Sorry, you need to enable JavaScript to visit this website.

കോവിഡ്: കേരളത്തിൽ സമൂഹവ്യാപനം  നടന്നുവെന്ന് ഐ.സി.എം.ആർ

തിരുവനന്തപുരം- കേരളത്തിൽ സാമൂഹ്യവ്യാപനം നടന്നു എന്ന് ഐ.സി.എം.ആർ റിപ്പോർട്ട്. സംസ്ഥാനത്ത് കോവിഡ് ലക്ഷണങ്ങളില്ലാത്തവരിൽ നടത്തിയ പരിശോധനയിൽ നാലു പേർക്ക് പോസിറ്റീവാണെന്ന് കണ്ടെത്തി. സംസ്ഥാനത്ത് സാമൂഹ്യവ്യാപനം നടന്നുകഴിഞ്ഞു എന്നതിന്റെ സൂചനയായാണ് ഐ.സി.എം.ആർ റിപ്പോർട്ടിനെ വിലയിരുത്തുന്നത്.
സംസ്ഥാനത്ത് സമൂഹ വ്യാപനമുണ്ടോയെന്നറിയാൻ ഐ.സി.എം.ആർ മൂന്നുകോടി ജനസംഖ്യയുള്ള കേരളത്തിൽ 1200 പേരിലാണ് സർവേ നടത്തിയത്. ഓരോ ജില്ലകളിലും തെരഞ്ഞെടുത്ത പത്തുപ്രദേശങ്ങളിൽ നിന്നുള്ളവരുടെ സാമ്പിളുകളാണ് പരിശോധന്ക്ക് എടുത്തത്. പത്തുലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലകളിൽനിന്നും വെറും 40 പേരുടെ സാമ്പിൾ ശേഖരിച്ചു. ഇത്തരത്തിൽ ശേഖരിച്ചവരിൽ നാലു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത രോഗബാധ സംസ്ഥാനത്ത് വർദ്ധിക്കുന്ന അവസരത്തിൽ നാല് പേർക്ക് പോസിറ്റീവായത് അതീവ ഗൗരവത്തോടെ കാണണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


മെയ് മൂന്നു മുതലാണ് സാമ്പിൾ ശേഖരണം ആരംഭിച്ചത്. എന്നാൽ രോഗവ്യാപനം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിന് മുമ്പുതന്നെ സാമ്പിളികൾ ശേഖരിച്ച് റിപ്പോർട്ട് അനലൈസിംഗ് നടത്തിക്കഴിഞ്ഞു. മെയ് നാലിന് ശേഷം ഉറവിടം അറിയാത്ത 51 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്നും സാമ്പിളുകൾ പരിശോധിച്ചാൽ പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകുമെന്ന് ഐ.സി.എം.ആർ വിലയിരുത്തുന്നു.
സംസ്ഥാനത്ത് ഉറവിടമറിയാത്ത കൊറോണ രോഗികളുടെ ആകെ എണ്ണം 73 ആണ്. രോഗബാധിതരുമായി നേരിട്ട് ബന്ധമില്ലാത്തതും  പ്രായം കുറഞ്ഞതും രോഗ സാധ്യത ഇല്ലാത്തവരിലുമാണ് പരിശോധന നടത്തിയെതന്നത് ശ്രദ്ധേയമാണ്. വൈറസ് ബാധിക്കുമ്പോൾ പ്രതിരോധിക്കാന് ശരീരം ഉൽപാദിപ്പിക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യമാണ് പരിശോധിച്ചത്. പോസിറ്റീവ് എന്നു കണ്ടെത്തിയവർക്ക് മുമ്പ് രോഗം ബാധിച്ച് സുഖപ്പെട്ടിരിക്കാം. എന്നാൽ ഇവരിൽനിന്നും എത്രത്തോളം പേർക്ക് രോഗം പകർന്നു എന്നതും ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കും.


രോഗം കണ്ടെത്തിയ ജില്ലകൾ തൃശൂർ, എറണാകുളം എന്നിവയാണ്. തൃശൂർ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ നിന്നും 400 പേരുടെ സാമ്പിളാണ് പരിശോധിച്ചത്. തൃശൂരിൽ മൂന്നുപേർക്കും എറണാകുളത്ത് ഒരാൾക്കുമാണ് പോസിറ്റീവ് എന്ന് കണ്ടെത്തിയിരിക്കുന്നത്. പാലക്കാട് ആർക്കും രോഗബാധ കണ്ടെത്തിയില്ല. ഐ.സി.എം.ആറിന്റെ രാജ്യവ്യാപക സർവേയുടെ ഭാഗമാണ് പരിശോധന നടന്നത്. രോഗബാധ കണ്ടെത്തിയ പഞ്ചായത്തുകളുടെ വിശദാംശങ്ങൾ ഐ.സി.എം.ആറിനോട് സർക്കാർ ആവശ്യപ്പെട്ടുണ്ട്. ഈ പഞ്ചായത്തുകളിൽ കൂടുതൽ പേരിൽ ആന്റി ബോഡി പരിശോധന നടത്തുമെന്ന് ആരോഗ്യ സെക്രട്ടറി ഡോ. രാജന് എൻ. ഖോബ്രഗഡെ വ്യക്തമാക്കി. റിപ്പോർട്ട് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഐ.സി.എം.ആർ കൈമാറും. സംസ്ഥാനം നടത്തിയ ആന്റിബോഡി പരിശോധനാ ഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിൽ കൂടുതൽ ആശങ്ക ഉളവാക്കുന്ന കണക്കുകളാണെന്നാണ് റിപ്പോർട്ടുകൾ.


 

Latest News