Sorry, you need to enable JavaScript to visit this website.

മുസ്ലിം പീഡനത്തിനെതിരെ നടപടി വൈകിയത് വ്യാപാര ചര്‍ച്ചകള്‍ കാരണമെന്ന് ട്രംപ്

ചൈനയിലെ സിന്‍ജിയാംഗില്‍ ഉയിഗൂർ മുസ്ലിംകളെ തടവിലാക്കിയ ക്യാമ്പ്.

വാഷിംഗ്ടണ്‍- പത്ത് ലക്ഷത്തോളം ഉയിഗൂര്‍ മുസ്ലിം വംശജരെ ക്യാമ്പുകളില്‍ അടച്ച് പീഡിപ്പിച്ച ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം നീട്ടിവെച്ചത് വ്യാപാര ചര്‍ച്ചകള്‍ ആരംഭിച്ചതിനാലാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ചൈനയുമായുള്ള വ്യാപാര ചര്‍ച്ച തടസ്സപ്പെടാതിരിക്കാനാണ് ഉപരോധ നടപടികള്‍ പ്രഖ്യാപിക്കാതിരുന്നതെന്ന് ആക്‌സിയോസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സിന്‍ജിയാങ് മേഖലയിലെ അടിച്ചമര്‍ത്തലിനും പീഡനത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു കൊണ്ട് ട്രഷറി ഉപരോധ നടപടികള്‍ സ്വീകരിച്ചില്ലെന്ന ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി.

സിന്‍ജിയാംഗിലെ ക്യാമ്പുകളില്‍ പത്ത് ലക്ഷത്തോളം മുസ്ലിംകളെ തടവിലാക്കിയെന്നാണ് യു.എന്‍ കണക്കാക്കുന്നത്. മുസ്ലിംകളെ മര്‍ദിക്കുകയും പീഡിപ്പിക്കുകയുമാണെന്ന് യു.എസ് വിദേശകാര്യ വകുപ്പും വ്യക്തമാക്കിയിരുന്നു.
തീവ്രവാദം തടയുന്നതിനും തൊഴില്‍ പരിശീലനം നല്‍കുന്നതിനുമാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ചൈനയുടെ വിശദീകരണം. 2018 ല്‍തന്നെ ഉയിഗൂര്‍ പ്രശ്‌നത്തില്‍ ഉപരോധം പരിഗണിച്ചിരുന്നുവെങ്കിലും വ്യാപര ചര്‍ച്ചകളും നയതന്ത്ര പരിഗണനകളും മുന്നില്‍വെച്ചാണ് തീരുമാനം നീട്ടിയതെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Latest News