കണ്ണൂർ- പൊട്ടൻ പ്ലാവിലെ വൈദികരുടെ പീഡന വിവരം പുറത്തു കൊണ്ടുവന്ന ആൾ അറസ്റ്റിൽ. പൊട്ടൻ പ്ലാവിലെ അമ്പാട്ട് പോളിനെ (55) യാണ് കുടിയാന്മല പോലീസ് അറസ്റ്റു ചെയ്തത്. പീഡനവിവരം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ പോളിനെതിരെ കഴിഞ്ഞാഴ്ച കേസെടുത്തിരുന്നു. ഒരു പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് നടപടി.
പൊട്ടൻ പ്ലാവ് ഇടവകയിലെ വികാരിമാരായ ഫാ.ജോസഫ് പൂത്തോട്ടാൽ, ഫാ.മാത്യു മുല്ലപ്പള്ളി എന്നിവർ ഈ ഇടവകയിലെ ഒരു വീട്ടമ്മയെ ലൈംഗികമായി ചൂഷണം ചെയ്ത വിവരം പുറത്തു കൊണ്ടുവന്നത് ഇയാളാണ്. വൈദികരുമായി നടത്തിയ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പീഢന വിവരം പുറത്തു വന്നതിന് പിന്നാലെ തലശ്ശേരി അതിരൂപത അധികൃതർ, ഈ രണ്ട് വൈദികരേയും അന്വേഷണ വിധേയമായി പൗരോഹിത്യവൃത്തിയിൽ നിന്നും പുറത്താക്കുകയും ഇടവകയിലെ അംഗങ്ങളോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
പീഢന വിവരം മാധ്യമങ്ങളിലൂടെ പുറത്തു വന്നതിന് പിന്നാലെയാണ് ഒരു പെൺകുട്ടിയുടെ പിതാവ് അമ്പാട്ട് പോളിനെതിരെ പരാതി നൽകിയത്.തന്റെ മകളുടെ പേര് അനാവശ്യമായി ഇതിലൂടെ പ്രചരിപ്പിച്ച് അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ഫോൺ സംഭാഷണത്തിൽ നിരവധി യുവതികളുടെ പേരുവിവരങ്ങൾ അടക്കം പരാമർശിക്കുന്നുണ്ട്.പീഢനത്തിനിരയായ വീട്ടമ്മയും ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.
അതിനിടെ, അമ്പാട്ട് പോളിനെ അറസ്റ്റു ചെയ്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്.തെറ്റ് ചെയ്തവർ സമൂഹത്തിൽ ഇറങ്ങി നടക്കുമ്പോൾ, തെറ്റ് ചെയ്തത് വിളിച്ചു പറഞ്ഞവർ എങ്ങിനെ കുറ്റക്കാരനാകും എന്നാണ് ചോദ്യം.






