Sorry, you need to enable JavaScript to visit this website.
Wednesday , September   30, 2020
Wednesday , September   30, 2020

സൗദിയിലെ തടവുകാർക്കിടയിൽ കൊറോണയില്ല

റിയാദ് - സൗദിയിലെ ജയിലുകളിൽ തടവുകാർക്കിടയിൽ ഇതുവരെ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജയിൽ വകുപ്പ് വക്താവ് ലെഫ്. കേണൽ ബന്ദർ അൽഖർമി പറഞ്ഞു. തടവുകാർക്കിടയിൽ കൊറോണ വ്യാപനം തടയാൻ ശക്തമായ മുൻകരുതൽ നടപടികളാണ് രാജ്യത്തെ മുഴുവൻ ജയിലുകളിലും നടപ്പാക്കുന്നത്. 
കൊറോണ വ്യാപനം തടയാൻ തടവുകാരെ ശക്തമായി ബോധവൽക്കരിക്കുന്നുണ്ട്. 
കൂടാതെ ജയിലുകളിൽ പ്രവേശിക്കുന്നതിനു മുമ്പായി ജയിൽ വകുപ്പ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പരിശോധിക്കുകയും മാസ്‌കുകളും മറ്റു വ്യക്തി സുരക്ഷാ സംവിധാനങ്ങളും ധരിക്കാൻ ജീവനക്കാരെ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്. ജയിലുകൾ തുടർച്ചയായി അണുവിമുക്തമാക്കുന്നുണ്ട്. ഇതിനു പുറമെ ജയിലുകളിൽ സന്ദർശനങ്ങൾ നിർത്തിവെച്ചിട്ടുമുണ്ട്. 


വീഡിയോ കോൺഫറൻസ് രീതിയിൽ തടവുകാരുടെ വിചാരണ നടത്താൻ നീതിന്യായ മന്ത്രാലയവുമായി സഹകരിച്ച് പദ്ധതി ആരംഭിച്ചിട്ടുണ്ട്. കുടുംബ സന്ദർശനങ്ങളും ഓൺലൈൻ രീതിയിലാക്കാൻ നീക്കമുണ്ട്. 
തടവുകാരും ബന്ധുക്കളും തമ്മിൽ വീഡിയോ കോൾ രീതിയിൽ ബന്ധപ്പെടാൻ സൗകര്യം ഒരുക്കുന്നതിനെ കുറിച്ച് ജയിൽ വകുപ്പ് പഠിച്ചുവരികയാണ്. വൈകാതെ ഈ സേവനം ആരംഭിക്കുമെന്നും ലെഫ്. കേണൽ ബന്ദർ അൽഖർമി പറഞ്ഞു.  

 

Latest News