കൊച്ചി- ഇന്ത്യ ചൈന അതിർത്തിയിലെ സംഘർഷത്തെ കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന രാജ്യത്തെ വഞ്ചിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് വി.ഡി സതീശൻ എം.എൽ.എ. ഇന്ത്യൻ അതിർത്തിയിൽ ആരും നുഴഞ്ഞു കയറിയിട്ടില്ല എന്നും ഇന്ത്യയുടെ ഒരു പോസ്റ്റും മറ്റാരുടെയും അധീനതയിൽ ആയിട്ടില്ല എന്നുമുള്ള പ്രസ്താവന ചൈനയുടെ നിലപാടിനെ സാധൂകരിക്കുന്നതാണ്. വിദേശകാര്യ മന്ത്രാലയം എടുത്തിട്ടുള്ള നിലപാടിനെതിരെ പ്രധാനമന്ത്രി തന്നെ എടുത്ത ചൈനയ്ക്ക് അനുകൂലമായ നിലപാട് ഇന്ന് ചൈനയുടെ ഔദ്യോഗിക സംവിധാനം തന്നെ ഇന്ത്യക്കെതിരെ ഉപയോഗിക്കുകയാണ്. അങ്ങിനെയെങ്കിൽ ഇരുപത് സൈനികർ എവിടെ വച്ചാണ് ചൈനയുടെ പട്ടാളക്കാരാൽ വധിക്കപ്പെട്ടത്? സൈനികരുടെ അന്ത്യകർമ്മം തീരുന്നതിന് മുൻപ് അവരുടെ രക്തസാക്ഷിത്വത്തെ തള്ളി പറഞ്ഞിരിക്കുകയാണ്. ഗാൽവൻ താഴ് വര തങ്ങളുടെ പരമാധികാരമുള്ള പ്രദേശമാണ് എന്ന ചൈനയുടെ വാദത്തിന് പിന്തുണ നൽകുകയാണ് പ്രധാനമന്ത്രി ചെയ്തത്. ഈ പ്രസ്ഥാവനയിലൂടെ ചൈന കയ്യേറിയ സ്ഥലം ഇന്ത്യക്ക് നഷ്ടപ്പെടാനുള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇത് ഗുരുതരമാണ്.