Sorry, you need to enable JavaScript to visit this website.
Monday , August   10, 2020
Monday , August   10, 2020

സാധാരണക്കാരുടെ വിനോദ കേന്ദ്രം

ടുലിപ് പൂക്കളുടെ നാട്ടിലേക്ക്-2

ഇസ്താൻബുൾ മഹാ നഗരം ഒരു പാഠപുസ്തകമാണ്. സാധാരണക്കാരന് സുഗമമായി യാത്ര ചെയ്യാൻ കഴിയുന്ന വേറെ നഗരമില്ലെന്നത് തീർച്ചയാണ്. കുറഞ്ഞ ചെലവിൽ ട്രാം സർവീസ്, മെട്രോ റെയിൽ ഇതൊന്നും കൂടാതെ വേറെ ഒന്ന് കണ്ടത് മെയിൻ റോഡിന്റെ നടുവശം ട്രാക്ക് പബ്ലിക് ബസിനു മാത്രം ഒഴിച്ചിട്ടിരിക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും വാഹനങ്ങൾ ട്രാഫിക് ജാമിൽ കുടുങ്ങി കിടക്കുമ്പോൾ സാധാരണക്കാരന്റെ വാഹനമായ സിറ്റി ബസ് ഒരു തടസ്സവും കൂടാതെ കടന്നു പോകുന്നു. ഒരു രാജ്യം  ജനങ്ങൾക്ക്്  ചെയ്യേണ്ട പ്രധാന കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ സൗകര്യം.  


ബ്ലൂ മോസ്‌ക് എന്ന പേരിൽ അറിയപ്പെടുന്ന സുൽത്താൻ അഹ്്മദ് മസ്ജിദ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. നീല വർണം കൊണ്ടുള്ള ഓട്ടോമൻ ശക്തി വിളിച്ചോതുന്ന നിർമിതി ഇന്നും മുസ്്‌ലിം  ആരാധനാലയമായി നിലകൊള്ളുന്നു. ആറു സ്തംഭങ്ങളുള്ള ഈ മസ്ജിദ് കുന്നിൻ മുകളിലാണ്. ഇതിന്റെ എല്ലാ ചുമരുകളും അറബി എഴുത്തുകളാൽ അലങ്കരിക്കപ്പെട്ടവയാണ്. എല്ലാം അത്ഭുതമാണ്.  സുൽത്താൻ അഹ്്മദ് ചത്വരത്തിനടുത്തു നിർമിച്ച ഗ്രാൻഡ്  ബസാർ കാണേണ്ട കാഴ്ച തന്നെ ആണ്. ഏകദേശം 5000കടകൾ അടങ്ങിയതാണ് ഗ്രാൻഡ് ബസാർ.
ഇസ്താൻബുൾ നഗരത്തിലെ ഏറ്റവും ഉയർന്ന മറ്റൊരു നിർമിതിയാണ് തോപ്കാപി കൊട്ടാരം. 500 വർഷങ്ങളോളം ഓട്ടോമൻ ചക്രവർത്തിമാർ ഭരണം നടത്തിയത് ഈ കൊട്ടാരത്തിലായിരുന്നു. നഗരത്തിന്റെ തന്ത്രപ്രധാന ഭാഗത്തു കടലിടുക്കിനോട് ചേർന്നാണ് പ്രസിദ്ധമായ ഈ കൊട്ടാരം. ഇന്ന് തുർക്കിയിൽ അറിയപ്പെടുന്ന പ്രധാന മ്യൂസിയം ആണ് തോപ്കാപി. ഇത് പിന്നീട് യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇത്രയധികം ചരിത്ര സംഭാവന നൽകുന്ന നഗരത്തിന്റെ പുതിയ കാഴ്ചകൾ കാണണമെങ്കിൽ തക്‌സിം ചത്വരത്തിനടുത്തേക്ക് വരണം. പുത്തൻ ഫാഷൻ രൂപങ്ങളെ പല രൂപത്തിലും അടർത്തിയെടുത്ത വാണിജ്യ സ്ഥാപനങ്ങളും മനം കവരുന്ന ഷോപ്പിങ് വിസ്മയങ്ങളുമെല്ലാം നഗരത്തിലെ പുതിയ ഭാഗത്താണ്.


