തിരുവനന്തപുരം- വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഹകരണം പരിഗണനയിലുണ്ടെന്ന് മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. വെല്‍ഫയര്‍ പാര്‍ട്ടിയുമായി പരസ്യമായി കൂട്ടുക്കെട്ടുണ്ടാക്കിയ അവര്‍ എന്നാണ് വര്‍ഗീയ പാര്‍ട്ടിയായി മാറിയത്. അതു പറയാന്‍ സിപിഐഎമ്മിന് എന്ത് അവകാശമാണ് ഉള്ളത്.കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പില്‍ സിപിഐഎം മുഴുവന്‍ ഇടങ്ങളിലും വെല്‍ഫയര്‍ പാര്‍ട്ടിയുമായും എസ്ഡിപിഐയുമായും തുറന്ന സഖ്യത്തിലാണുണ്ടായിരുന്നത്.
ഇത് തങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും കെപിഎ മജീദ് പറഞ്ഞു.സിപിഐഎമ്മിനെ പിന്തുണയ്ക്കുമ്പോള്‍ വെല്‍ഫയര്‍ പാര്‍ട്ടി മതേതരവും അല്ലാത്തപ്പോള്‍ അല്ലാതാവുന്നതും എങ്ങിനെയാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.
അതേസമയം വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യത്തിലാകുന്നതിനെ യൂത്ത്‌ലീഗ് എതിര്‍ത്തിരുന്നു. വെല്‍ഫയര്‍ പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടിയാണെന്നാണ് യൂത്ത്‌ലീഗിന്റെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് കെപിഎ മജീദ്.






