ന്യൂദല്‍ഹി- കോവിഡ് വ്യാപനം തടയുന്നതിനായി ഹോം ഐസൊലേഷന്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ജനങ്ങള്‍ തിങ്ങിതാമസിക്കുന്ന പ്രദേശങ്ങളില്‍ രോഗം മറ്റു കുടുംബാംഗങ്ങളിലേക്കും അയല്‍ക്കാരിലേക്കും പടരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും ഹോം ക്വാറൈന്റൈനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു.
കോവിഡിന്റെ നേരിയ ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ പ്രത്യേക മുറിയും ടോയ്‌ലെറ്റ് സൗകര്യവും നല്‍കി വീട്ടുനിരീക്ഷണത്തിലാക്കണമെന്നാണ് നിര്‍ദേശം.
വീട്ടുനിരീക്ഷണം യഥാവിധി നടപ്പിലാക്കിയാല്‍ രോഗം തടയാന്‍ സാധിക്കുമെന്നും ആശുപത്രികളിലെ സമ്മര്‍ദം കുറയ്ക്കാന്‍ കഴിയുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. രോഗികളുടെ വര്‍ധന കാരണം ആശുപത്രികളില്‍ സൗകര്യം മതിയാകാതെ വന്ന സാഹചര്യത്തില്‍ കൂടിയാണ് ഹോം ക്വാറന്റൈനെ ആശ്രയിക്കാനുള്ള നിര്‍ദേശമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇന്ത്യയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് നാല് മാസം പിന്നിടുമ്പോള്‍ വൈറസ് ബാധിതരുടെ എണ്ണം 3.95 ലക്ഷത്തിലെത്തിയിരിക്കയാണ്. 12,900 ലേറെ പേരാണ് ഇതിനകം മരിച്ചത്.






