തിരുവനന്തപുരം- പ്രവാസികളെ നാട്ടിലെത്തിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ മനുഷ്യസാധ്യമല്ലാത്ത നിബന്ധനകൾ വെക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടി ഇന്നത്തെ പത്രസമ്മേളനത്തിൽ പങ്കുവെച്ച നിരീക്ഷണങ്ങൾ:
1) പ്രവാസികളുടെ വിമാന യാത്രയ്ക്ക് കോവിഡ്19ന് നെഗറ്റീവ് ടെസ്റ്റ് നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് അടിയന്തരമായി പിൻവലിക്കുകയോ ഒരു മാസത്തേയ്‌ക്കെങ്കിലും നീട്ടിവയ്ക്കുകയോ ചെയ്യണം.
2) വിദേശത്തു നിന്നും നാട്ടിൽ മടങ്ങിയെത്തുവാൻ ആഗ്രഹിക്കുന്ന എല്ലാവരെയും മടക്കി എത്തിക്കാനായിരിക്കണം നമ്മുടെ മുൻഗണന. കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുവാദം നൽകിയും നോർക്ക തന്നെ മുൻകൈയെടുത്ത് ചാർട്ടേഡ് വിമാനങ്ങൾ ആരംഭിച്ചും കൂടുതൽ വന്ദേഭാരത് മിഷൻ വിമാനങ്ങൾ ആരംഭിക്കാൻ കേന്ദ്ര ഗവൺമെന്റിൽ സമ്മർദം ചെലുത്തിയും ഇതിന് സഹായകമായ സാഹചര്യം സംസ്ഥാന ഗവൺമെന്റ് ഉണ്ടാക്കണം. മടങ്ങിയെത്തുന്നവർക്ക് നേരത്തെ പ്രഖ്യാപിച്ചതുപോലെ ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ സൗകര്യം വിമാനത്താവള നഗരികളിലോ ജില്ലാ കേന്ദ്രങ്ങളിലോ നോർക്കയും ദുരന്ത നിവാരണ വകുപ്പും ചേർന്ന് ഒരുക്കണം. ഇതൊന്നും ഇനി വൈകിക്കരുത്. കാരണം, ഗൾഫിൽ മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. ഇന്നലെ വരെ 254 പേരാണ് അവിടെ മരിച്ചത്. കേരളത്തിലുണ്ടാകുന്ന മരണം പോലെ തന്നെ ഹൃദയഭേദകമാണ് ഗൾഫിലെ ഓരോ മലയാളിയുടെ മരണവും.
3) ജൂൺ 17 വരെ ലഭ്യമായ കണക്ക് പ്രകാരം 84,195 പ്രവാസികൾ നാട്ടിൽ എത്തിയപ്പോൾ 713 പേർക്ക് മാത്രമാണ് രോഗം ഉണ്ടായത്. ഒരു ശതമാനത്തിൽ താഴെ (0.85%) മാത്രം. സമ്പർക്ക രോഗികളുടെ എണ്ണം നോക്കിയാലും രോഗവ്യാപനം നിയന്ത്രണാതീതമാണെന്ന് പറയാനാവില്ല. സർക്കാർ കണക്കു പ്രകാരം സമ്പർക്കരോഗികൾ 10%ൽ താഴെയാണ്.
