Sorry, you need to enable JavaScript to visit this website.

പ്രവാസി മടക്കത്തിന് തടസമില്ലാത്തവിധം സംവിധാനമൊരുക്കും- മന്ത്രി കെ.ടി. ജലീൽ

ജിദ്ദ- നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് തടസമില്ലാതെ നാട്ടിലെത്തുന്നതിനാവശ്യമായ സംവിധാനം ഒരുക്കുന്നതിനായുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്നും എല്ലാവരുടെയും സുരക്ഷയാണ് സർക്കാർ ലക്ഷ്യമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ വ്യക്തമാക്കി. കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കുള്ളവർക്കു മാത്രമേ കേരളത്തിലേക്കു പ്രവേശനം അനുവദിക്കൂ എന്ന നിബന്ധന നടപ്പാക്കുന്നത് അഞ്ചു ദിവസം കൂടി ദീർഘിപ്പിച്ചത് ടെസ്റ്റ് എങ്ങനെ പ്രായോഗികമായി നടപ്പാക്കാം എന്നാലോചിക്കുന്നതിനു വേണ്ടിയാണ്. സർക്കാർ നിർദേശിച്ച ട്രൂനാറ്റ് പരിശോധന ഇല്ലാത്തിടങ്ങളിൽ വിമാന കമ്പനികൾ വഴിയോ നയതന്ത്രാലയം വഴിയോ അതു നടപ്പാക്കുന്നതിനുള്ള നടപടികളാണ് സർക്കാർ പരിശോധിക്കുന്നത്. സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളിൽനിന്ന് ഇക്കാര്യത്തിൽ അനുകൂല പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. തങ്ങളുടെ വിമാനത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാരെ പരിശോധിക്കുന്നതിന് വിമാനകമ്പനികൾക്ക് അവകാശമുണ്ട്. അത് ഒരു രാജ്യത്തിന്റെയും കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട നിലവിലെ സംവിധാനങ്ങൾക്ക് എതിരാവില്ല. ഇക്കാര്യത്തിൽ വിമാന കമ്പനികളുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ  യാത്രാ തടസം ഉണ്ടാകുമെന്ന ആശങ്ക ആർക്കും വേണ്ടെന്ന് മന്ത്രി പറഞ്ഞു. ജിദ്ദ ഇന്ത്യൻ മീഡിയാ ഫോറം ഓൺലൈനിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

ജാഗ്രതയും, സൂക്ഷ്മതയും സുരക്ഷിതത്വവും ഒരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. പ്രയാസങ്ങൾ പ്രവാസ ലോകത്തു മാത്രമല്ല, ലോകത്തൊന്നാകെയും കേരളത്തിലുമുണ്ട്. കേരളത്തിൽ ജൂൺ 19 വരെ റിപ്പോർട്ട് ചെയ്ത 2794 കോവിഡ് കേസുകളിൽ 52 ശതമാനം വിദേശ രാജ്യങ്ങളിൽനിന്നു വന്നവർക്കാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് വരുന്നവരുടെയും നാട്ടിലുള്ളവരുടെയും സുരക്ഷ കണക്കിലെടുത്ത് സർക്കാർ ഇങ്ങനെ ഒരു നിബന്ധന വെച്ചതെന്നും അത് പ്രവാസികളെ ദ്രോഹിക്കാനല്ലെന്നും മന്ത്രി വിശദീകരിച്ചു. ഇതുവരെ ഒരു ലക്ഷത്തോളം പ്രവാസികൾ കേരളത്തിൽ മടങ്ങിയെത്തിയിട്ടുണ്ട്. അതിൽ ഹോട്ടലുകൾ ക്വാറന്റൈനായി തെരഞ്ഞെടുത്ത പരിമിതമായവരൊഴികെ ബാക്കിയുള്ളവരുടെ ക്വാറന്റൈനും ചികിത്സയുമെല്ലാം സർക്കാർ പൂർണമായും സൗജന്യമായാണ് നൽകുന്നത്.
എല്ലാ കാലവും പ്രവാസികൾക്കൊപ്പം നിന്നിട്ടുള്ള സർക്കാരാണിത്. ജനുവരി ഒന്നിനുശേഷം കേരളത്തിലെത്തിയ പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപയുടെ  ആനുകൂല്യത്തിന് 1,70,000 അപേക്ഷകളാണ ലഭിച്ചത്. ഇതിൽ അർഹരായ ഒരാളെയും സർക്കാർ തഴയില്ല. കഴിഞ്ഞ വർഷം നോർക്ക 24.25 കോടിയുടെ സഹായമാണ് പ്രവാസികൾക്ക് നൽകിയത്. 4102 പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് 1040 സംരംഭങ്ങൾ തുടങ്ങാൻ 53.40 കോടി രൂപയുടെ വായ്പ ലഭ്യമാക്കി. ഇതിൽ 15 കോടി രൂപ സർക്കാർ സബ്‌സിഡിയാണ്. നേർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസികൾ വിദേശത്തുവെച്ച് അപകടത്തിൽ മരിച്ചാൽ അവരുടെ കുടുംബങ്ങളുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപയും അംഗവൈകല്യം സംഭവിക്കുന്നവർക്ക് ഒരു ലക്ഷം രൂപയും നൽകുന്നുണ്ട്. ഈ ഇനത്തിൽ 60 ലക്ഷം രൂപ കൊടുത്തു. കൂടാതെ വിമാനത്താവളത്തിൽനിന്ന് സൗജന്യമായ ആംബുലൻസ് സേവനവും നൽകുന്നുണ്ടെന്നും 60 പേർക്ക് ഇതിന്റെ പ്രയോജനം കഴിഞ്ഞ വർഷം ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
കോവിഡ് ബാധിച്ച് നാട്ടിൽ മരിച്ചവർക്കാർക്കും സർക്കാർ വക നഷ്്ടപരിഹാര പ്രഖ്യാപനം ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടായാൽ വിദേശത്തുവെച്ച് കോവിഡ് ബാധിച്ച് മരിച്ചവരിൽ അർഹരായവർക്ക് സഹായം ലഭ്യമാക്കുന്ന കാര്യം പരിശോധിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. വന്ദേഭാരത് വിമാന സർവീസ് അനുവദിക്കുന്നതിൽ സൗദി അറേബ്യയോട് വിവേചനം കാണിക്കുന്നുവെന്ന പരാതി ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽകൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

 

Latest News