പിറ്റേന്നു അതി രാവിലെ ബോർസ നഗരം കാണാനുള്ള തയാറെടുപ്പിലായിരുന്നു. ഇസ്താൻബുൾ നഗരത്തിൽ നിന്നും മാർമാരാ കടലിൽ കൂടി ഏകദേശം 
2 മണിക്കൂർ യാത്ര ചെയ്യണം സുഖവാസ കേന്ദ്രമായ ബോർസയിലെത്താൻ. രാവിലെ എണീറ്റ് നേരെ പോയത് കപ്പൽ  ടിക്കറ്റ് എടുക്കാനാണ്. പോകുന്ന വഴിക്ക് ചായ കുടിച്ചു. പിന്നെ നേരെ കപ്പലിനടുത്തേക്ക്  നീങ്ങി. എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായ കപ്പൽ. എന്റെ അടുത്താണെങ്കിൽ സുന്ദരികളായ ഒരു കൂട്ടം തുർക്കിഷ് പെൺകുട്ടികൾ കല പിലാന്നു സംസാരിക്കുന്നു. 
കാഴ്ചകൾ കാണാൻ വേണ്ടി സൈഡ് സീറ്റ് തരുമോ എന്ന് ഞാൻ ഒരു കുട്ടിയോട് ചോദിച്ചു. അവൾക്ക്  ടർക്കിഷ് അല്ലാതെ ഒരു ഭാഷയും അറിയില്ല. കൂട്ടത്തിൽ സ്മാർട്ട് ആയ ഒരുത്തി വന്നു എന്നോട് ഇംഗ്ലീഷിൽ കാര്യം ചോദിച്ചു. ആവശ്യം അറിഞ്ഞപ്പോൾ അവൾ സീറ്റ് ഒഴിഞ്ഞുതന്നു. പിന്നീട് എന്റെ അടുത്തിരുന്നു അവളോരോന്നു ചോദിച്ചു. കൂടെ ഒമർ എന്നോട് അറബിയിൽ എന്തോ ചോദിച്ചപ്പോൾ ഞാൻ മറുപടി പറഞ്ഞു. 


അപ്പോൾ അവൾക്ക്  എന്റെ നാടും ജോലിയുമൊക്കെ അറിയണം. ഞാൻ ഇന്ത്യക്കാരനാണെന്നു പറഞ്ഞപ്പോൾ ഷാരൂഖ് ഖാനെ ചോദിച്ചു. സിനിമയിൽ കാണുന്ന നല്ല ചുള്ളൻ ആളുകളെ പോലെ ആണോ നിങ്ങളെന്നു ചോദിച്ചു. സത്യത്തിൽ കപ്പൽ യാത്ര തുടങ്ങിയിട്ടും അവൾ ഓരോന്ന് ചോദിക്കുമ്പോ മാർമാരാ കടലിന്റെ ഭംഗി കാണാനുള്ള എന്റെ അവസരമാണ് നഷ്ടമാകുന്നത് എന്നെനിക്ക് തോന്നി. പിന്നീട് സംസാരിച്ച അവൾ ബോർസ ചരിത്രവും അവളൊരു കുർദിഷ് പെൺകുട്ടിയാണെന്നും പറഞ്ഞു. തുർക്കിയിൽ കുർദിഷ് ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടും അവൾ വിശദീകരിച്ചു. മഞ്ഞു മൂടിയ കപ്പലിൽ തൂവാല കൊണ്ട് ജനൽ ചില്ലുകൾ തുടച്ചു കാഴ്ചകൾ കാണുന്ന സമയം അവൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാനും മറന്നില്ല. രണ്ട് മണിക്കൂർ കഴിഞ്ഞു ബോർസയിലെത്തി. അസഹനീയ തണുപ്പും കൂടെ ചാറ്റൽ മഴയും. ഒരുവിധം പോർട്ടിന് പുറത്തു ചാടി.
പച്ചയിൽ കുളിച്ചു നിൽക്കുന്ന ബോർസ സുന്ദരമായ തുർക്കിഷ് പട്ടണമാണ്. ഓട്ടോമൻ ചക്രവർത്തിമാരുടെ വിശ്രമ കേന്ദ്രമായ ഈ പട്ടണം നിബിഡ വനങ്ങളാൽ ചുറ്റപ്പെട്ടതാണ്. 30 മിനിട്ടു സഞ്ചരിക്കണം പോർട്ടിൽ നിന്നും നഗര മധ്യത്തിലെത്താൻ. പോകുന്ന വഴികളിൽ മുഴുവൻ കണ്ണിനെ കുളിരണിയിക്കുന്ന ഗ്രാമ കാഴ്ചകൾ. തണുത്തു നിൽക്കുന്ന ആളുകൾ.  പോകുന്ന വഴിയിൽ പഴയ ഓട്ടോമൻ ഗ്രാമം സന്ദർശിച്ചു. 270 പഴയ വീടുകൾ അതെപോലെ നിലനിൽക്കുന്നു. പ്രസിദ്ധമായ ഉലുഡാഗ് മലയിലേക്ക് പോകുംവഴിയാണ് ഈ ചരിത്ര ഗ്രാമം. കരിങ്കല്ലുകൾ കൊണ്ട് നിർമിച്ച വീടുകളിൽ ഇന്നും ആളുകൾ താമസിക്കുന്നു. ജൂൺ മാസമായാൽ അവർക്കു എന്തോ ഉത്സവമായതിനാൽ അതിനുള്ള തയാറെടുപ്പിലായിരുന്നു ഓട്ടോമൻ ഗ്രാമം. പിന്നെ നേരെ താമസം ഒരുക്കിയ അൽമിറ ഹോട്ടലിലെത്തി വിശ്രമിച്ചു.
വിശ്രമം കഴിഞ്ഞു ഞങ്ങൾ നാല് പേരും വെറുതെ നടക്കാനിറങ്ങി. നല്ല പച്ചയാർന്ന പൂന്തോട്ടങ്ങളോട് കൂടിയ നഗരം. തണുപ്പിനെ എനിക്ക് ഇഷ്ടമാണെങ്കിലും നാല് വരെ  എത്തിയിരിക്കുന്നു. മറ്റുള്ളവർ പെട്ടെന്ന് തിരിച്ചു പോയിട്ടും ഞാൻ വീണ്ടും കണ്ടു നടന്നു. തിരിച്ചു വരുന്ന വഴിക്ക് നല്ല ഒരു ഭക്ഷണശാല കണ്ടു. പേര് ദിവാൻ റെസ്‌റ്റോറന്റ്. ഞാൻ അവിടെ കയറി നല്ല തുർക്കിഷ് കബാബ് ഇഷ്ടം പോലെ കഴിച്ചു. ഭക്ഷണ കാര്യത്തിലും ലോകത്തു തുർക്കിഷ് വിഭവങ്ങൾക്ക്  പ്രത്യേക സ്ഥാനമുണ്ട്. നമ്മൾ അറബിക് വിഭവമെന്നു കരുതുന്ന ഷവർമ മുതൽ കബാബ് വരെ ഈ നാട്ടിൽനിന്ന് വന്നതാണ്.  കബാബും ടിക്കയും കഴിച്ചു മടുത്തപ്പോൾ അവസാന ദിവസം ഒരു ഇന്ത്യൻ റസ്‌റ്റോറന്റിലെ നല്ല ഭക്ഷണവും രുചിച്ചു.


