Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ എണ്ണ വില വീണ്ടും കൂട്ടി; രണ്ടാഴ്ച കൊണ്ട് എട്ട് രൂപയുടെ വര്‍ധന

ന്യൂദല്‍ഹി- ഇന്ത്യയില്‍ ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ പതിനഞ്ചാം ദിവസമാണ് ഇന്ധന വില ഉയരുന്നത്. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 57 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്.  കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് പെട്രോളിന് എട്ട് രൂപയും ഡീസലിന് എട്ട് രൂപ 43 പൈസയുമാണ് കൂടിയത്. ഒരു ലിറ്റര്‍ ഡീസലിന് 74 രൂപ 12 പൈസയും പെട്രോളിന് 79 രൂപ 44 പൈസയുമാണ് പുതിയ നിരക്ക്. ഇതോടെ പെട്രോള്‍ വില 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായി.


കോവിഡ് പശ്ചാത്തലത്തില്‍ 82 ദിവസത്തെ ഇടവേളക്കുശേഷം ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയര്‍ന്നു തുടങ്ങിയത്. ഇതിനിടയില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടും ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടിരുന്നു. വിവിധ രാജ്യങ്ങള്‍ ലോ ഡൗണ്‍ പിന്‍വലിച്ചതോടെ രാജ്യാന്തര തലത്തില്‍ എണ്ണവില വര്‍ധിക്കാനും തുടങ്ങി. ലോക്ക് ഡൗണ്‍ മൂലമുണ്ടായ വന്‍ നഷ്ടം നികത്താനായി വരും മാസങ്ങളിലും രാജ്യത്ത് എണ്ണവില  ഉയര്‍ത്താനാണ് സാധ്യത.

അടുത്ത ഒരു മാസത്തേക്ക് കൂടി എണ്ണ ഉല്‍പാദനം വെട്ടിച്ചുരുക്കാന്‍ എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യയും നേരത്തെ തീരുമാനിച്ചിരുന്നു. ജൂലൈ വരെ എണ്ണ ഉല്‍പാദനം കുറക്കുന്നത് തുടരുമെന്നാണ് ഒപെകും റഷ്യയും അറിയിച്ചത്.

 

Latest News