4) നാട്ടിൽ അതിവേഗം എത്തുവാൻ വെമ്പൽകൊള്ളുന്ന പ്രവാസികൾക്ക് വിവിധ സംഘടനകളുടെ ചാർട്ടേഡ് വിമാനങ്ങൾ വലിയ പ്രതീക്ഷയാണ് നൽകിയത്. കോവിഡ്19 നെഗറ്റീവ് ടെസ്റ്റ് കേരളത്തിലേയ്ക്കുള്ള സർവീസുകളിൽ നിർബന്ധമാക്കിയാൽ ഈ വിമാനങ്ങൾ മുടങ്ങും. കോവിഡ് പ്രതിരോധ ജാഗ്രതയിൽ ഒരു കുറവും വരുത്തുവാൻ പാടില്ലെന്നുതന്നെയാണ് പ്രതിപക്ഷത്തിന്റെയും നിലപാട്. എന്നാൽ ഇപ്പോഴത്തെ സർക്കാർ ഉത്തരവ് വിവേചനപരമാണ്. ഗൾഫിൽ നിന്നും തമിഴ്‌നാട്ടിലേയ്‌ക്കോ ഡൽഹിയിലേയ്‌ക്കോ (കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ ഒരിടത്തും) പോകാൻ നെഗറ്റീവ് ടെസ്റ്റ് ആവശ്യമില്ല. കേരളത്തിലേയ്ക്കുള്ള ചാർട്ടേഡ് വിമാനങ്ങളിൽ മാത്രം എന്തുകൊണ്ട് കോവിഡ് നെഗറ്റീവ് ടെസ്റ്റ് എന്ന ചോദ്യം ഉയർന്നപ്പോൾ കേരളത്തിലേയ്ക്കുള്ള വന്ദേഭാരത് മിഷൻ ഫ്‌ളൈറ്റിലും അത് ബാധകമാക്കി! അങ്ങനെ 'ഉള്ള കഞ്ഞിയിലും പാറ്റ വീഴ്ത്തി'. ഗൾഫിൽ നിന്നുള്ള വിമാനങ്ങളിൽ മാത്രമാണ് കോവിഡ് നെഗറ്റീവ് ടെസ്റ്റ് എന്നും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വന്ദേഭാരത് മിഷൻ വിമാനങ്ങൾക്കോ ചാർട്ടേഡ് വിമാനങ്ങൾക്കോ ഇത് ബാധകമല്ലെന്നും ഓർക്കണം.
5) യുഎഇയിലും ഖത്തറിലും കോവിഡ് 19 ടെസ്റ്റിനുള്ള സൗകര്യമുണ്ടെന്നും അതുകൊണ്ട് ഈ മാതൃക മറ്റു രാജ്യങ്ങളിലും ഏർപ്പാടാക്കണം എന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. എന്നാൽ ഇത് തികച്ചും നിരർത്ഥകമാണെന്നു വ്യക്തമാകുന്ന കണക്കുകൾ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിൽ ആരോഗ്യവകുപ്പ് സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം 18ാം തീയതിവരെ വിദേശത്തുനിന്ന് 1396 രോഗികളാണ് എത്തിയത്. ഇതിൽ 700 പേർ ടെസ്റ്റ് നടക്കുന്ന രാജ്യങ്ങളിൽ നിന്നാണ്. ടെസ്റ്റ് നടത്തിയാൽ രോഗികളെ ഒഴിവാക്കാമെന്ന സർക്കാരിന്റെ വാദമാണ് ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞത്.
6) മുഖ്യമന്ത്രി നിർദേശിച്ച ട്രൂനാറ്റ് ടെസ്റ്റിന് വിദേശ സർക്കാരുകൾ അനുമതി നല്കുമോ എന്ന കാര്യത്തിൽ സന്ദേഹമുണ്ട്. നമ്മൾ പറയുന്നതെല്ലാം ഗൾഫ് രാജ്യങ്ങളോ ഇന്ത്യൻ എംബസികളോ അനുസരിക്കുമെന്ന് മുഖ്യമന്ത്രി തെറ്റിദ്ധരിക്കരുത്. ഇന്ത്യാ ഗവൺമെന്റിന്റെ 'ഹെൽത്ത് പ്രോട്ടോക്കോൾ' ആണ് എംബസികൾക്ക് ബാധകം. ഗൾഫ് രാജ്യങ്ങൾക്ക് അവരുടേതും. ചുരുക്കിപ്പറഞ്ഞാൽ ഇത്തരം നിയന്ത്രണങ്ങൾ മൂലം പ്രവാസി മലയാളികൾക്ക് നാട്ടിലേയ്ക്ക് വരാനുള്ള വഴി കേരള ഗവൺമെന്റ് ബോധപൂർവം കൊട്ടിയടയ്ക്കുകയാണ്.
