Sorry, you need to enable JavaScript to visit this website.

ബാബരി കേസില്‍ അദ്വാനിക്കും മറ്റും ഓണ്‍ലൈനില്‍ മൊഴി നല്‍കാം; ആയിരത്തോളം ചോദ്യങ്ങള്‍

ന്യൂദല്‍ഹി- ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബി.ജെ.പി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുന്നതിന് വിഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം ഏര്‍പ്പെടുത്താന്‍ പ്രത്യേക സി.ബി.ഐ കോടതി നിര്‍ദേശിച്ചു.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനാണ് (എന്‍.ഐ.സി) ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ആരുടെയൊക്കെ വീടുകളില്‍ വിഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന പട്ടികയും പ്രത്യേക ജഡ്ജി എസ്.കെ. യാദവ് ഉത്തരവിനോടൊപ്പം നല്‍കിയിട്ടുണ്ട്.

കോടതി ഉത്തരവ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനു കീഴില്‍ വരുന്ന എന്‍.ഐ.സിയിലേക്ക് അയക്കും. അദ്വാനിക്കു പുറമെ, ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് മുരളീ മനോഹര്‍ ജോഷി, മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിംഗ്, മഹന്ത് നൃത്യ ഗോപാല്‍ ദാസ്, ആചാര്യ ധര്‍മേന്ദ്ര ദേവ്, ആര്‍.എന്‍. ശ്രീവാസ്തവ, ജയ് ഭഗവാന്‍ ഗോയല്‍, അമര്‍നാഥ് ഗോയല്‍, സുധീര്‍ കാക്കഡ് എന്നീ പ്രതികളുടെ പേരുകളും പട്ടികയിലുണ്ട്.

സി.ആര്‍.പി.സി സെക്ഷന്‍ 313 പ്രകാരമാണ് പ്രതികള്‍ മൊഴി നല്‍കേണ്ടത്. ഓരോ പ്രതിയോടും ചോദിക്കേണ്ട ആയിരത്തോളം ചോദ്യങ്ങള്‍ കോടതി തയാറാക്കിയിട്ടുണ്ട്. അന്വേഷണ ഏജന്‍സിയായ സി.ബി.ഐ സമര്‍പ്പിച്ച തെളിവുകളെ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍ തയാറാക്കിയിട്ടുള്ളത്. പ്രതിക്കെതിരായ തെളിവുകളും വസ്തുതകളും ആദ്യം കോടതി അറിയിക്കും. ഇതിനുശേഷം തുടര്‍ന്ന് എന്താണ് മറുപടി നല്‍കാനുള്ളതെന്ന് ചോദിക്കുമെന്നും സി.ബി.ഐ അഭിഭാഷകന്‍ ലളിത് സിംഗ് പറഞ്ഞു. ഇതിനകം മൊഴി നല്‍കിയ 13 പ്രതികളോട് ആയിരത്തോളം ചോദ്യങ്ങളാണ് ചോദിച്ചതെന്നും ബാക്കിയുള്ള പ്രതികളോടും ഇതേ രീതിതന്നെ സ്വീകരിക്കാനാണ് സാധ്യതയെന്നും ലളിത് സിംഗ് പറഞ്ഞു. തങ്ങള്‍ കേസില്‍ ഉള്‍പ്പെടാനിടയായ സാഹചര്യം ഓരോരുത്തര്‍ക്കും വിശദീകരിക്കാം.

ഈ മാസം 30 നാണ് അദ്വാനി മൊഴി നല്‍കേണ്ടത്. ജോഷി ജലൈ ഒന്നിനും കല്യാണ്‍സിംഗ് ജൂലൈ രണ്ടിനും വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി മൊഴി നല്‍കണം.  ആര്‍.എന്‍. ശ്രീവാസ്തവ-ജൂണ്‍ 22, മഹന്ത് നൃത്യഗോപാല്‍ ദാസ്-ജൂണ്‍ 23, ജയ് ഭഗ് വാന്‍ ദാസ്-ജൂണ്‍ 24, അമര്‍നാഥ് ഗോയല്‍- ജൂണ്‍ 25, സുധീര്‍- ജൂണ്‍ 26, ആചാര്യ ധര്‍മേന്ദ്ര യാദവ് ജൂണ്‍-29 എന്നിങ്ങനെയാണ് മറ്റുള്ളവര്‍ക്കുളള തീയതി.

 

Latest News