Sorry, you need to enable JavaScript to visit this website.

പ്രതികാരത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് വിവാദത്തില്‍

കൊല്‍ക്കത്ത- തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പ്രതികാരത്തിനുള്ള ബി.ജെ.പി നേതാവിന്റെ ആഹ്വാനം പശ്ചിമബംഗാളില്‍ രാഷ്ട്രീയ വിവാദത്തിനു കാരണമായി.

പാര്‍ട്ടി അധികാരത്തില്‍വന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പ്രതികാരം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന പശ്ചിമ ബംഗാള്‍ ബി.ജെ.പി നേതാവ് ദിലീപ് ഘോഷിന്റെ ഫേസ് ബുക്ക് പോസ്റ്റാണ് വിവാദമായത്.
2011 ല്‍ മമതാ ബാനര്‍ജി ഉയര്‍ത്തിയ ബോദ്‌ല നോയ്, ബൊദ്‌ലാ ചായ് (മാറ്റം, പ്രതികാരമല്ല) എന്ന മുദ്രാവാക്യം കടമെടുത്താണ് ബൊദ്‌ലാവോ ഹൊബേ, ബോദോലോ ഹൊബൈ (മാറ്റം, അതോടൊപ്പം പ്രതികാരം) എന്ന പോസ്റ്റര്‍ ദിലീപ് ഘോഷ് ഷെയര്‍ ചെയ്തത്.

സി.പി.എം പുറത്തായ 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് മമതാ ബാനര്‍ജി പ്രതികാരമുണ്ടാകില്ലെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചത്. 34 വര്‍ഷത്തെ സി.പി.എം ഭരണം അവസാനിക്കുന്നത് സംസ്ഥാനത്ത് വ്യാപകമായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വഴി തുറക്കുമെന്ന് ഭയപ്പെട്ടിരുന്നു.

പ്രതികാരമില്ലെന്നു പറഞ്ഞുകൊണ്ടാണ് ടി.എം.സി അധികാരത്തില്‍ വന്നതെങ്കിലും കഴിഞ്ഞ ഒമ്പതുവര്‍ഷമായി പ്രതിപക്ഷത്തിനെതിരെ പ്രതികാര രാഷ്ട്രീയമാണ് പയറ്റുന്നതെന്ന് സമൂഹ മാധ്യമങ്ങളിലെ തന്റെ പോസ്റ്റിനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ് പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നൂറിലേറെ ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഞങ്ങള്‍ അധികാരത്തിലേറിയാല്‍ ഈ സമൂഹ്യ വിരുദ്ധര്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കുമെതിരെ പ്രതികാര നടപടികള്‍ ഉണ്ടാകും. അല്ലെങ്കില്‍ ജനങ്ങള്‍ ഞങ്ങള്‍ക്ക് മാപ്പ് നല്‍കില്ല. അതേനാണയത്തില്‍ തിരിച്ചടി നല്‍കണമെന്നതാണ് ഞങ്ങളുടെ നയം- ദിലീപ് ഘോഷ് പറഞ്ഞു.
ബി.ജെ.പിയുടെ യഥാര്‍ഥ മനോനിലയാണ് ഇത്തരം പോസ്റ്റുകളിലൂടെ പ്രകടമാകുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. അക്രമത്തിന്റേയും പ്രതികാരത്തിന്റേയും ഭാഷ സംസാരിക്കാന്‍ ഗുണ്ടകള്‍ക്കും ബി.ജെ.പിക്കാര്‍ക്കും മാത്രമേ സാധിക്കൂ. പ്രതികാര രാഷ്ട്രീയത്തില്‍ ടി.എം.സി വിശ്വസിക്കുന്നില്ല- പാര്‍ട്ടി സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു.
പാര്‍ട്ടി പ്രസിഡന്റിന്റെ പരാമര്‍ശം ബി.ജെ.പിയിലും എല്ലാവരും അംഗീകരിക്കുന്നില്ല. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലുുള്ള സാധ്യത ഇത്തരം പ്രസ്താവനകള്‍ ഇല്ലാതാക്കുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. സമാധാനത്തിലും വികസനത്തിലുമാണ് ബി.ജെ.പി വിശ്വസിക്കുന്നതെന്നും അക്രമം പാര്‍ട്ടിയുടെ മാര്‍ഗമല്ലെന്നും ബി.ജെ.പി നേതാവ് മുകള്‍ റോയ് പറഞ്ഞു. തീപ്പൊരി പ്രസ്താവനകളിലൂടെ പലപ്പോഴും വിവാദം സൃഷ്ടിക്കാറുളള നേതാവാണ് ദിലീപ് ഘോഷ്.

 

Latest News