7) രോഗവ്യാപനം രൂക്ഷമാകുന്നതിന് മുൻപ് തന്നെ പ്രവാസികളെയും മറുനാടൻ മലയാളികളെയും നാട്ടിൽ എത്തിക്കാൻ അവസരം ഉണ്ടാക്കണമായിരുന്നു. അതിന് കഴിയാതെ പോയത് കേന്ദ്രഗവൺമെന്റിന്റെ തെറ്റായ നിലപാട് മൂലമാണ്.
8) കുവൈറ്റ് യുദ്ധം ഉണ്ടായപ്പോൾ മുഴുവൻ ഇന്ത്യാക്കാരെയും സൗജന്യമായി ഇന്ത്യാ ഗവൺമെന്റ് നാട്ടിൽ എത്തിച്ചു. നിതാഖത്ത് സമയത്ത് യു.ഡി.എഫ്. സർക്കാർ ആവശ്യമായവർക്ക് സൗജന്യ ടിക്കറ്റും നാട്ടിൽ എത്തിയശേഷം 2000 രൂപ വീതം പോക്കറ്റ് മണിയും നൽകി. പ്രവാസ ചരിത്രത്തിലെ ഏറ്റവും ദുരന്ത പൂർണ്ണമായ ഈ കാലഘട്ടത്തിൽ ഒരു പ്രവാസിക്കെങ്കിലും സൗജന്യ ടിക്കറ്റ് നൽകാൻ നോർക്കയ്ക്ക് കഴിഞ്ഞോ? ലോക കേരളസഭയ്ക്ക് വേണ്ടി കോടികൾ പൊടിപൊടിച്ച സർക്കാരാണിത്. തിരികെ എത്തിയ പ്രവാസികളിൽ ജോലി നഷ്ടപ്പെട്ടവർ നിലവിൽ 35,327 പേരുണ്ട് എന്നാണ് സർക്കാരിന്റെ കണക്ക്. അവർക്ക് ഒരുപൈസയുടെ സഹായമെങ്കിലും നൽകാൻ കേരള ഗവൺമെന്റിന് കഴിഞ്ഞോ?
9) കേരളത്തെ കേരളമാക്കിയത് പ്രവാസികളാണെന്നു നാം അഭിമാനപൂർവം സ്മരിക്കാറുണ്ടല്ലോ. 2016ൽ ഗൾഫിൽ നിന്നു കേരളത്തിലേക്ക് അയച്ചത് 1,35,609 കോടിയും 2017ൽ 1,52,348 കോടിയും 2018ൽ 1,69,944 കോടിയും (റിസർവ് ബാങ്ക് അവലംബം) രൂപയാണ്. ഈ തുകയുടെ ഒരു ശതമാനമെങ്കിലും തിരികെ കൊടുത്ത് അവരെ സഹായിക്കേണ്ട സന്ദർഭമാണ്. 1971 മുതലുള്ള 15 വർഷം കേരളത്തിന്റെ ശരാശരി സാമ്പത്തിക വളർച്ച വെറും 2.1 ശതമാനം ആയിരുന്നിടത്തുനിന്ന് 198788 മുതൽ കേരളം കുതിച്ചു കയറിയത് പ്രവാസികളുടെ പണത്തിലാണ്.
