ബീജിംഗ്- ചൈനീസ് തലസ്ഥാനത്ത് പുതിയ കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് നിയന്ത്രണ നടപടികള്‍ ശക്തമാക്കി. അമേരിക്കയിലെ പ്രധാന പോള്‍ട്രി ഉല്‍പാദകരില്‍ നിന്നുള്ള കോഴി ഇറക്കുമതി നിരോധിച്ചു. ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനത്തിനും വിതരണത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ബീജിംഗിലെ പെപ്‌സി ഫാക്ടറി അടച്ചു.
തലസ്ഥാനത്ത് 22 പുതിയ കോവിഡ് കേസുകള്‍ കൂടി ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. ബീജിംഗിലെ ഒരു മൊത്തവ്യാപാര കേന്ദ്രത്തില്‍നിന്ന് ആരംഭിച്ചുവെന്ന് കരുതുന്ന കോവിഡ് രണ്ടാം തരംഗം പിടിച്ചുകെട്ടാന്‍ തലസ്ഥാനത്തെ 20 ലക്ഷം ജനങ്ങളിലാണ് അതിവേഗത്തില്‍ പരിശോധന പൂര്‍ത്തിയാക്കിയത്.
അമേരിക്കയിലെ ടൈസണ്‍ ഫുഡ്‌സില്‍ നിന്നുള്ള കോഴി ഇറക്കുമതി തല്‍ക്കാലം നിര്‍ത്തിവെച്ചതായി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് അറിയിച്ചു. അമേരിക്കയില്‍ കമ്പനിയുടെ ഉല്‍പാദന കേന്ദ്രങ്ങളിലൊന്നില്‍ വൈറസ് പൊട്ടിപ്പുറപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്. ടൈസണില്‍ നിന്ന് ചൈനയില്‍ എത്തിച്ചേര്‍ന്ന ഉല്‍പന്നങ്ങള്‍ കണ്ടുകെട്ടും. നിരവധി ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യു.എസ് ശീതളപാനീയ കുത്തകയായ പെപ്‌സി കമ്പനിയുടെ ബീജിംഗിലെ പ്ലാന്റുകള്‍ അടച്ചപൂട്ടാനുള്ള നിര്‍ദേശമെന്ന് കമ്പനി വക്താവ് ഫാന്‍ ഷിമിന്‍ സ്ഥിരീകരിച്ചു. കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലായ 87 പേരെ ക്വാറന്റൈന്‍ ചെയ്തതായും അവര്‍ പറഞ്ഞു.
ബീജിംഗിലെ സിന്‍ഫാദി മാര്‍ക്കറ്റില്‍ ഇറക്കുമതി ചെയ്ത സല്‍മോന്‍ മുറിക്കുന്ന കട്ടിംഗ് ബോര്‍ഡില്‍ കണ്ടെത്തിയ കോവിഡ് വൈറസ് ഇതിനകം 220 ലധികം ആളുകളിലാണ് സ്ഥിരീകരിച്ചത്. ബീജിംഗ് നഗരത്തില്‍ 70 ശതമാനം ഫ്രഷ് മത്സ്യ, മാംസങ്ങള്‍ വിവതരണം ചെയ്യുന്ന സിന്‍ഫാദി മാര്‍ക്കറ്റ് അടച്ചിട്ടിരിക്കയാണ്. ഇവിടെ നിന്ന് വാങ്ങി സൂക്ഷിച്ചിരിക്കുന്ന ഫ്രോസന്‍ ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. യു.എസിനു പുറമെ ജര്‍മനിയിലും ഉല്‍പാദന കേന്ദ്രങ്ങളില്‍ പുതിയ കോവിഡ് ക്ലസ്റ്ററുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഉയര്‍ന്ന അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഫ്രഷ് ഉല്‍പന്നങ്ങള്‍ പരിശോധിക്കുന്നതിന് ചൈനയില്‍ മൊത്തത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. റസ്‌റ്റോറന്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മറ്റു മാര്‍ക്കറ്റുകള്‍, ഭക്ഷ്യവസ്തു വിതരണ വാഹനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവരെ പ്രത്യേകം ലക്ഷ്യമിട്ട് പരിശോധന നടത്തുകയാണെന്ന് ബീജിംഗ് മുനിസിപ്പല്‍ ഹെല്‍ത്ത് ഉദ്യോഗസ്ഥന്‍ ഗാവോ സിയാവോജുന്‍ അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് നഗരത്തിലെ നിരവധി പാര്‍പ്പിട കേന്ദ്രങ്ങള്‍ അടച്ചിട്ടുണ്ട്.