അഞ്ചു സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍

രാഷ്ട്രപതി രാം നാഥ് കോവിന്ദ്

ന്യുഡല്‍ഹി- തമിഴ്‌നാട്, അരുണാചല്‍ പ്രദേശ്, ബിഹാര്‍, അസാം, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു കൊണ്ട് രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഉത്തരവിറക്കി. അസാം ഗവര്‍ണര്‍ ആയിരുന്ന ബന്‍വരിലാല്‍ പുരോഹിത് ആണ് പുതിയ തമിഴ്‌നാട് ഗവര്‍ണര്‍. രാഷ്ട്രീയ സാഹചര്യം കലുഷിതമായ തമിഴ്‌നാട്ടില്‍ മുഴുസമയ ഗവര്‍ണറുടെ അഭാവം നിഴലിച്ചിരുന്നു. പുതിയ ഗവര്‍ണറുടെ നിയമനത്തോടെ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളും തമിഴ്‌നാട്ടില്‍ സജീവമാകും. 

 

ബ്രിഗേഡിയര്‍ ബി ഡി മിശ്രയെ അരുണാചല്‍ ഗവര്‍ണറായി നിയമിച്ചു. ബിഹാറില്‍ സത്യപാല്‍ മാലിക് ഗവര്‍ണറാകും. അസാമിലെ പുതിയ ഗവര്‍ണര്‍ പ്രൊഫ. ജഗദീഷ് മുഖിയാണ്. നേരത്തെ അന്തമാന്‍ നിക്കോബാര്‍ ഗവര്‍ണറായിരുന്ന മുഖി ഡല്‍ഹി സര്‍ക്കാരിലും ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടോളം ഡല്‍ഹിയിലെ പ്രതിപക്ഷ നേതാവായിരുന്നു. 

 

മേഘാലയില്‍ ഗംഗ പ്രസാദ് പുതിയ ഗവര്‍ണറായി ചുമലയേല്‍ക്കും. ബിഹാറില്‍ 18 വര്‍ഷം നിയമസഭാ കൗണ്‍സില്‍ അംഗമായിരുന്ന പ്രസാദ് അഞ്ചു വര്‍ഷത്തോളം പ്രതിപക്ഷ എം എല്‍ സി നോതാവുമായിരുന്നു. മുന്‍നാവിക സേനാ ഉദ്യോഗസ്ഥനായ ദേവേന്ദ്ര കുമാര്‍ ജോഷിയാണ് പുതിയ അന്തമാന്‍ നിക്കോബാര്‍ ഗവര്‍ണര്‍. 2012 മുതല്‍ 2014 വരെ ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് ആയിരുന്നു. 1996 മുതല്‍ 99 വരെ സിങ്കപൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ പ്രതിരോധ ഉപദേശക പദവിയും വഹിച്ചിട്ടുണ്ട്. 

 

Latest News