Sorry, you need to enable JavaScript to visit this website.

ശൈലജ ടീച്ചർക്കെതിരായ പരാമർശം; മുല്ലപ്പള്ളിക്കെതിരെ പടയൊരുക്കം

തിരുവനന്തപുരം- ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർക്കെതിരെ വിവാദ പരാമർശം നടത്തിയ വിഷയത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പാർട്ടിക്കുള്ളിലും, മുന്നണിയിലും പടയൊരുക്കം. കെ.പി.സി.സി പ്രസിഡന്റിന്റെ വിവാദ പരാമർശത്തിന്റെ പാപഭാരം മുല്ലപ്പള്ളിക്കു മാത്രമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. 
പ്രവാസി വിഷയത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള നല്ലൊരു അവസരം മുല്ലപ്പള്ളിയുടെ പ്രതികരണത്തിലൂടെ കളഞ്ഞു കുളിച്ചെന്ന് കോൺഗ്രസിലും, യു.ഡി.എഫിലും വിമർശനമുണ്ട്. കെ.പി.സി.സിയുടെ നിയന്ത്രണം എ, ഐ ഗ്രൂപ്പ് നേതാക്കളായ ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയും കൈക്കലാക്കണമെന്ന് ഹൈക്കമാൻഡിനോട് നേതാക്കൾ ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. 


ആരോഗ്യമന്ത്രിയെ 'കോവിഡ് റാണി, നിപ്പ രാജകുമാരി' എന്ന് വിളിച്ച് അപമാനിച്ചതും, സിസ്റ്റർ ലിനിയുടെ ഭർത്താവ് ജോലി ചെയ്യുന്ന സ്ഥലത്ത് കെ.പി.സി.സി നിർദേശപ്രകാരം പ്രതിഷേധ പ്രകടനം നടത്തിയതും മുല്ലപ്പള്ളിയുടെ തീരുമാനമായിരുന്നു. ഇത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. ഔദ്യോഗികമായി ഈ വിഷയത്തിൽ മുല്ലപ്പള്ളിയെ പിന്തുണയ്ക്കുന്നുവെന്ന് വരുത്താനാണ് മുതിർന്ന നേതാക്കളുടെ ശ്രമം. ആരോഗ്യമന്ത്രിക്ക് എതിരായ പരമാർശം ശരിയായില്ലെന്നും ഇത് ഒഴിവാക്കാമായിരുന്നു വെന്നും പ്രധാന ഘടക കക്ഷിയായ മുസ്‌ലിം ലീഗിന്റെ നിലപാട്. പ്രസ്താവനയുടെ ഉത്തരവാദിത്തം പൂർണമായും മുല്ലപ്പള്ളിക്കാണ്. അത് യു.ഡി.എഫിന്റെ അഭിപ്രായമല്ലെന്നും മുസ്‌ലിം ലീഗ് നേതാക്കൾ വ്യക്തമാക്കി. എന്തു പറയണമെന്ന് തീരുമാനിക്കേണ്ടത് കെ.പി.സി.സി അധ്യക്ഷൻ തന്നെയാണ്. പ്രസ്താവന പിൻവലിക്കണോ വേണ്ടയോ എന്ന നിലപാടെടുക്കേണ്ടതും അദ്ദേഹമാണ്. എന്നാൽ പറഞ്ഞത് ശരിയായില്ലെന്നും വ്യക്തിപരമായ പരാമർശം ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ലീഗിന്റെ അഭിപ്രായമെന്നുമായിരുന്നു മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദിന്റെ പ്രതികരണം. 
മുല്ലപ്പള്ളി തന്നെ വിവാദ പ്രസ്താവനകളിൽനിന്ന് തലയൂരട്ടെയെന്ന നിലപാട് ഹൈക്കമാൻഡിന്റെ നിർദേശത്തെ തുടർന്ന് ഗ്രൂപ്പു നേതാക്കൾ തിരുത്തി. കോൺഗ്രസിനെ ദുർബലപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്ന പത്രക്കുറിപ്പ് ഉമ്മൻചാണ്ടി ഇറക്കി. മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തലയും രംഗത്തെത്തി. 


എന്നാൽ ഇരുവരും മുല്ലപ്പള്ളി നടത്തിയ വിവാദ പരാമർശത്തിൽ തൊട്ടില്ലെന്നതും ശ്രദ്ധേയമായി. മുല്ലപ്പള്ളി രാമചന്ദ്രൻ പാർട്ടിക്കുള്ളിൽ ഏകാധിപതി ചമയുകയാണെന്നും, വേണ്ടത്ര കൂടിയാലോചനകൾ നടത്തുന്നില്ലെന്നും എ, ഐ ഗ്രൂപ്പുകൾ നേരത്തെ ഹൈക്കമാന്റിന് പരാതി നൽകിയിരുന്നു.
മുല്ലപ്പള്ളിക്കെതിരായ നീക്കങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി ഇരു വിഭാഗങ്ങളിലെയും നേതാക്കൾ ഹൈക്കമാന്റിനെ സമീപിച്ചു. യു.ഡി.എഫിലെ പ്രമുഖ ഘടകകക്ഷിയായ മുസ്‌ലിം ലീഗ് അടുത്ത ദിവസം തന്നെ കെ.പി.സി.സി പ്രസിഡന്റിനെതിരെയുള്ള തങ്ങളുടെ അതൃപ്തി ഹൈക്കമാന്റിനെ അറിയിക്കുമെന്നാണ് സൂചന.

 

Latest News