10) നോർക്കയുടെ കണക്ക് പ്രകാരം തിരിച്ചെത്താനായി നാലര ലക്ഷം പ്രവാസികളും ഒന്നരലക്ഷം മറുനാടൻ മലയാളികളുമാണ് വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച് 40 ദിവസം കഴിഞ്ഞാണ് നാമമാത്രമായി വന്ദേഭാരത് മിഷൻ വിമാനങ്ങൾ ആരംഭിച്ചത്. ഇന്നത്തെ നിലയ്ക്ക് പോയാൽ 6 മാസം കൊണ്ടുപോലും പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിയില്ല. ഗർഭിണികളായ സഹോദരിമാരുടെയും ജോലി നഷ്ടപ്പെട്ട് അലയുന്നവരുടെയും പ്രയാസങ്ങൾ കണ്ട് മനസ് വേദനിച്ചിട്ടാണ് കെ.എം.സി.സി., ഒ.ഐ.സി.സി., ഇൻകാസ്., മറ്റ് സാമൂഹ്യസാമുദായിക സംഘടനകൾ, മാദ്ധ്യമങ്ങൾ എന്നിവ മുൻകൈയെടുത്ത് ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തുവാൻ നടപടി സ്വീകരിച്ചത്. അവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ആ സർവ്വീസുകൾ മുടക്കാൻ സംസ്ഥാന ഗവൺമെന്റ് ശ്രമിച്ചത് ക്രൂരമായിപ്പോയി.
11) പ്രവാസികളുടെ നിലയ്ക്കാത്ത നിലവിളി ഉയർന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് യുഡിഎഫ് ഉപവാസ സമരം നടത്തിയത്. ഞങ്ങൾക്ക് രാഷ്ട്രീയ താല്പര്യങ്ങൾ ഇല്ല. എന്നാൽ പ്രവാസികളുടെ ദു:ഖവും വേദനയും നിസ്സഹായാവസ്ഥയും കാണാതെ പോകാൻ മാത്രം കഠിനഹൃദയരല്ല. പ്രവാസികളോടുള്ള നിലപാട് സർക്കാർ തിരുത്തുക തന്നെ വേണം.
12) കേരള ഗവൺമെന്റ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലവും തുടർന്ന് നോർക്ക പുറപ്പെടുവിച്ച ഉത്തരവും കേരളത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല. സുപ്രീംകോടതി തന്നെ ശ്രദ്ധേയമായ വിധിയിലൂടെ കുടിയേറ്റ തൊഴിലാളികൾക്ക് (ാശഴൃമി േംീൃസലൃ)െ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുവാനും അവരെ ജന്മനാട്ടിൽ തിരിച്ചെത്തിക്കാനും കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾക്ക് നിർദ്ദേശം നൽകി. പ്രവാസികളും ഒരർത്ഥത്തിൽ കുടിയേറ്റ തൊഴിലാളികൾ അല്ലേ? മറ്റുള്ളവർ ഇന്ത്യയ്ക്കകത്ത് കുടിയേറിയെങ്കിൽ പ്രവാസികൾ അന്യരാജ്യങ്ങളിൽ കുടിയേറിയെന്നു മാത്രം. രണ്ടു കൂട്ടരും ജോലിക്കും ജീവിക്കാനും വേണ്ടിയാണിതു ചെയ്തത്. കേരളത്തിൽ നിക്ഷേപവും തൊഴിലവസരങ്ങളും ഇല്ലാതെ വന്നതിനെ തുടർന്ന് മണലാരണ്യത്തിലേക്കു പോകാൻ നിർബന്ധിതരായവരാണ് പ്രവാസികൾ. അവരെ കുടിയേറ്റ തൊഴിലാളികളെപ്പോലെ പരിഗണിക്കാൻ കഴിയില്ലയെന്ന മുഖ്യമന്ത്രിയുടെ ചുമതലയിൽ ഉള്ള നോർക്കയുടെ ഉത്തരവ് അടിയന്തരമായി പിൻവലിക്കണം.
13) കോവിഡ്19 ജാഗ്രതാ നിർദ്ദേശങ്ങൾ പാലിച്ചും പ്രായോഗികമായ നടപടികൾ സ്വീകരിച്ചും എത്രയും വേഗം പ്രവാസികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണം.