അഹമ്മദാബാദ്- കേരളത്തിലെ പാലുല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഗുജറാത്തില്‍ നിന്നും മികച്ച ഇനം പശുക്കളെ എത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം. കൂടുതല്‍ പാല്‍ തരുന്ന ഗിര്‍ പശുക്കളെ കൊണ്ടു വരാന്‍ മൃഗസംരക്ഷണ വകുപ്പു മന്ത്രി കെ രാജു ഗുജറാത്തില്‍ പോയി ചര്‍ച്ച നടത്തി. പശുക്കളെ നല്‍കാമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഗോരക്ഷാ ഗുണ്ടകളുടെ ഭീഷണിയുള്ള ഗുജറാത്തിലൂടേയും മഹാരാഷ്ട്രയിലൂടെയും സുരക്ഷിതമായി എങ്ങിനെ റോഡു മാര്‍ഗം കേരളത്തിലെത്തിക്കുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍.
ഗുജറാത്തിലെ സൗരാഷ്ട്രയില്‍ ഗിര്‍ വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്ന തദ്ദേശീയ ഇനമാണ് ഗിര്‍ പശുക്കള്‍ എന്നറിയപ്പെടുന്നത്. മറ്റു പശുക്കളെ അപേക്ഷിച്ച് ധാരാളം പാല്‍ ചുരത്തുന്ന പശുക്കളാണ് ഇവ. വിലയും വളരെ ഉയര്‍ന്നതാണ്. പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ പശുക്കളെ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മന്ത്രി കെ രാജുവിന്‍രെ നേതൃത്വത്തില്‍ ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം ഗുജറാത്തിലെത്തി ചര്‍ച്ച നടത്തി.
200 ഗിര്‍ പശുക്കളെ കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗുജറാത്ത് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ബാബു ബൊഖിറിയ പറഞ്ഞു. ഗുജറാത്തിലൂടെയും മഹാരാഷ്ട്രയിലൂടെയും റോഡു മാര്‍ഗം കൊണ്ടു വരാന്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അന്തിമ തീരുമാനം അവര്‍ അറിയിച്ചിട്ടില്ലെന്നും ബൊഖിറിയ പറഞ്ഞു. ഗിര്‍ പശുക്കളെ വില്‍പ്പന നടത്താന്‍ ഗുജറാത്ത് സര്‍ക്കാരിനാവില്ല. എന്നാല്‍ സൗജന്യമായി നല്‍കാന്‍ കഴിയും. എങ്കിലും സ്വകാര്യ വ്യക്തികളില്‍ നിന്ന് വാങ്ങേണ്ടി വരും, മന്ത്രി പറഞ്ഞു.
ഗിര്‍ പശുക്കളെ ആവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാജുവും പറഞ്ഞു. കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് ഗോരക്ഷാ ഗുണ്ടകളില്‍ നിന്നും സുരക്ഷ നല്‍കാന്‍ ഗുജറാത്ത്, മഹാരാഷ്ട്ര സര്‍ക്കാരുകളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ എണ്ണത്തെ ഒന്നിച്ചു കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.






