കോൺഗ്രസിന് വോട്ടു ചെയ്ത രാജസ്ഥാനിലെ സി.പി.എം എം.എൽ.എക്ക് സസ്‌പെൻഷൻ

ന്യൂദൽഹി- രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി കെ.സി വേണുഗോപാലിന് വോട്ട് ചെയ്ത സി.പി.എം എം.എൽ.എക്കു സസ്‌പെൻഷൻ. ബൽവാൻ പൂനിയയെ ആണ് ഒരു വർഷത്തേക്ക് സസ്‌പെന്റ് ചെയ്തത്. തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ജയിക്കുന്ന ഘട്ടം വന്നാൽ മാത്രം കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്താൽ മതിയെന്നായിരുന്നു പാർട്ടി നിർദേശം. എന്നാൽ, കെ.സി വേണുഗോപാലിന് വിജയം ഉറപ്പായ ഘട്ടത്തിലും ബൽവാൻ പൂനിയ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. സിപിഎമ്മിന്റെ മറ്റൊരു എംഎൽഎ ആയ ഗിർധാരി ലാൽ പാർട്ടി നിർദേശം അനുസരിച്ച് വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു.
    കർഷക നേതാവായ ബൽവാൻ പൂനിയ രാജസ്ഥാനിൽ ഓൾ ഇന്ത്യ കിസാൻ സഭയുടെ ജോയിന്റ് സെക്രട്ടറിയാണ്. ഭാർദ്ര മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് പൂനിയ. സസ്‌പെൻഷനു പുറമേ ഏഴു ദിവസത്തിനുള്ളിൽ വിശദീകരണം ആവശ്യപ്പെട്ട് പാർട്ടി പൂനിയക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. തന്റെ മറുപടി പാർട്ടിക്ക് നൽകുമെന്നാണ് പൂനിയ പ്രതികരിച്ചത്.
    പാർട്ടി തന്നെ ഒരു വർഷത്തേക്ക് സസ്‌പെന്റ് ചെയ്തു. വിശദീകരണവും ചോദിച്ചിട്ടുണ്ട്. തനിക്ക് പറയാനുള്ളത് പാർട്ടിക്ക് മുന്നിൽ വിശദീകരിക്കും. തന്റെ പ്രവർത്തി അനുസരണക്കേടായാണ് പാർട്ടി വിലയിരുത്തിയത്. കോൺഗ്രസ് എന്നോട് പിന്തുണ തേടിയിരുന്നു. അതു കൊണ്ടാണ് കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തത്. ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാർഥിക്ക് എത്ര വോട്ട് കിട്ടുമെന്ന് തനിക്ക് എങ്ങനെയാണ് മുൻകൂട്ടി കാണാൻ കഴിയുകയെന്നും പൂനിയ ചോദിക്കുന്നു.
    രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കെ.സി വേണുഗോപാൽ നീരജ് നാരംഗി, ബിജെപിയുടെ രാജേന്ദ്ര ഗെലോട്ട് എന്നിവരാണ് വിജയിച്ചത്. ബിജെപിയുടെ മറ്റൊരു സ്ഥാനാർഥിയായ ഓംകാർ സിംഗ് ലഖാവത് ആണ് പരാജയപ്പെട്ടത്. ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാർഥിക്ക് വിജയ സാധ്യത ഉണ്ടെന്ന് കണ്ടാൽ മാത്രം കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്താൽ മതിയെന്നായിരുന്നു സിപിഎം പാർട്ടി എംഎൽഎമാർക്ക് നൽകിയിരുന്ന നിർദേശം.

 

Latest News