ചൈന ഇന്ത്യന്‍ ഭൂപ്രദേശങ്ങളില്‍ കടന്നുകയറിയില്ലെങ്കില്‍ പട്ടാളക്കാര്‍ എങ്ങിനെ കൊല്ലപ്പെട്ടു: മോഡിയോട് രാഹുല്‍ഗാന്ധി

ന്യൂദല്‍ഹി- ചൈന ലഡാക്കില്‍ ഇന്ത്യന്‍ ഭൂപ്രദേശങ്ങളില്‍ കയറിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവനയെ ചോദ്യം ചെയ്ത് രാഹുല്‍ഗാന്ധി. അതിര്‍ത്തിയില്‍ ചൈന കടന്നുകയറിയിട്ടില്ലെങ്കില്‍ ഒരു പോസ്റ്റ്‌പോലും പിടിച്ചെടുത്തിട്ടില്ലെങ്കില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ എങ്ങിനെ കൊല്ലപ്പെട്ടുവെന്ന് രാഹുല്‍ഗാന്ധി ചോദിച്ചു. ഭൂമി ചൈനയുടേതാണെങ്കില്‍ നമ്മുടെ പട്ടാളക്കാര്‍ എന്തുകൊണ്ടാണ് കൊല്ലപ്പെട്ടത്. അവര്‍ എവിടെവെച്ചാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം ആരാഞ്ഞു.കടന്നുകയറിയ ചൈനയ്ക്ക് പ്രധാനമന്ത്രി ഇന്ത്യയുടെ ഭൂമി അടിയറവ് വെച്ചുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ഇന്നലെ നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ തങ്ങളുടെ പ്രദേശത്തിനകത്ത് ആരും കടന്നിട്ടില്ലെന്നും ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും മറ്റാരുടെയും കയ്യിലില്ലെന്നും മോഡി അറിയിച്ചിരുന്നു.പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് എതിരെ നിരവധി രാഷ്ട്രീയ നേതാക്കളാണ് ഇന്നലെ തന്നെ രംഗത്തെത്തിയത്. അവിടെ യാതൊരു സംഘര്‍ഷവുമില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇന്ത്യയുടെ ധീരരായ സൈനികര്‍ ജീവത്യാഗം ചെയ്തതെന്ന് സീതാറാം യെച്ചൂരി ചോദിച്ചു.
 

Latest News