Sorry, you need to enable JavaScript to visit this website.

കാലാവസ്ഥ പ്രവചനം സ്വകാര്യ കമ്പനികളുടെ സേവനം തേടി കേരള  സര്‍ക്കാര്‍

തിരുവനന്തപുരം- കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് 97 ലക്ഷംരൂപ പ്രതിഫലം നല്‍കാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സേവനങ്ങളില്‍ തൃപ്തിയില്ലാത്തതിനെത്തുടര്‍ന്നാണ് സ്‌കൈമെറ്റ്, എര്‍ത്ത് നെറ്റ്‌വര്‍ക്‌സ്, ഐബിഎം വെതര്‍ കമ്പനി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളുടെ സഹായം തേടാന്‍ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചത്. ദുരന്ത നിവാരണ ഫണ്ടിന്റെ 10% ആണ് ഇതിനായി ഉപയോഗിക്കുന്നത്.
2018ലെ പ്രളയകാലത്ത് കേന്ദ്രകാലാവസ്ഥാ വകുപ്പുമായി ഉണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനം. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യതയോടെ നല്‍കാന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് കഴിയുന്നില്ലെന്ന് പ്രളയ സമയത്ത് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വിമര്‍ശനം ഉണ്ടായിരുന്നു. ഇതോടൊപ്പം ഉദ്യോഗസ്ഥതലത്തിലുള്ള ഭിന്നതയും സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കുന്നതിന് കാരണമായി.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ വേഗത്തില്‍ നിറവേറ്റാന്‍ കാലാവസ്ഥാ വകുപ്പിന് കഴിയുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 15 ഓട്ടോമേറ്റഡ് സ്‌റ്റേഷനുകളാണ് കാലാവസ്ഥാവകുപ്പിന് കേരളത്തിലുള്ളത്. 73 ഇടങ്ങളിലെങ്കിലും സ്‌റ്റേഷനുകള്‍ വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പൂര്‍ത്തീകരിക്കാന്‍ കാലാവസ്ഥാ വകുപ്പിന് കഴിഞ്ഞില്ല. കാലാവസ്ഥാ വകുപ്പിനുള്ളതിനേക്കാള്‍ സ്‌റ്റേഷനുകള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കേരളത്തിലുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.തീരദേശങ്ങളിലും നഗരങ്ങളിലുമാണ് കാലാവസ്ഥാവകുപ്പിന് നീരീക്ഷണ കേന്ദ്രങ്ങളുള്ളത്. ഹൈറേഞ്ച് മേഖലകളില്‍ നിരീക്ഷണ കേന്ദ്രങ്ങളില്ല. ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ട സ്ഥലങ്ങളില്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കാലാവസ്ഥാ വകുപ്പ് വിസമ്മതിച്ചതും സര്‍ക്കാരിനെ മാറ്റി ചിന്തിപ്പിച്ചു.എന്നാല്‍, കാലാവസ്ഥാ പ്രവചനത്തില്‍ സ്വകാര്യ കമ്പനികളേക്കാള്‍ കൃത്യത കാലാവസ്ഥാ വകുപ്പിനുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.ഐഎസ്ആര്‍ഒയും പ്രതിരോധവകുപ്പുമെല്ലാം ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവചനം. രാജ്യാന്തര ഏജന്‍സികളുടെ സഹായം ലഭിക്കുന്നുണ്ടെന്നും പ്രവര്‍ത്തനപരിചയം കൂടുതല്‍ കാലാവസ്ഥാവകുപ്പിനാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു

Latest News