കണ്ണൂർ- കോവിഡ് രോഗവ്യാപ്തി അവസാനിക്കുന്നതുവരെ കണ്ണൂർ അടച്ചിടാൻ തീരുമാനം. തുടർച്ചയായ മൂന്നാം ദിവസവും കണ്ണൂർ നഗരം പൂർണമായും അടഞ്ഞുകിടക്കുകയാണ്. ശക്തമായ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അതിനിടെ, കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച 14 കാരന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞു. കുട്ടിയുടെ പിതാവിന്റെയും സന്ദർശനം നടത്തിയ ഡോക്ടറുടെയും പരിശോധനാ ഫലമാണ് പുറത്തു വന്നത്. ഇവരിൽ ആരെങ്കിലും ഒരാളിൽ നിന്നാണ് രോഗം പകർന്നതെന്ന പ്രചാരണം ശക്തമായിരുന്നു. ഈ പരിശോധനാ ഫലം പുറത്തു വന്നതോടെ വലിയ ആശങ്ക ഒഴിയുകയാണ്. കോവിഡ് 19 രോഗികൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലയിൽ മൂന്ന് കോവിഡ് ആശുപത്രികൾകൂടി സജ്ജമാക്കുന്നു.
പരിയാരം ഗവ. ആയുർവേദ കോളേജ് ആശുപത്രി, തളിപ്പറമ്പ് കരിമ്പത്തെ പഴയ സഹകരണ ആശുപത്രി കെട്ടിടം, പാലയാട് ഡയറ്റ് ഹോസ്റ്റൽ എന്നിവയാണ് ദുരന്തനിവാരണ നിയമപ്രകാരം അടിയന്തരമായി ഏറ്റെടുത്ത് ആശുപത്രികളാക്കുക. ആവശ്യമായ സജ്ജീകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ കലക്ടർ ടി.വി സുഭാഷ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ലോക്ഡൗണിന്റെ ആദ്യ ഘട്ടത്തിലേതുപോലെ ശക്തമായ നടപടികൾ കൈക്കൊണ്ടാൽ മാത്രമേ രോഗവ്യാപനം തടയാനാവൂ എന്ന നിലപാടിലാണ് പോലീസ്. 144 പ്രഖ്യാപിച്ച് ജനങ്ങൾ വീട്ടിലിരുന്നാൽ മാത്രമേ സമ്പർക്ക സാധ്യത ഇല്ലാതാവൂ എന്നാണ് വിലയിരുത്തൽ. അതേ സമയം, ഇത്തരം കടുത്ത നടപടികൾ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ജില്ലാഭരണകൂടം കരുതുന്നു.