ന്യൂഡല്‍ഹി- കടുത്ത തൊഴില്‍ ചൂഷണം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഐ എല്‍ ബി എല്‍ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ട മലയാളി നഴ്‌സ് ആത്മഹത്യയ്ക്കു ശ്രമിച്ച കേസില്‍ നഴ്സുമാരുടെ പ്രതിഷേധം ശക്തമാകുന്നു. കൈ ഞരമ്പ് മുറിച്ചാണ് ആലുപ്പഴ സ്വദേശിയായ യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചത്. അഞ്ചു വര്‍ഷമായി ഈ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സേവനം ചെയ്തു വരികയായിരുന്ന ഈ നഴ്‌സിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലെ ചൂഷണത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പരാതി നല്‍കിയിരുന്നു. ഇതിന് പ്രതികാരമായാണ് കഴിഞ്ഞ ദിവസം യുവതിയെ ആശുപത്രി അധികൃതര്‍ പിരിച്ചു വിട്ടത്. അപകടനില തരണം ചെയ്ത യുവതി ഇപ്പോള്‍ എയിംസില്‍ ചികിത്സയിലാണ്.
ഈ ആശുപത്രിയിലെ ചൂഷണങ്ങള്‍ക്കെതിരെ പരാതിയുള്ള നഴ്‌സുമാര്‍ ഇതോടെ പ്രതിഷേധം ശക്തമാക്കി. ആശുപത്രിക്കു പുറത്ത് മലയാളി നഴ്‌സുമാര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം ആരംഭിച്ചു. ആശുപത്രി അധികൃതര്‍ വഴങ്ങാത്ത നിലപാടാണ് സ്വീകരിക്കുന്നത്. നഴ്‌സുമാരില്‍ ചിലരെ ആശുപത്രിയില്‍ പൂട്ടിയിട്ടതായി സമര രംഗത്തുള്ള നഴ്‌സുമാര്‍ പറയുന്നു. ഡ്യൂട്ടി കഴിഞ്ഞ് നഴ്‌സുമാരെ പുറത്തു പോകാന്‍ അനുവദിക്കാതെ ഇവരെ ഡബിള്‍ ഡ്യൂട്ടി എടുക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും നഴ്‌സുമാര്‍ ആരോപിച്ചു.
ആശുപത്രിക്കു പുറത്തു നടക്കുന്ന സമരത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം സുരക്ഷാ ജീവനക്കാരാണ് ഇവരെ പൂട്ടിയിട്ടതെന്ന് നഴ്‌സുമാര്‍ പറയുന്നു. ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങാന്‍ ഒരുങ്ങിയപ്പോഴാണ് തങ്ങളെ പൂട്ടിയിട്ടതായി ഇവര്‍ അറിയുന്നത്.
അതേസമയം ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഇതുവരെ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒത്തു തീര്‍പ്പിനു തയാറല്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്. രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത് ആശുപത്രി അടച്ചിടാന്‍ നീക്കമുള്ളതായും സൂചനയുണ്ട്. ഈയിടെ കാരണം വ്യക്തമാക്കാതെ ഇരുപതോളം നഴ്‌സുമാരെ കരാര്‍ ്പുതുക്കാതെ ഈ ആശുപത്രിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജൂലൈയില്‍ നഴ്‌സുമാര്‍ നടത്തിയ അനിശ്ചിതകാല സമരം ഡല്‍ഹി തൊഴില്‍ മന്ത്രിയുടെ ഇടപെടലിലൂടെയാണ് അവസാനിപ്പിച്ചത്. എന്നാല്‍ ഈ സമരത്തില്‍ പങ്കെടുത്ത നഴ്‌സുമാര്‍ക്കെതിരെ പ്രതികാര നടപടികള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടായെന്നും നഴ്‌സുമാര്‍ പറയുന്നു.