Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസി കോവിഡ് ടെസ്റ്റ് നിബന്ധന  ഒരു മാസത്തേക്ക് നീട്ടിവെക്കണം -യു.ഡി.എഫ്‌

തിരുവനന്തപുരം - പ്രവാസികളുടെ വിമാന യാത്രയ്ക്ക് കോവിഡ്-19 നെഗറ്റീവ് ടെസ്റ്റ് നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് ഒരു മാസത്തേക്കെങ്കിലും നീട്ടിവെക്കണമെന്ന് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു. വിദേശത്തു നിന്ന് നാട്ടിൽ മടങ്ങിയെത്തുവാൻ ആഗ്രഹിക്കുന്ന എല്ലാവരെയും മടക്കി എത്തിക്കാനായിരിക്കണം നമ്മുടെ മുൻഗണന. കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുവാദം നൽകിയും നോർക്ക തന്നെ മുൻകൈയെടുത്ത് ചാർട്ടേഡ് വിമാനങ്ങൾ ആരംഭിച്ചും കൂടുതൽ വന്ദേഭാരത് മിഷൻ വിമാനങ്ങൾ ആരംഭിക്കാൻ കേന്ദ്ര ഗവൺമെന്റിൽ സമ്മർദം ചെലുത്തിയും ഇതിന് സഹായകമായ സാഹചര്യം സംസ്ഥാന ഗവൺമെന്റ് ഉണ്ടാക്കണം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി എന്നിവർ പറഞ്ഞു.  
മടങ്ങിയെത്തുന്നവർക്ക് നേരത്തെ പ്രഖ്യാപിച്ചതു പോലെ ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ സൗകര്യം വിമാനത്താവള നഗരികളിലോ ജില്ലാ കേന്ദ്രങ്ങളിലോ നോർക്കയും ദുരന്ത നിവാരണ വകുപ്പും ചേർന്ന് ഒരുക്കണം. ഇതൊന്നും ഇനി വൈകിക്കരുത്. കാരണം, ഗൾഫിൽ മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. ഇന്നലെ വരെ 254 പേരാണ് അവിടെ മരിച്ചത്.  


കേരളത്തിലുണ്ടാകുന്ന മരണം പോലെ തന്നെ ഹൃദയഭേദകമാണ് ഗൾഫിലെ ഓരോ മലയാളിയുടെ മരണവും. ജൂൺ 17 വരെ  ലഭ്യമായ കണക്ക് പ്രകാരം 84,195 പ്രവാസികൾ നാട്ടിൽ എത്തിയപ്പോൾ 713 പേർക്ക് മാത്രമാണ് രോഗം ഉണ്ടായത്. ഒരു ശതമാനത്തിൽ താഴെ (0.85%) മാത്രം. സമ്പർക്ക രോഗികളുടെ എണ്ണം നോക്കിയാലും രോഗവ്യാപനം നിയന്ത്രണാതീതമാണെന്ന് പറയാനാവില്ല. സർക്കാർ കണക്കു പ്രകാരം സമ്പർക്ക രോഗികൾ 10 ശതമാനത്തിൽ താഴെയാണ്.
നാട്ടിൽ അതിവേഗം എത്തുവാൻ വെമ്പൽ കൊള്ളുന്ന പ്രവാസികൾക്ക് വിവിധ സംഘടനകളുടെ ചാർട്ടേഡ് വിമാനങ്ങൾ വലിയ പ്രതീക്ഷയാണ് നൽകിയത്. കോവിഡ്-19 നെഗറ്റീവ് ടെസ്റ്റ് കേരളത്തിലേയ്ക്കുള്ള സർവീസുകളിൽ നിർബന്ധമാക്കിയാൽ ഈ വിമാനങ്ങൾ മുടങ്ങും. കോവിഡ് പ്രതിരോധ ജാഗ്രതയിൽ ഒരു കുറവും വരുത്തുവാൻ പാടില്ലെന്നു തന്നെയാണ് പ്രതിപക്ഷത്തിന്റെയും നിലപാട്. 


