Sorry, you need to enable JavaScript to visit this website.

ദുരഭിമാന കൊലപാതകം; ഭാര്യാപിതാവിനെ കുറ്റവിമുക്തനാക്കി കോടതി

ചെന്നൈ- നാലുവര്‍ഷം മുമ്പ് മകളുടെ ഭര്‍ത്താവായ ദളിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍  പിതാവിനെ കുറ്റവിമുക്തനാക്കി കോടതി. മദ്രാസ് ഹൈക്കോടതിയാണ് ശങ്കറിന്റെ ഭാര്യ കൗസല്യയുടെ പിതാവ് ചിന്നസ്വാമിയെ കുറ്റവിമുക്തനാക്കിയത്. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന വി ശങ്കറിനെ തിരുപ്പൂരുള്ള മാര്‍ക്കറ്റില്‍ വെച്ചാണ് ഇയാള്‍ വെട്ടിക്കൊലപ്പെടുത്തിയത്. 2017ല്‍ വിചാരണ കോടതി ഇയാള്‍ അടക്കമുള്ള ആറ് പേരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ആറ് പ്രതികളുടെയും വധശിക്ഷ പിന്നീട് ജീവപര്യന്തമായി വെട്ടിക്കുറച്ചിരുന്നു.

എന്നാല്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ചിന്നസ്വാമിയെ കുറ്റവിമുക്തനാക്കുകയും കൗസല്യയുടെ അമ്മയെയും അമ്മാവനെയും മറ്റൊരു പ്രതിയെയും തെളിവില്ലെന്ന് കാണിച്ച് വെറുതെവിട്ടു.തമിഴ്‌നാട്ടില്‍ വലിയരാഷ്ട്രീയ സ്വാധീനമുള്ള സമുദായമാണ് തേവര്‍മാര്‍. പട്ടികജാതിക്കാരനായ ശങ്കറിനെ കൗസല്യ വിവാഹം കഴിച്ചതില്‍ വലിയ എതിര്‍പ്പായിരുന്നു കുടുംബത്തിന്.

വിവാഹം കഴിഞ്ഞ് എട്ട് മാസങ്ങള്‍ക്ക് ശേഷം ഇരുവരും മാര്‍ക്കറ്റിലൂടെ പോകുമ്പോള്‍ ബൈക്കിലെത്തിയ മൂന്ന് പേര്‍ ആക്രമിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇരുവരെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെങ്കിലും ശങ്കര്‍ മരിക്കുകയും കൗസല്യ രക്ഷപ്പെടുകയും ചെയ്തു. പിന്നീട് ശങ്കറിന്റെ കുടുംബത്തിനൊപ്പം കഴിഞ്ഞിരുന്ന യുവതി രണ്ട് വര്‍ഷം മുമ്പ് വീണ്ടും വിവാഹിതയായിരുന്നു.
 

Latest News