾ ഇക്കാലത്ത് ഉടലെടുക്കും. മുന്നിലുള്ളത് വിജയമെന്ന ലക്ഷ്യം മാത്രമാകുമ്പോൾ മുന്നണി നിയമങ്ങളുടെ അടിത്തറകൾ തകരാം. നേട്ടമാർക്ക് എന്നതു മാത്രമാകും അവശേഷിക്കുന്ന ഉത്തരം. 


 

Latest News