അടുത്ത ദിവസം ഉലുഡാഗ് മലയുടെ മുകളിൽ കയറണം. നല്ല ഭംഗിയുള്ള ഇട തിങ്ങിയ വനമാണ്. തണുപ്പ് കൊണ്ട് പല സ്ഥലങ്ങളും അങ്ങനെ മഞ്ഞു മൂടി കിടക്കുന്നു. അവിടെനിന്നു റോപ്പ് വേ വഴി കയറാമെങ്കിലും ഞങ്ങൾ വണ്ടിയിൽ റോഡ് വഴിയാണ് കയറിയത്. മനോഹരമായ കാഴ്ചകൾ ഉയരത്തെത്തുന്ന സമയത്തു കാണാനാകും. പോകുന്ന വഴിയിൽ നദി കടന്നുപോകുന്നുണ്ട്. അവിടെ ഒക്കെ നിർത്തി ഫോട്ടോകളൊക്കെ എടുത്ത് പിന്നെയും യാത്രയായി. അവിടെ മുകളിൽ പുഴയോട് ചാരി ഒരു വെള്ളച്ചാട്ടത്തിനരികിലായി ഭക്ഷണ ശാലയിൽനിന്നു ഭക്ഷണം  കഴിച്ചു.  സുന്ദരമായ പർവത ഭംഗി ആസ്വദിച്ച് തിരിച്ചു. പിന്നീട് ബോർസയിലെ പ്രധാന ഹോട്ടലുകൾ സന്ദർശിച്ചു തിരിച്ചു.  യാലോവ വരെ ബസിലും അവിടെനിന്നു ബോട്ടിലും ആണ് ഇസ്താൻബുൾ നഗരത്തിലേക്ക് തിരിച്ചത്.  ഒരു വർഷം മുഴുവൻ സഞ്ചരിച്ചാൽ തീരില്ലാ തുർക്കി എന്ന മഹത്തായ രാജ്യത്തിന്റെ  വിശേഷങ്ങൾ. ഇനിയും  കാണാത്ത തുർക്കിഷ് കാഴ്ച്ചകൾ കാണാൻ ഈ പട്ടിക്കാട്ടുകാരന് ഭാഗ്യമുണ്ടോ എന്നറിയില്ല. എങ്കിലും ഒരുപാട് കാഴ്ചകൾ ബാക്കിയാക്കി തന്നെയാണ് വീണ്ടും കാണാമെന്ന മനസ്സിലിരിപ്പുമായി ചരിത്ര നഗരത്തോട് വിട പറഞ്ഞത്.                                (അവസാനിച്ചു)

Latest News