മുംബൈ- ബോളിവുഡിലെ പ്രശസ്ത നടനും സംവിധായകനും എഴുത്തുകാരനുമായി ടോം ആൾട്ടർ അന്തരിച്ചു. 67 വയസായിരുന്നു. വെള്ളിയാഴ്്ച്ച രാത്രി മുംബൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ചർമത്തിന് കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 2008-ൽ പത്മശ്രീ അവാർഡും നേടി.
1990-കളിൽ സംപ്രേക്ഷണം ചെയ്ത ജുനൂൻ എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്. ഇന്ത്യയുടെ ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറുടെ ആദ്യ ടെലിവിഷൻ അഭിമുഖം എടുത്തത് ആൾട്ടറായിരുന്നു.
മസൂറിയിൽ 1950-ലാണ് അമേരിക്കൻ മിഷണറിമാരുടെ മകനായി ആൾട്ടർ ജനിച്ചത്. മസൂറിയിലെ വുഡ്‌സ്‌റ്റോക് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് പഠനത്തിനായി അമേരിക്കയിലേക്ക് പോയെങ്കിലും 1970-കളിൽ തിരികെ ഇന്ത്യയിലെത്തി. 1972-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ ചേർന്നു. റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി, വൺ നൈറ്റ് വിത്ത് ദ കിംഗ് തുടങ്ങിയ വിദേശ സിനിമകളിൽ അഭിനയിച്ചു. ബംഗാളി, അസമീസ്, തമിഴ് തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും ആൾട്ടർ അഭിനയിച്ചു. മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മരണവിവരം കുടുംബമാണ് അറിയിച്ചത്. കാൻസറിന്റെ നാലാം ഘട്ടത്തിലായിരുന്നു ആൾട്ടർ. ഭാര്യ കരോൾ. മക്കൾ: ജെയ്മി, അഫ്ഷാൻ.