Sorry, you need to enable JavaScript to visit this website.

കൊലവിളി പ്രകടനം; ഡി.വൈ.എഫ്.ഐ നേതാവിനെ നീക്കി

മലപ്പുറം-നിലമ്പൂരിനടുത്തു മൂത്തേടത്തു ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ കൊലവിളി പ്രകടനത്തിൽ ജില്ലാ കമ്മിറ്റി നടപടി. പ്രകടനത്തിന് നേതൃത്വം നൽകിയ ഷഫീഖിനെ പാർട്ടി ചുമതലകളിൽനിന്ന് നീക്കി. സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെയാണ് ജില്ലാ കമ്മിറ്റി തീരുമാനമെടുത്തത്. മൂത്തേടം മേഖല സെക്രട്ടറിയാണ് ഷഫീഖ്. ഷഫീഖിനെ പാർട്ടിയുടെ എല്ലാ ചുമതലകളിൽനിന്നും നീക്കിയതായി ജില്ലാ കമ്മിറ്റി അറിയിച്ചു.  അരിയിൽ ഷുക്കൂറിനെ അരിഞ്ഞുവീഴ്ത്തിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ലെന്നും തുരുമ്പെടുത്തിട്ടില്ലെന്നുമുള്ള പ്രകടനത്തിലെ മുദ്രാവാക്യങ്ങളാണ്  വിവാദമായിരിക്കുന്നത്. പ്രദേശത്തെ ഒരു വാട്‌സ് ആപ്പ് കൂട്ടായ്മയിലെ ചർച്ചയിൽ ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ വാക്പോര് ഇക്കഴിഞ്ഞ 17നു സംഘർഷത്തിൽ കലാശിച്ചിരുന്നു. എല്ലാ വിഭാഗത്തിൽപെട്ട ആളുകളുമുള്ള ഗ്രൂപ്പിൽ ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് വാക്പോരും സംഘർഷവും ഉണ്ടായത്. ഡിവൈഎഫഐ നേതാവിന്റെ ഗ്രൂപ്പിലൂടെയുള്ള വെല്ലുവിളിയെത്തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇയാളെ മർദിച്ചുവെന്നാണ് പറയുന്നത്. കഴിഞ്ഞ പതിനേഴാം തിയതിയായിരുന്നു സംഭവം. സംഘർഷത്തിൽ ഇരുവിഭാഗത്തിലെയും നാലു പേർക്കു വീതം പരിക്കേൽക്കുകയും ഇവർക്കെതിരെ എടക്കര പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ പിറ്റേദിവസം ഡി.വൈ.എഫ്.ഐ പ്രവർത്തകർ മൂത്തേടം ടൗണിൽ നടത്തിയ പ്രകടനത്തിലാണ് വിവാദ മുദ്രാവാക്യങ്ങൾ ഉയർത്തിയത്.
അന്നു വടക്കേ കണ്ണൂരിൽ, ഷുക്കൂറെന്നൊരു വേട്ടപ്പട്ടി വല്ലാതങ്ങ് കുരച്ചപ്പോൾ അരിഞ്ഞുതള്ളിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല. തുരുമ്പെടുത്ത് പോയിട്ടില്ല ഓർത്തോ ഓർത്തു കളിച്ചോളൂ, അരിഞ്ഞ് തള്ളും കട്ടായം' എന്ന് തുടങ്ങിയ പ്രകോപനപരമായ വരികളാണ് മുദ്രാവാക്യത്തിൽ ഉയർന്നത്. അതേസമയം, അരിയിൽ ഷുക്കൂറിനെ കൊന്നത് തങ്ങളാണെന്നു പരസ്യമായി സമ്മതിക്കുന്നതാണ് പ്രകടനത്തിലെ മുദ്രാവാക്യമെന്നും അത് നേതൃത്വത്തിന്റെ അറിവോടെയാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കാണിച്ച് മൂത്തേടം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ. സഫീറലി എടക്കര പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഡി.വൈ.എഫ്.ഐ പ്രകടനത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി എടക്കര പോലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ പറഞ്ഞു. എന്നാൽ, ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയെന്നത് ശരിയാണെന്നും അതിൽ കൊലവിളി മുദ്രാവാക്യം ഉയർത്തുന്ന ശബ്ദം കൃത്രിമമായി കയറ്റിയതാണെന്നുമായിരുന്നു സിപിഎം ലോക്കൽ സെക്രട്ടറി വി.കെ. ഷാനവാസ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയംഗം ശബീബ് മനയിൽ എന്നിവരുടെ വിശദീകരണം.

 

Latest News