എന്നാൽ ഇപ്പോഴത്തെ സർക്കാർ ഉത്തരവ് വിവേചനപരമാണ്. ഗൾഫിൽ നിന്നും തമിഴ്നാട്ടിലേക്കോ ദൽഹിയിലേയ്ക്കോ (കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ ഒരിടത്തും) പോകാൻ നെഗറ്റീവ് ടെസ്റ്റ് ആവശ്യമില്ല. കേരളത്തിലേയ്ക്കുള്ള ചാർട്ടേഡ് വിമാനങ്ങളിൽ മാത്രം എന്തുകൊണ്ട് കോവിഡ് നെഗറ്റീവ് ടെസ്റ്റ് എന്ന ചോദ്യം ഉയർന്നപ്പോൾ കേരളത്തിലേയ്ക്കുള്ള വന്ദേഭാരത് മിഷൻ ഫ്ളൈറ്റിലും അത് ബാധകമാക്കി. അങ്ങനെ ഉള്ള കഞ്ഞിയിലും പാറ്റ വീഴ്ത്തി. ഗൾഫിൽ നിന്നുള്ള വിമാനങ്ങളിൽ മാത്രമാണ് കോവിഡ് നെഗറ്റീവ് ടെസ്റ്റ് എന്നും, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വന്ദേഭാരത് മിഷൻ വിമാനങ്ങൾക്കോ ചാർട്ടേഡ് വിമാനങ്ങൾക്കോ ഇത് ബാധകമല്ലെന്നും ഓർക്കണം. 


യു.എ.ഇയിലും ഖത്തറിലും കോവിഡ്-19 ടെസ്റ്റിനുള്ള സൗകര്യമുണ്ടെന്നും അതുകൊണ്ട് ഈ മാതൃക മറ്റു രാജ്യങ്ങളിലും ഏർപ്പാടാക്കണം എന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. എന്നാൽ ഇത് തികച്ചും നിരർഥകമാണെന്നു  വ്യക്തമാകുന്ന കണക്കുകൾ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിൽ ആരോഗ്യവകുപ്പ് സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം 18-ാം തീയതി വരെ വിദേശത്തു നിന്ന് 1396 രോഗികളാണ് എത്തിയത്. ഇതിൽ 700 പേർ ടെസ്റ്റ് നടക്കുന്ന രാജ്യങ്ങളിൽ നിന്നാണ്. ടെസ്റ്റ് നടത്തിയാൽ രോഗികളെ ഒഴിവാക്കാമെന്ന സർക്കാരിന്റെ വാദമാണ് ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞത്.  


മുഖ്യമന്ത്രി നിർദേശിച്ച ട്രൂനാറ്റ് ടെസ്റ്റിന് വിദേശ സർക്കാരുകൾ അനുമതി നൽകുമോ എന്ന കാര്യത്തിൽ സന്ദേഹമുണ്ട്. നമ്മൾ പറയുന്നതെല്ലാം ഗൾഫ് രാജ്യങ്ങളോ ഇന്ത്യൻ എംബസികളോ അനുസരിക്കുമെന്ന് മുഖ്യമന്ത്രി തെറ്റിദ്ധരിക്കരുത്. ഇന്ത്യാ ഗവൺമെന്റിന്റെ ഹെൽത്ത് പ്രോട്ടോക്കോൾ ആണ് എംബസികൾക്ക് ബാധകം. ഗൾഫ് രാജ്യങ്ങൾക്ക് അവരുടേതും. ചുരുക്കിപ്പറഞ്ഞാൽ ഇത്തരം നിയന്ത്രണങ്ങൾ മൂലം പ്രവാസി മലയാളികൾക്ക് നാട്ടിലേയ്ക്ക് വരാനുള്ള വഴി കേരള ഗവൺമെന്റ് ബോധപൂർവം കൊട്ടിയടക്കുകയാണ്.
കേരളത്തെ കേരളമാക്കിയത് പ്രവാസികളാണെന്നു നാം അഭിമാനപൂർവം സ്മരിക്കാറുണ്ടല്ലോ. 2016 ൽ ഗൾഫിൽ നിന്നു കേരളത്തിലേക്ക് അയച്ചത് 1,35,609 കോടിയും 2017ൽ 1,52,348 കോടിയും 2018ൽ 1,69,944 കോടിയും രൂപയാണ്. 


ഈ തുകയുടെ ഒരു ശതമാനമെങ്കിലും തിരികെ കൊടുത്ത് അവരെ സഹായിക്കേണ്ട സന്ദർഭമാണ്. 1971 മുതലുള്ള 15 വർഷം കേരളത്തിന്റെ ശരാശരി സാമ്പത്തിക വളർച്ച വെറും 2.1 ശതമാനം ആയിരുന്നിടത്തു നിന്ന് 1987-88 മുതൽ കേരളം കുതിച്ചു കയറിയത് പ്രവാസികളുടെ പണത്തിലാണ്.  

 

Latest News