Sorry, you need to enable JavaScript to visit this website.

സംഘര്‍ഷം; മോഡിയേയും ഷിയെയും മയപ്പെടുത്താന്‍ റഷ്യ  

ന്യൂദല്‍ഹി-ഇന്ത്യ ചൈന സൈനിക സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് റഷ്യ ശക്തമായ ശ്രമം നടത്തുന്നതായി സൂചന. ഇതിനായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യമന്ത്രിയുമായ വാങ് യിയും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ആര്‍ഐസി വീഡിയോ കോണ്‍ഫറന്‍സ് നടത്തും.
റഷ്യയുടെ നയതന്ത്ര ആക്ടിവിസം ജൂണ്‍ 17 മുതലാണ് ആരംഭിച്ചത്. ഇന്ത്യചൈന അതിര്‍ത്തിയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സംഭവവികാസങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡി. ബാല വെങ്കിടേഷുമായി റഷ്യയുടെ ഉപ വിദേശകാര്യമന്ത്രി ഇഗോര്‍ മോര്‍ഗുലോവ് ചര്‍ച്ച നടത്തിയിരുന്നു.ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍ചൈനീസ് സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഈ കൂടിക്കാഴ്ച.
റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. എന്നാല്‍ ആഗോളതലത്തില്‍ റഷ്യയ്ക്ക് പല കാര്യങ്ങളിലും 'ഉയര്‍ന്ന സ്വാധീനം' ചെലുത്താന്‍ കഴിയുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു.
'ഇന്ത്യയും ചൈനയുമായുള്ള മികച്ച ബന്ധം യുറേഷ്യയുടെ ഉയര്‍ച്ചയുടെ കേന്ദ്രബിന്ദുവാണ്. മാത്രമല്ല, നിലവില്‍ ഏകമാനമുള്ള ലോകക്രമത്തിനു പകരമായി വിവിധ മാനങ്ങളുള്ള ലോകക്രമത്തിന്റെ ഉയര്‍ച്ചയാണത്' ചര്‍ച്ചകളെക്കുറിച്ചു വ്യക്തതയുള്ള ഒരു നയതന്ത്രജ്ഞന്‍ പറഞ്ഞു.
ഇന്ത്യ, പാകിസ്ഥാന്‍, റഷ്യ, ചൈന, മധ്യേഷ്യന്‍ റിപ്പബ്ലിക്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) കേന്ദ്രീകൃത സ്വഭാവത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ എസ്സിഒയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തും. കൂടാത ഇത് എസ്സിഒയെ മാത്രമല്ല ബ്രസീല്‍ റഷ്യ ഇന്ത്യ ചൈന,ദക്ഷിണാഫ്രിക്ക (ബ്രിക്‌സ്) ഗ്രൂപ്പിംഗിന് കീഴില്‍ വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളെയും ഇതു മോശമായി ബാധിക്കുമെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയും ചൈനയും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും പൂര്‍ണ്ണമായും പ്രാപ്തിയുള്ളതിനാല്‍, തിരശ്ശീലയ്ക്ക് പിന്നില്‍ ക്രിയാത്മകമായ ഒരു പങ്ക് വഹിക്കാന്‍ മാത്രമേ റഷ്യ ആഗ്രഹിക്കുന്നുള്ളൂവെന്ന് നയതന്ത്രജ്ഞന്‍ ചൂണ്ടിക്കാട്ടി.
ചൈന ഇന്ത്യ അതിര്‍ത്തിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വളരെ ഭയാനകമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ്
ബുധനാഴ്ച പറഞ്ഞിരുന്നു.റിക് ഉച്ചകോടിയില്‍നിന്ന് ഇന്ത്യയോ ചൈനയെ പിന്മാറുന്നത് മേഖലയിലെ സ്ഥിരതയെ ബാധിക്കും. ഇതൊഴിവാക്കാനാണ് റഷ്യ ഇടപെടുന്നതെന്നാണ് സൂചന. ഈ വര്‍ഷം അവസാനത്തോടെ എസ്സിഒ, ബ്രിക്‌സ് ഉച്ചകോടികളും റഷ്യയില്‍ നടക്കാനിരിക്കുകയാണ്.
 

Latest News