Sorry, you need to enable JavaScript to visit this website.

വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ  വീട്ടിലെത്തിച്ച് കൺസ്യൂമർ ഫെഡ്‌

കൺസ്യൂമർ ഫെഡ് ഒരുക്കുന്ന 'വീട്ടുമുറ്റത്തൊരു സ്‌കൂൾ മാർക്കറ്റ്' പദ്ധതിയുടെ ഉദ്ഘാടനം കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് കോഴിക്കോട്ട് നിർവഹിക്കുന്നു. 

കോഴിക്കോട് - കോവിഡ് അതിജീവനകാലത്ത് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വീട്ടിലെത്തിച്ച് കൺസ്യൂമർ ഫെഡ്. 'വീട്ടുമുറ്റത്തൊരു സ്‌കൂൾ മാർക്കറ്റ്' എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് കോഴിക്കോട്ട് നിർവഹിച്ചു. 
കോഴിക്കോട് നടക്കാവിലെ വീടുകളിൽ വിതരണം ചെയ്തായിരുന്നു ഉദ്ഘാടനം. ഇന്ന് മുതൽ സംസ്ഥാനത്തൊന്നാകെ പഠനോപകരണങ്ങൾ വീടുകളിലെത്തിച്ച് വിതരണം തുടങ്ങിയെന്ന് മെഹബൂബ് പറഞ്ഞു. ത്രിവേണി ഔട്ട്ലെറ്റുകൾക്കായിരിക്കും വിതരണത്തിന്റെ മേൽനോട്ടം. രണ്ടുപേർ വീതമുള്ള സംഘങ്ങളായി കൺസ്യൂമർ ഫെഡ് ജീവനക്കാർ തന്നെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വിതരണം നടത്തും.


കോവിഡ് കാലത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കും പതിവുപോലെ ത്രിവേണിയൊരുക്കുന്ന സ്‌കൂൾ മാർക്കറ്റുകളിൽ എത്തിപ്പെടാനാവില്ല. ഇതു പരിഗണിച്ചാണ് വീടുകളിലേക്ക് വിതരണം വ്യാപിപ്പിച്ചതെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് പറഞ്ഞു. നോട്ട് ബുക്ക്, സ്‌കൂൾ ബാഗ്, കുട തുടങ്ങി എല്ലാവിധ പഠനോപകരണങ്ങളും ഇക്കുറിയും കൺസ്യൂമർ ഫെഡ് വിൽപനക്ക് ഒരുക്കിയിട്ടുണ്ട്. പൊതു വിപണിയിലേതിനേക്കാൾ 40 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും. ഇതിനു പുറമെ 'സ്‌കൂൾ വണ്ടി' 'നോട്ട് ബുക്ക് വണ്ടി' എന്നീ പേരുകളിൽ സഞ്ചരിക്കുന്ന സ്‌കൂൾ മാർക്കറ്റുകളും കൺസ്യൂമർ ഫെഡ് ഒരുക്കുന്നുണ്ട്. ഗ്രാമ പ്രദേശങ്ങളിലുള്ള വിദ്യാർഥികൾക്ക് ഈ പദ്ധതി സഹായകമാവും. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായിരിക്കും ഈ സേവനം ലഭ്യമാകുക.
 

Latest News