Sorry, you need to enable JavaScript to visit this website.

ദരിദ്രര്‍ക്കുള്ള സൗജന്യ റേഷന്‍ മൂന്ന് മാസത്തേക്ക് കൂടി  നീട്ടണം- പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി

ന്യൂദല്‍ഹി- കോവിഡ്  വ്യാപനത്തിന്റെ  പശ്ചാത്തലത്തില്‍ ദരിദ്രര്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം മൂന്ന് മാസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്  അദ്ധ്യക്ഷ  സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു.  ദശലക്ഷക്കണക്കിന് ജനങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തില്‍ താത്കാലിക റേഷന്‍ കാര്‍ഡുകള്‍ അനുവദിക്കണമെന്നും കത്തില്‍ സോണിയ ഗാന്ധി പറഞ്ഞു.  നേരത്തെ 5 കിലോ ഭക്ഷ്യ ധാന്യങ്ങള്‍ പൊതു വിതരണ സംവിധാനം വഴി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.ഇതുകൂടാതെ മെയ്, ജൂണ്‍ മാസങ്ങളില്‍ പൊതു വിതരണ സംവിധാനത്തില്‍ ഉള്‍പ്പെടാത്ത കുടിയേറ്റ തൊഴിലാളികള്‍ക്കും 5 കിലോ ഭക്ഷ്യ ധാന്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതുകൂടാതെ, ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള  മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി  ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യണമെന്നാണ്  കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. സൗജന്യ റേഷന്‍  നിരവധി സംസ്ഥാനങ്ങള്‍  അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോഴും പൊതു വിതരണ സംവിധാനത്തിന് പുറത്താണ്. ഇവരെ പൊതു വിതരണ സംവിധാനത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഈ മാസം ഇത് രണ്ടാമത്തെ കത്താണ് സോണിയാ ഗാന്ധി പ്രധാനമന്ത്രിക്ക് അയക്കുന്നത്. നേരത്തേ ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കൊണ്ടായിരുന്നു സോണിയ കത്തയച്ചത്. പ്രതിസന്ധിയ്ക്കിടയിലും മാര്‍ച്ച് ആദ്യം മുതല്‍ 10 തവണ ഇന്ധന വില വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി തീര്‍ത്തും വിവേകശൂന്യമാണെന്ന് സോണിയ കത്തില്‍ പറഞ്ഞു.
 

Latest News