Sorry, you need to enable JavaScript to visit this website.

ശ്രീജ നെയ്യാറ്റിൻകര വെൽഫെയർ പാർട്ടിയിൽനിന്ന് രാജിവെച്ചു

തിരുവനന്തപുരം-  വെൽഫെയർ പാർട്ടിയിൽനിന്ന് രാജിവെക്കുന്നതായി അറിയിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകര കത്ത് നൽകി. ഒൻപതു വർഷങ്ങളായി തുടരുന്ന വെൽഫെയർ പാർട്ടിയുമൊത്തുള്ള രാഷ്ട്രീയ സഞ്ചാരം അവസാനിപ്പിച്ചു കൊണ്ട് സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലത്തിന് രാജിക്കത്ത് നൽകിയതായി ശ്രീജ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ശ്രീജയുടെ സോഷ്യൽ മീഡിയാ ഇടപെടലുകളെ തുടർന്നു വെൽഫെയർ പാർട്ടി സംസ്ഥാന പ്രവർത്തക സമിതി മൂന്നു മാസത്തേക്ക് പാർട്ടി സംസ്ഥാന വൈസ് പ്രസിസൻറ് സ്ഥാനത്തു നിന്നും എക്‌സിക്യൂട്ടിവിൽ നിന്നും ജൂൺ 10ന് സസ്‌പെൻറ് ചെയ്തിരുന്നു. പാലത്തായിയിലെ സ്‌കൂൾ അധ്യാപകനായ ബി.ജെ.പി നേതാവ് പ്രതിയായ പോക്‌സോ കേസ്, സംഘ് പരിവാറിന്റെ സൈബർ ആക്രമണം തുടങ്ങിയ വിഷയങ്ങളിൽ നടത്തിയ സോഷ്യൽ മീഡിയാ ഇടപെടലുകൾ ക്കെതിരെ ആയിരുന്നു സസ്‌പെൻഷൻ എന്നു കത്തിൽ സൂചിപ്പിക്കുന്നു.

ശ്രീജയുടെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം

വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന എന്റെ സോഷ്യൽ മീഡിയാ ഇടപെടലുകളെ തുടർന്ന് (പാലത്തായിയിലെ സ്‌കൂൾ അധ്യാപകനായ ബി ജെ പി നേതാവ് പ്രതിയായ പോക്‌സോ കേസ്, എനിക്കെതിരെയുള്ള സംഘ് പരിവാർ സൈബർ ആക്രമണം) എനിക്കെതിരെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രവർത്തക സമിതിയെടുത്ത അച്ചടക്ക നടപടിയുടെ അറിയിപ്പ് കിട്ടി. ( 2020 ജൂൺ 10 മുതൽ മൂന്നു മാസത്തേക്ക് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും എക്‌സിക്യൂട്ടിവിൽ നിന്നും സസ്‌പെൻഷൻ ) പ്രസ്തുത നടപടി, 2020 മെയ് പന്ത്രണ്ടിന് വിശദീകരണം ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് എനിക്ക് നൽകിയ കത്തിനു മറുപടിയായി ഞാൻ നൽകിയ വിശദീകരണം തൃപ്തികരമാകാത്തത് കൊണ്ടാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു.

എന്നാൽ ഞാൻ നൽകിയ മറുപടിയിൽ സത്യവിരുദ്ധമായ യാതൊരു കാര്യങ്ങളുമില്ല എന്ന ബോധ്യം എനിക്കുണ്ട്. പാർട്ടിയിൽ നിന്ന് എനിക്ക് അനുഭവേദ്യമായ കാര്യങ്ങൾ സത്യസന്ധമായി ഞാൻ കത്തിലൂടെ വിശദീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്രസ്തുത നടപടി യാതൊരു കാരണവശാലും എനിക്ക് അംഗീകരിക്കാവുന്നതല്ല.

വെൽഫെയർ പാർട്ടിയുടെ രൂപീകരണ കാലം മുതൽ കഴിഞ്ഞ ഒൻപതു വർഷത്തോളം ഞാൻ വെൽഫെയർ പാർട്ടിയോടൊപ്പം സഞ്ചരിച്ചത് നയപരമായ യോജിപ്പുകളുടേയും ജനാധിപത്യപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വിയോജിക്കാനുള്ള അവകാശങ്ങളുടേയും അടിസ്ഥാനത്തിലായിരുന്നു. എന്നാലിപ്പോൾ പാർട്ടിയുടെ രാഷ്ട്രീയത്തോടും പ്രവർത്തന രീതിയോടും യോജിപ്പുകളേക്കാൾ വിയോജിപ്പുകളുള്ള ഈ രാഷ്ട്രീയ സാഹചര്യത്തിൽ വേർപിരിയുകയാണ് ഉചിതമെന്ന് കരുതുന്നു. അതുകൊണ്ടു തന്നെ വെൽഫെയർ പാർട്ടിയുമായി ചേർന്നുള്ള ഒരു രാഷ്ട്രീയ സഞ്ചാരം സാധ്യമല്ല എന്ന ബോധ്യത്തിൽ പാർട്ടിയോട് വിട പറയേണ്ടതുണ്ട് എന്ന രാഷ്ട്രീയ തീരുമാനത്തിൽ ഞാൻ എത്തിചേർന്നിരിക്കുന്നു. വെൽഫെയർ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റെല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും ഞാൻ രാജിവെക്കുന്നു.

പാർട്ടിയുടെ രൂപീകരണം മുതൽ ഈ അച്ചടക്ക നടപടി വരെയുളള ജീവിത ഘട്ടത്തെ ഈ അവസരത്തിൽ ഓർമ്മിക്കുകയാണ്.ഇനി നമുക്കൊരുമിച്ച് പ്രവർത്തിക്കാനാവാത്തത് വേദനാജനകമാണെങ്കിലും അതൊരു യാഥാർത്ഥ്യമാണ്. ഒരുമിച്ചുളള യാത്രയിൽ കൂടെ നിന്ന നിങ്ങൾക്കെല്ലാവർക്കും രാഷ്ട്രിയ സ്വപ്‌നങ്ങൾക്ക് നിറം പകർന്ന പ്രിയപ്പെട്ടവർക്കും ഈ അവസരത്തിൽ നന്ദി പറയുന്നു.

അഭിവാദ്യങ്ങളോടെ,
ശ്രീജ നെയ്യാറ്റിൻകര

 

Latest News