കോവിഡ് പരിശോധനയുടെ പേരില്‍ സൈബര്‍ തട്ടിപ്പിന് സാധ്യത

ന്യൂദല്‍ഹി- കോവിഡ് പരിശോധനയുടെ പേരില്‍ രാജ്യത്ത് വന്‍ സൈബര്‍ ആക്രമണം നടക്കാനിടയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. സര്‍ക്കാര്‍ ഏജന്‍സികളുടെ പേരിലുളള വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ വഴി വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുകയും സാമ്പത്തിക തട്ടിപ്പ് നടത്തുകയുമാണ് ലക്ഷ്യം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ തയാറാക്കിയ വ്യാജ ഇ-മെയില്‍ സന്ദേശവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.


കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയോ സംസ്ഥാന ആരോഗ്യ വകുപ്പിന്റെയോ, അതുമല്ലെങ്കില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയോ ഏജന്‍സികളുടെയോ പേരിലാണ് ഇ-മെയില്‍ അയക്കുക. കോവിഡ് വ്യാപനം അതിരൂക്ഷമായ ഇടങ്ങളില്‍ രോഗ നിര്‍ണയ പരിശോധ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഇ-മെയിലിനോട് ഒപ്പമുള്ള പേജില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം. പാന്‍ കാര്‍ഡ്, ആധാര്‍, മറ്റ് തിരിച്ചറിയല്‍ രേഖകളുടെ വിശദാംശങ്ങള്‍ നല്‍കണം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പങ്കുവെക്കാനും ആവശ്യപ്പെടും. കോവിഡ് പരിശോധനക്ക് സാംപിള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ വീട്ടിലെത്തുമെന്നും മെയിലില്‍ അറിയിപ്പുണ്ടാകും. പരിശോധനക്ക് ചിലപ്പോള്‍ നിശ്ചിത ഫീസ് മുന്‍കൂറായി ആവശ്യപ്പെടുകയും ഇത് വൈകാതെ തിരികെ നല്‍കുമെന്ന വാഗ്ദാനവുമുണ്ടാകും. രാജ്യമാകെ വന്‍ സൈബര്‍ ആക്രമണം നടത്താനുള്ള കെണിയാണിതെന്നാണ് കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്.


[email protected] തുടങ്ങിയ ഐ.ഡികളില്‍ നിന്നാകും മെയില്‍ എത്തുക. മന്ത്രാലയങ്ങളുടെ യഥാര്‍ഥ ഇ-മെയില്‍ വിലാസവുമായി ഇത്തരം വിലാസങ്ങള്‍ക്ക് സാമ്യമുണ്ടാകും. ഇരുപത് ലക്ഷത്തിലധികം പേരുടെ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞുവെന്ന അവകാശവാദവുമുണ്ടാകാം. എസ്.എം.എസും സമൂഹമാധ്യമ സന്ദേശങ്ങള്‍ വഴിയും ഇത്തരം സൈബര്‍ ആക്രമണം നടക്കാം. കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേരിട്ടുള്ള നിര്‍ദേശങ്ങള്‍ മാത്രമെ പരിഗണിക്കാവൂ എന്നും ഇത്തരം വ്യാജ മെയിലുകള്‍ ലഭിച്ചാല്‍ സൈബര്‍ സെല്ലിനെയോ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെയോ അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

Latest News